print edition ഒന്നരവയസ്സുകാരന്റെ കൊല: കരുതിക്കൂട്ടി ചെയ്തതെന്ന് പ്രതികൾ

നെടുമങ്ങാട്: കൈകാലുകളിൽ പൊള്ളലേൽപ്പിച്ചശേഷം വായ പൊത്തിപ്പിടിക്കുക, തലയ്ക്കുപിന്നിൽ അടിച്ച് ബോധംകെടുത്തുക, ജനനേന്ദ്രിയത്തിൽ മുറിവുകളുണ്ടാക്കുക, നെഞ്ചിൽ ഇടിച്ച് ശ്വാസതടസ്സം ഉണ്ടാക്കുക, വായും മൂക്കും പൊത്തിപ്പിടിക്കുക, ബക്കറ്റിൽ വെള്ളം നിറച്ചശേഷം ബാത്ത്റൂമിൽ കളിക്കാൻ വിടുക, കടുത്ത പനിയിലും ചികിത്സ ലഭ്യമാക്കാതിരിക്കുക...
പനവൂരിൽ രണ്ടാനച്ഛൻ അഷ്കറിന്റെ മർദനത്തിനിരയായി കൊല്ലപ്പെട്ട ഒന്നരവയസ്സുകാരൻ അർഷാദ് അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത.
കുഞ്ഞ് മരിച്ച ദിവസവും ഇതിനുള്ള ശ്രമമാണ് നടത്തിയതെന്ന് അഷ്കർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. നിരന്തരം ആക്രമിച്ച് കുഞ്ഞിനെ കൊല്ലുകയായിരുന്നു ലക്ഷ്യം. അമ്മ അഖിലയുടെ സമ്മതത്തോടെയാണ് ഇതെല്ലാം ചെയ്തതെന്നും അഷ്കർ മൊഴി നൽകി. അഷ്കറിന്റെ വാദം അഖില നിഷേധിച്ചതുമില്ല. അഷ്കറുമായുള്ള ജീവിതത്തിന് കുഞ്ഞ് ബാധ്യതയായി മാറിയതാണ് കാരണം.
മൂന്ന് മാസംമുമ്പാണ് ഇത്തരത്തിൽ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. കുഞ്ഞിന് സൈക്കിൾ വാങ്ങിക്കൊടുത്തത് ഈ ലക്ഷ്യംകൂടി കണക്കിലെടുത്താണെന്നും മൊഴിയിൽ പറയുന്നു. അപകടകരമാംവിധം സൈക്കിളോടിക്കാനുള്ള സംവിധാനം ഇരുവരും ചേർന്ന് പലവട്ടം ഒരുക്കി.
വാടകവീടിനുസമീപത്തെ ഉയരത്തിൽനിന്ന് വീഴാൻപാകത്തിൽ കുഞ്ഞിനെ സൈക്കിളിൽ കയറ്റി പലവട്ടം ഓടിച്ചുവിട്ടു. നിരവധി തവണ വീണെങ്കിലും ഒരുവട്ടം കൈകൾ ഒടിഞ്ഞതൊഴിച്ചാൽ കാര്യമായ പരിക്ക് സംഭവിച്ചില്ല. കൈകൾ ഒടിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാതെ രണ്ടാഴ്ചയോളം വീട്ടിൽ അടച്ചിട്ടു.
റിമാൻഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലിലാണ് ഇൗ വിവരങ്ങൾ പുറത്തുവന്നത്.
നെഞ്ചിനേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 91 മുറിവുകൾ കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്നു. പിൻകഴുത്തിലും ഇരുകൈകളിലും പൊട്ടലുണ്ടായിരുന്നു. കാലിലും കൈകളിലും പൊള്ളലേൽപ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ശനിയാഴ്ച അഖിലയെ വാടകവീട്ടിലെത്തിച്ച് തെളിവെടുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ജനരോഷം ഭയന്ന് മാറ്റി.










0 comments