ഉക്രയ്ൻ പ്രതിരോധ സംവിധാനം പാളുന്നു; സഖ്യരാജ്യങ്ങൾക്കെതിരെ തുറന്നടിച്ച് സെലൻസ്കി

കീവ് : റഷ്യയുമായുള്ള യുദ്ധം കനക്കുമ്പോൾ സഖ്യരാജ്യങ്ങൾക്കെതിരെ തിരിഞ്ഞ് ഉക്രെയ്ൻ. കഴിഞ്ഞ ദിവസം റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു. പ്രത്യാക്രമണപരമായി ഉക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. എന്നാൽ ഈ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതിരുന്നതിനാലാണ് ഉക്രെയ്ൻ സഖ്യരാജ്യങ്ങൾക്കെതിരെ തിരിഞ്ഞത്.
റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതിരുന്നത് സഖ്യരാഷ്ട്രങ്ങൾ ആവശ്യമായ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ നൽകാത്തത് കൊണ്ടാണെന്നാണ് ഉക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറയുന്നത്. അമേരിക്കയുടെയും നാറ്റോയുടെയും പിൻബലത്തിലാണ് റഷ്യക്കെതിരെ ഉക്രെയ്ൻ ആക്രമണം തുടരുന്നത്.
ഉക്രെയ്ന് ആഭ്യന്തരമായി പേട്രിയറ്റ് മിസൈൽ ഇന്റർസെപ്റ്ററുകൾ നിർമ്മിക്കാനുള്ള ലൈസൻസ് നൽകുമെന്ന വാഗ്ദാനത്തിൽ നിന്ന് കഴിഞ്ഞയാഴ്ച അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാനെതിരെ നടത്തുന്ന യുദ്ധത്തെ തുടർന്ന് അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവു വന്നതോടെയാണ് ഉക്രെയ്നെ കൈയൊഴിയാൻ തീരുമാനിച്ചത്. ചുരുക്കത്തിൽ പശ്ചിമേഷ്യയിൽ കടന്നാക്രമണം തുടരുന്നതിന് ആയുധങ്ങൾ മാറ്റിവെക്കേണ്ടി വന്നതോടെയാണ് ഉക്രെയ്ൻ അമേരിക്കക്ക് ബാധ്യതയായി മാറിയത്.
യുദ്ധമുഖത്ത് പലതരത്തിലുമുള്ള തിരിച്ചടികൾ നേരിടുന്ന ഉക്രെയ്ൻ റഷ്യയിലെ ജനവാസ കേന്ദ്രങ്ങളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസം വരെ റഷ്യയുടെ അടിസ്ഥാന സൗകര്യങ്ങളെയായിരുന്നു ഉക്രെയ്ൻ ലക്ഷ്യമിട്ടിരുന്നത്. റഷ്യയെ പ്രതിരോധിക്കാൻ കഴിയാത്തതിനാൽ വിചിത്രമായ ന്യായങ്ങളാണ് ഉക്രെയ്ൻ മുന്നോട്ട് വെക്കുന്നത്. ആയുധങ്ങൾ നൽകാൻ കഴിയാത്ത രാജ്യങ്ങൾ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഉക്രെയ്ന്റെ പുതിയ ആവശ്യം. ജി7 രാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും സെലൻസ്കി ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയേയും നാറ്റോ സഖ്യത്തേയും വിശ്വസിച്ച് റഷ്യക്കെതിരെ യുദ്ധത്തിന് ഇറങ്ങിപുറപ്പെട്ട ഉക്രെയ്ന്റെ പ്രതിരോധ മാർഗങ്ങളെല്ലാം പരാജയപ്പെടുകയാണ്.










0 comments