രാജിഭീഷണി മുഴക്കി മുഖ്യമന്ത്രി എൻ രങ്കസ്വാമി: പുതുച്ചേരിയിൽ ലെഫ്. ഗവർണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടുന്നു

N RANGASWAMY
പുതുച്ചേരി
ആരോഗ്യവകുപ്പ് ഡയറക്ടറെ നിയമിക്കുന്നതിനെച്ചൊല്ലിയുള്ള ഭിന്നത പുതുച്ചേരി ലെഫ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു. ഡയറക്ടർ തസ്‌തികയിലേക്ക് സർക്കാർ നിർദേശിച്ച ഡോക്ടറെ ലെഫ്. ഗവർണർ കൈലാസനാഥൻ വെട്ടിയതാണ് മുഖ്യമന്ത്രി എൻ രങ്കസ്വാമിയെ ചൊടിപ്പിച്ചത്. എൻആർ കോൺഗ്രസ്–-ബിജെപി സഖ്യ സർക്കാരാണ് പുതുച്ചേരി ഭരിക്കുന്നത്. മുഖ്യമന്ത്രി രാജിഭീഷണിയും ഉയർത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തനായ കൈലാസനാഥൻ മലയാളിയാണ്.
സ്വന്തം വകുപ്പിൽ ഡയറക്ടറെ നിയമിക്കാൻപോലും അധികാരമില്ലേ എന്ന് ചോദിച്ച് രങ്കസ്വാമി നിയമസഭാ മന്ദിരത്തിൽനിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു. എൻആർ കോൺഗ്രസ് മന്ത്രിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിൽ യോഗവും ചേർന്നു. പുതുച്ചേരിയുടെ സംസ്ഥാന പദവി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കാനും തീരുമാനിച്ചു.
രങ്കസ്വാമിയുടെ രാജിഭീഷണിയിൽ വെട്ടിലായ ബിജെപി നേതൃത്വം അനുനയനീക്കവുമായി രംഗത്തുണ്ട്. ആഭ്യന്തരമന്ത്രി എ നമശിവായവും സ്‌പീക്കർ ഏമ്പലം സെൽവവും വീട്ടിലെത്തി മുഖ്യമന്ത്രിയുമായി ചർച്ചനടത്തി. പിന്നാലെ, ലെഫ്. ഗവർണറെയും സന്ദർശിച്ചു.
ഭരണ, രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഡൽഹിയിൽനിന്നുള്ള ബിജെപി സംഘം അടുത്ത ദിവസം പുതുച്ചേരിയിലെത്തും.
ഡയറക്ടറുടെ ഒഴിവിൽ ഡോ. ആനന്ദലക്ഷ്‌മിയെ നിയമിക്കാനാണ് സർക്കാർ ശുപാർശ ചെയ്‌തത്. ഇത് പരിഗണിക്കാതെ, ഇന്ദിരാഗാന്ധി ആശുപത്രി സൂപ്രണ്ട് എസ് സെവേലിനെ ലെഫ്. ഗവർണർ നിയമിച്ചതാണ് പൊട്ടിത്തെറിക്കിടയാക്കിയത്. രാജിഭീഷണിയിലൂടെ ലെഫ്. ഗവർണറെയും ബിജെപിയെയും സമ്മർദത്തിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.










0 comments