ad
Deshabhimani

ദേശീയപാതയുടെ സംരക്ഷണഭിത്തിയും സർവീസ് റോഡും തകർന്ന സംഭവം: കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും

kollam national highway collapse.jpg

കൊട്ടിയം മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാ​ഗം ഇടിഞ്ഞുതാഴ്ന്ന നിലയിൽ‌|ഫോട്ടോ: എം എസ് ശ്രീധർലാൽ

വെബ് ഡെസ്ക്

Published on Dec 06, 2025, 07:56 AM | 1 min read

കൊല്ലം: നിർമാണത്തിലിരുന്ന ദേശീയപാത 66 ആറുവരിപ്പാതയിൽ കൊട്ടിയം മൈലക്കാട് എലിവേറ്റഡ് പാതയുടെ സംരക്ഷണഭിത്തി തകർന്ന സംഭവത്തിൽ കലക്ടർ എൻ ദേവിദാസിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശിച്ചത്.


കാവനാട് കടമ്പാട്ടുകോണം റീച്ചിൽ വെള്ളി വൈകിട്ട്‌ 3.30നാണ്‌ അപകടം. അപകടം നടക്കുമ്പോൾ സർവീസ് റോഡിലൂടെ സ്വകാര്യ സ്കൂൾ ബസും മൂന്നുകാറും കടന്നുപോകുന്നുണ്ടായിരുന്നു. സർവീസ് റോഡിലുണ്ടായ വലിയ വിള്ളലിൽ വാഹനങ്ങൾ കുടുങ്ങി. സ്കൂൾ ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥികളെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന്‌ രക്ഷപ്പെടുത്തി. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് റോ‌‌ഡും തൊട്ടുചേർന്നുള്ള ഉയരപ്പാതയുടെ റീ ഇൻഫോഴ്സ്ഡ് വാളുമാണ് തകർന്നത്.


ഉയരപ്പാത 30 ഡിഗ്രിയോളം ഉള്ളിലേക്ക് ചരിഞ്ഞു. രണ്ടടി വരെ വീതിയിലാണ് വിള്ളലുകൾ. സർവീസ് റോഡിനും ഓടയ്ക്കും ഇടയിലും വിള്ളലുണ്ടായി​. തിരുവനന്തപുരത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. ശിവാലയ കൺസ്ട്രക്‌ഷൻസിനാണ് റീച്ചിന്റെ നിർമാണക്കരാർ. അപകടമുണ്ടായ ദേശീയപാതയുടെ സമീപം വയലാണ്. അടിഭാഗത്തെ മണ്ണ് വയലിലേക്കു നീങ്ങിയതാകാം തകർച്ചയുടെ കാരണമെന്നു കരുതുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home