നീറ്റ് പരീക്ഷ: ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽവേണം; കേന്ദ്രമന്ത്രിക്ക് സ്‌പീക്കർ കത്തയച്ചു

A N Shamseer
തിരുവനന്തപുരം: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ, ക്രമക്കേടുകൾ ആരോപിച്ച് റദ്ദാക്കിയ സാഹചര്യത്തിൽ പുനഃപരീക്ഷയുടെ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ നീറ്റ് യുജി പരീക്ഷയുടെ പുനഃസംഘാടനം വേഗത്തിലും സുഗമമായും നടത്താൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് കൈമാറി. റദ്ദാക്കിയ പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) തീരുമാനിച്ചെങ്കിലും പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പരീക്ഷയ്ക്ക് മുന്നോടിയായി പ്രചരിച്ച 'സാധ്യതാ ചോദ്യപേപ്പറിലെ' ഭൂരിഭാഗം ചോദ്യങ്ങളും യഥാർഥ പരീക്ഷയിലേതാണെന്ന് വ്യക്തമായതോടെയാണ് നടപടി കർശനമാക്കിയത്. ആകെയുള്ള 180 ചോദ്യങ്ങളിൽ 150 എണ്ണവും ചോർന്നതായാണ് പ്രാഥമിക വിവരം. ഇതിൽ കെമിസ്ട്രി വിഭാഗത്തിലെ 120ഓളം ചോദ്യങ്ങൾ അതേപടി പുറത്തുവന്നു. 720ൽ 600 മാർക്കിന്റെ ചോദ്യങ്ങളും ചോർന്നത് പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ ബാധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സിക്കർ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നായി 13 പേരെ രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.










0 comments