ad
Deshabhimani

വാ​ഗമണിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് എം വി ഗോവിന്ദൻ

mvg at idukki camp

വാഗമൺ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവിടുള്ളവർക്ക് അവശ്യസാധനങ്ങൾ കൈമാറുന്നു.

വെബ് ഡെസ്ക്

Published on Aug 05, 2026, 06:14 PM | 1 min read

ഇടുക്കി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ പാർപ്പിച്ച വാഗമൺ ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ക്യാമ്പിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ഗുരുതരമാണെന്നും വിഷയം സർക്കാർ കൈകാര്യം ചെയ്തത് വളരെ ലാഘവത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.


ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ച എം വി ഗോവിന്ദൻ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. സൗകര്യങ്ങൾ ഒരുക്കുന്നതിലും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. പലയിടത്തും ഭക്ഷണവും വെള്ളവും പോലും ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിട്ടുണ്ട്.


വീടുകളിൽനിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നവരെ ക്യാമ്പുകളിലെത്തിച്ചാൽ മാത്രം സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും സുരക്ഷിതമായ താമസവും ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സിപിഐ എം നേതൃത്വത്തിൽ ക്യാമ്പിലുള്ളവർക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ദുരിതബാധിതർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ പാർടി പ്രവർത്തകർ തുടർന്നും രംഗത്തുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപക നാശവും റിപ്പോർട്ട് ചെയ്തിരുന്നു. വീടുകൾക്കും റോഡുകൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും കേടുപാടുണ്ടായി. മലയോര മേഖലകളിൽനിന്ന് അപകടസാധ്യതയുള്ള കുടുംബങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home