ad
Deshabhimani

print edition എൻഡിഎ വോട്ടുകൾ കുത്തനെ കുറഞ്ഞു

BJP Lost
avatar
വൈഷ്‌ണവ്‌ ബാബു

Published on May 06, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വോട്ടുവിഹിതത്തിലും വോട്ടിലും വൻ ഇടിവ്‌. ട്വന്റി 20യും ബിജെപിയും വേറിട്ട്‌ മത്സരിച്ച 2021ൽ ഇരുപാർടികളുംചേർന്ന്‌ നേടിയതിന്റെ പകുതിപോലും പലയിടങ്ങളിലും ഇത്തവണ എൻഡിഎയ്ക്ക്‌ കിട്ടിയില്ല. എൽഡിഎഫിൽനിന്ന്‌ യുഡിഎഫ്‌ പിടിച്ചെടുത്ത ചില മണ്ഡലങ്ങളിലാണ്‌ കാര്യമായ കുറവ്‌. തൃക്കരിപ്പൂർ, കോങ്ങാട്‌, ചിറ്റൂർ, തൃത്താല, ഇരിങ്ങാലക്കുട, കുന്നത്തുനാട്‌, വൈപ്പിൻ, പത്തനാപുരം എന്നിവിടങ്ങളിൽ ഇത്‌ വ്യക്തമാണ്‌.


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ബിജെപിക്ക്‌ 16.68 ശതമാനം വോട്ടാണ്‌ ലഭിച്ചത്. ഇത്തവണ 11.42 ശതമാനമായി ചുരുങ്ങി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ അന്തിമ റിപ്പോർട്ട്‌ ലഭ്യമായാൽ വോട്ടുചോർച്ച കൂടുതൽ വ്യക്തമാകും. 2021ൽ വൈപ്പിനിൽ ട്വന്റി- 20ക്ക്‌ 16,707ഉം ബിജെപിക്ക്‌ 13,540ഉം വോട്ടുണ്ടായിരുന്നു. ഇക്കുറി മുന്നണിയായപ്പോൾ അത്‌ 13,637 വോട്ടുമാത്രം. ഇവിടെ യുഡിഎഫ-ിന്‌ 20,455 വോട്ട്‌ വർധിച്ചു. കുന്നത്തുനാട്ടിൽ 2021ൽ ട്വന്റി20ക്ക്‌ 42,701ഉം ബിജെപിക്ക്‌ 7218ഉം വോട്ടുണ്ടായിരുന്നു. ഇത്തവണ എൻഡിഎയ്‌ക്ക്‌ ലഭിച്ചത്‌ 40,221 വോട്ടാണ്‌. 9,698 വോട്ട്‌ കുറഞ്ഞു. തൃക്കാക്കരയിൽ 7956 വോട്ട്‌ കുറഞ്ഞു. പെരുമ്പാവൂരിൽ 2021ൽ ട്വന്റി20ക്ക്‌ 20,536 ഉം ബിജെപിക്ക്‌ 15,135 ഉം വോട്ട്‌ ലഭിച്ചിരുന്നു. ഇത്തവണ 22,497 ആയി ചുരുങ്ങി. മൂവാറ്റുപുഴയിൽ ട്വന്റി20ക്ക്‌ 13,535 ഉം ബിജെപിക്ക്‌ 7527 ഉം വോട്ടും ലഭിച്ചിരുന്നു. ഇത്തവണ 9840 വോട്ടുമാത്രമാണ്‌ എൻഡിഎ സ്ഥാനാർഥിക്ക്‌ ലഭിച്ചത്‌.


യുഡിഎഫ്‌ 4431 വോട്ടിന്‌ ജയിച്ച തൃക്കരിപ്പൂരിൽ 2021നേക്കാൾ എൻഡിഎക്ക്‌ 3124 വോട്ട്‌ കുറഞ്ഞു. പത്തനാപുരത്ത്‌ 12,398 വോട്ട്‌ ഇത്തവണ 7031 ആയി. ചവറയിൽ 3,199 വോട്ടും കുറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കണക്കുമായി താരതമ്യംചെയ്‌താൽ തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങളിലും എൻഡിഎ വോട്ടുകൾ അപ്രത്യക്ഷമായി. തൃത്താലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 26,162 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ കിട്ടിയത്‌ 15,501 വോട്ടാണ്‌. കോങ്ങാട്‌ 34,606ൽനിന്ന്‌ 24,925 വോട്ടായി. ചിറ്റൂരിൽ 24,157 വോട്ടുണ്ടായത്‌ 14,697 ആയി. സംസ്ഥാനത്ത്‌ പലയിടത്തും എൻഡിഎ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫ് സ്ഥാനാർഥികൾക്ക്‌ കൈമാറിയതായി കാണാം. തിരിച്ചുസഹായിച്ച ചില മണ്ഡലങ്ങളുണ്ട്‌. ചാത്തന്നൂർ, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ബിജെപി വിജയം കോൺഗ്രസിന്റെ കൈപിടിച്ചാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home