ad
Deshabhimani

"നൂറു ദിവസം കൊണ്ട് പ്രത്യേകിച്ച് ഒന്നും നടന്നില്ല"; മുണ്ടക്കെെ ദുരന്തബാധിതരോട് അവ​ഗണന

Wayanad Township 1.jpg

ടൗൺഷിപ്പിൽ നിർമാണം പൂർത്തിയാക്കിയ വീടുകൾ

വെബ് ഡെസ്ക്

Published on Aug 25, 2026, 12:00 PM | 2 min read

കൽപ്പറ്റ: യുഡിഎഫ് സർക്കാർ നൂറുദിവസം പിന്നിടുമ്പോൾ മുണ്ടക്കൈ- ചുരൽമല ദുരന്തബാധിതരോട് അവ​ഗണന. പദ്ധതി പ്രവർത്തനങ്ങളിലെല്ലാം മെല്ലെപ്പോക്കാണ്. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് മന്ത്രിയായിട്ടും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്.


നൂറു ദിവസം കൊണ്ട് പ്രത്യേകിച്ച് ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് അതിജീവിതരുടെ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ കൺവീനർ ജെഎംജെ മനോജ് പറഞ്ഞു. മുൻപ് നടന്നിരുന്ന പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും പ്രദേശത്ത് നടക്കുന്നില്ല. കൂടുതൽ ​ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് വാ​ഗ്ദാനം ചെയ്തിട്ടും നടപടിയില്ല. ലോണുകൾ എഴുതിത്തള്ളുന്നതിലും കാര്യക്ഷമമല്ല. വീട് നിർമാണവും വേ​ഗത്തിലല്ലെന്ന് അതിജീവിതർ പറയുന്നു.


ഭരണമാറ്റം ട‍ൗൺഷിപ്‌ പ്രവൃത്തിയെയും ബാധിച്ചു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ ഏകോപനം നഷ്ടമായി. എൽഡിഎഫ്‌ കാലത്ത്‌ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ രാത്രിയും പകലു-ം പ്രവൃത്തി നടന്നിരുന്നു. അധികാരം ഒഴിയുമ്പോൾ 410 വീടുകളിൽ 102ന്റെ പ്രധാന വാർപ്പായിരുന്നു ബാക്കിയുണ്ടായിരുന്നത്‌. 308 വീടിന്റെ വാർപ്പ്‌ പൂർത്തിയാക്കി.


യുഡിഎഫ്‌ അധികാരത്തിലെത്തിയശേഷം നാമമാത്രമായ വീടിന്റെ വാർപ്പ്‌ മാത്രമാണ്‌ കഴിഞ്ഞത്‌. നിലവിലെ ഗുണഭോക്തൃ പട്ടികപ്രകാരം 327 കുടുംബങ്ങളാണുള്ളത്‌. ഒന്നാംഘട്ടത്തിൽ വീട്‌ കൈമാറിയ 178 കുടുംബങ്ങൾക്ക്‌ പുറമെ 149 കുടുംബങ്ങൾക്കുകൂടി അടിയന്തരമായി വീട്‌ നൽകണം.


ഗുണഭോക്തൃപട്ടിയിൽ ഉൾപ്പെടുത്താനുള്ള അവസാനഘട്ട കുടുംബങ്ങളെ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളുമായി പ്രവൃത്തി നടത്തിയ ട‍ൗൺഷിപ്പിൽ ആയിരത്തോളം പേരാണിപ്പോൾ പ്രവൃത്തിക്കെത്തുന്നത്‌. എണ്ണം അഞ്ഞൂറായും ഇടക്കാലത്ത്‌ താഴ്‌ന്നു.

സിഒഒ ഇല്ലാതെ ഒരുമാസം


​യുഡിഎഫ്‌ സർക്കാർ നടത്തിയ ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലൂടെ ട‍ൗൺഷിപ് പദ്ധതിക്ക്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനായ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) ഇല്ലാതെയായി. സിഒഒയായി മുഴുവൻ സമയം ട‍ൗൺഷിപ് കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ച ഡോ. ജെ ഒ അരുണിനെ സർവേ–ഭൂരേഖാ, ജലഗതാഗത വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. ജൂൺ ഒമ്പതുമുതൽ തസ്‌തിക അനാഥമായി. പ്രവൃത്തിയുടെ ഏകോപനത്തിന് ഉദ്യോഗസ്ഥനില്ലാതെയായി. പ്രതിഷേധം ഉയർന്നതോടെ ജ‍‍ൂലൈ നാലിനാണ്‌ പുതിയ ഉദ്യോഗസ്ഥന്‌ ചുമതല നൽകിയത്‌. സ്‌പെഷ്യൽ ഓഫീസറായിരുന്ന എസ് സുഹാസിനെ ജലവിഭവം സ്‌പെഷ്യൽ സെക്രട്ടറിയായും മാറ്റിനിയമിച്ചു. ഡോ. ജെ ഒ അരുണിന്‌ സ്‌പെഷ്യൽ ഓഫീസറുടെ അധികചുമതലയാണ്‌.

കിഫ്‌കോൺ ഉദ്യോഗസ്ഥരെ പിൻവലിച്ചു


​ട‍ൗൺഷിപ്പിന്റെ നിർണായക ഉത്തവാദിത്തങ്ങൾ വഹിച്ച കിഫ്‌ബിയുടെ ഉദ്യോഗസ്ഥരെ പിൻവലിച്ചും പ്രവൃത്തി അനിശ്ചിതത്വത്തിലാക്കി. സുപ്രധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ്‌ സർക്കാർ പിൻവലിച്ചത്‌. ‘ദേശാഭിമാനി’ സംഭവം പുറത്തെത്തിച്ചതോടെ ഇവരെ പുനർനിയമിക്കേണ്ടിവന്നു. നിർമാണത്തിന്റെ ഏകോപനം നടത്തിയ കിഫ-്‌ബിയുടെ സാങ്കേതികവിഭാഗമായ കിഫ്‌കോണിന്റെ പ്രോജക്ട്‌ മേധാവി, കെട്ടിട വിഭാഗം പ്രോജക്ട്‌ എൻജിനിയർ, റോഡ്‌ വിഭാഗം പ്രോജക്ട്‌ എൻജിനിയർ, കെട്ടിടവിഭാഗം അസി. പ്രോജക്ട്‌ എൻജിനിയർ എന്നിവരെയാണ്‌ പിൻവലിച്ചത്‌.


എൽഡിഎഫ്‌ സർക്കാർ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയുമായി ഉണ്ടാക്കിയ ഇപിസി കരാർ പ്രകാരം 410 വീടും പൊതുകെട്ടിടങ്ങളും അനുബന്ധ സ‍ൗകര്യങ്ങളുമാണ്‌ ട‍ൗൺഷിപ്പിൽ ഉയരേണ്ടത്‌. 178 വീട്‌ താമസത്തിന്‌ കൈമാറി. 149 വീടാണ്‌ കൈമാറാൻ ബാക്കിയുള്ളത്‌. 83 വീടുകളുടെ ഗുണഭോക്താക്കളെ പട്ടികയിൽ ഉൾപ്പെടുത്താനുമുണ്ട്‌. ഇതിനുള്ള നടപടികളാണ്‌ വൈകിപ്പിക്കുന്നത്‌.


ഇട്ട കല്ലും ഉപേക്ഷിച്ച്‌ കോൺഗ്രസ്‌


ദുരന്തബാധിതർക്കെന്ന പേരിൽ കോടികൾ പിരിച്ചിട്ട് പദ്ധതി തന്നെ ഉപേക്ഷിച്ചമട്ടിലാണ് കോൺഗ്രസ്‌. മേപ്പാടി കുന്നന്പറ്റയിൽ കാട്ടാനത്തോട്ടത്തിൽ ഭൂമി വാങ്ങിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. നിർമിക്കുമെന്ന്‌ പ്രഖ്യാപിച്ച വീടിനെന്ന പേരിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ഇട്ട ശിലാഫലകം ഉപേക്ഷിച്ച നിലയിലാണ്.


congress houseവീട് നിർമിക്കുമെന്ന് പ്രഖ്യാപിച്ച് രാഹുൽ​ഗാന്ധി സ്ഥാപിച്ച ശിലാഫലകം ഉപേക്ഷിക്കപ്പെട്ടനിലയിൽ


ദുരന്തബാധിതർക്ക്‌ 230 വീട്‌ വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ പിരിച്ച്‌ ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ്‌ കല്ലിട്ടത്‌. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും 100 വീട്‌ വീതം പ്രഖ്യാപിച്ചു. യ‍ൂത്ത്‌ കോൺഗ്രസ്‌ 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പിരിവ്‌. പുരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രാഹുലും പ്രിയങ്കയും തുക നൽകിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home