print edition ജൂലി, നഷ്ടമായത് നാടിന്റെ കായികപ്രതിഭ

ജൂലി ഇഗ്നേഷ്യസ്

സ്വന്തം ലേഖകൻ
Published on Mar 21, 2026, 01:08 AM | 1 min read
കാട്ടാക്കട : ജൂലിയുടെ വേർപാടിൽ നഷ്ടമായത് ഒരു നാടിന്റെയാകെ പ്രതീക്ഷകൾ. ഒരുപക്ഷേ, കാട്ടാക്കടയിലെ കൊറ്റക്കുഴി ഗ്രാമം ഭാവിയിൽ അറിയപ്പെടേണ്ടിയിരുന്നത് ജൂലിയുടെ ജന്മനാട് എന്ന പേരിലായിരുന്നു. പിരപ്പൻകോട് വാഹനാപകടത്തിൽ മരിച്ച കൊറ്റക്കുഴി എസ് ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് നാടിന്റെ ഭാവി വാഗ്‌ദാനമായിരുന്നു.
അഞ്ചാം ക്ലാസ് വരെ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലും തുടർന്ന് കുളത്തുമ്മൽ ഗവ. എച്ച്എസ്‌എസിലുമായിരുന്നു വിദ്യാഭ്യാസം. സ്കൂൾ കാലം മുതൽതന്നെ കായികരംഗത്ത് പ്രതിഭ തെളിയിച്ചു, ഒപ്പം പഠനത്തിലും. ഒമ്പതാം ക്ലാസ് മുതൽ കബഡിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ദേശീയ താരമായി വളർന്നു. കായിക മത്സരങ്ങളിലെ മികവ് പരിഗണിച്ചാണ് ജൂലിക്ക് പിരപ്പൻകോട് ഡോ. അംബേദ്കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിലെ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ ജൂലി യൂണിവേഴ്സിറ്റി ടീമംഗമായിരുന്നു. അച്ഛൻ ഇഗ്നേഷ്യസ് പ്രവാസിയാണ്. അമ്മ ശുഭറാണി. സഹോദരൻ സാം ഇഗ്നേഷ്യസ് പവർ ലിഫ്റ്റിങ് താരമാണ്. സംസ്കാരം കട്ടയ്ക്കോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടന്നു.










0 comments