ad
Deshabhimani

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; എയിംസ് പരിഗണനയിലില്ലെന്ന് ലോക്സഭയിൽ മറുപടി

insurance bill passed in Parliament Winter Session
വെബ് ഡെസ്ക്

Published on Mar 28, 2026, 08:43 AM | 1 min read

ന്യൂഡൽഹി: കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും മലക്കംമറിഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കുന്നത് നിലവിൽ കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.


കോഴിക്കോട് കിനാലൂരിൽ എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി നടപടികൾ വേഗത്തിലാക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തിരിച്ചടി. രാജ്യത്തെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിച്ചിട്ടും കേരളത്തെ മാത്രം ഒഴിവാക്കുന്നത് എന്തിനാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ കോടതിയിൽ മറുപടി നൽകാൻ കേന്ദ്രം വീണ്ടും സാവകാശം തേടിയിരിക്കുകയാണ്.


സാമ്പത്തിക വർഷാവസാനമായതിനാൽ ധനമന്ത്രാലയത്തിൽ നിന്ന് വിശദീകരണം ലഭിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം സമയം നീട്ടി ചോദിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ, കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.


22 സംസ്ഥാനങ്ങൾക്ക് എയിംസ് നൽകിയപ്പോൾ കേരളത്തിന് മാത്രം എന്തുകൊണ്ട് നൽകുന്നില്ലെന്നും ഇതിനായി സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്നും വ്യക്തമാക്കാൻ കോടതി നിർദ്ദേശിച്ചു. സംസ്ഥാനം നിർദ്ദേശിച്ച കിനാലൂരിലെ ഭൂമി എയിംസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ പഠനസംഘത്തെ അയക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.


എന്നാൽ ഇതുവരെയും അത്തരമൊരു പരിശോധനയ്ക്ക് കേന്ദ്രം തയ്യാറായിട്ടില്ല. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ അടുത്ത ഘട്ടത്തിൽ മാത്രമേ കേരളത്തിന്റെ കാര്യം പരിഗണിക്കൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ മുൻനിർത്തി കേന്ദ്രം മനപ്പൂർവ്വം തീരുമാനം വൈകിപ്പിക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു.


കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാന സർക്കാർ തുക വകയിരുത്തുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടും കേന്ദ്രം കാണിക്കുന്ന ഈ വിമുഖത കേരളത്തോടുള്ള കടുത്ത അവഗണനയാണെന്ന് വിമർശനമുണ്ട്. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഏപ്രിൽ 10 വരെയാണ് കോടതി കേന്ദ്രത്തിന് സമയം നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home