ad
Deshabhimani

പിഎം ശ്രീയിലും മദ്യനയത്തിലും കരിമണലിലും ഇരട്ടത്താപ്പ്; ഇതാണ് സതീശന്റെ മുഖമുദ്രയെന്ന് എം വി ​ഗോവിന്ദൻ

MV Govindan

എം വി ​ഗോവിന്ദൻ, വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Jun 26, 2026, 11:23 AM | 2 min read

തിരുവനന്തപുരം: ഇരട്ടത്താപ്പാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖമുദ്രയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പിഎം ശ്രീ പദ്ധതിയും കരിമണൽ ഖനനത്തിലും മദ്യനയത്തിലും സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്ന് അദേഹം പറ‍ഞ്ഞു. ഈ ഇരട്ടത്താപ്പിനെ തുറന്ന് കാണിക്കുന്നതാണ് കുട്ടനാട് എംൽഎ സമർപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. കേരളം എൽഡിഎഫ് ഭരിച്ചിരുന്നപ്പോൾ പിഎം ശ്രീ പദ്ധതി ഒരുതരത്തിലും അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് സ്വീകരിച്ചു. ആ ഘട്ടത്തിൽ ചില നേതാക്കന്മാർ പിഎം ശ്രീ പദ്ധതി അറബിക്കടലിലേയ്ക്കും ചവറ്റുകൊട്ടയിലേയ്ക്കും എറിയുമെന്ന് പറഞ്ഞു.


എന്നാൽ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതോടെ യാതൊരു ജാള്യതയുമില്ലാതെ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതാണ് ഇരട്ടത്താപ്പ്. കുട്ടനാടിന്റെ പ്രധാന ഉത്സവമായ വള്ളംകളിക്ക് പ്രാദേശിക അവധി നൽകണമെന്ന കുട്ടനാട് കോൺ​ഗ്രസ് എംഎൽഎയുടെ സബ്മിഷന് സർക്കാർ പരിശോധിച്ച് അവധി നൽകുമോ എന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് അടുത്ത നിമിഷം ഒരു കാരണവശാലും നൽകില്ലെന്ന് അടക്കം പറയുകയും ചെയ്തു. ഇതിനെ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റെന്താണ് പറയേണ്ടതെന്നും എം വി ​ഗോവിന്ദൻ ചോദിക്കുന്നു. ഇതുതന്നെയാണ് കരിമണൽ ഖനനത്തിലും സംഭവിക്കുന്നത്. സ്വകാര്യവത്കരിക്കുമെന്ന് സ്വകാര്യമായി പറയുക. തൊട്ടുപിന്നാലെ നിയമസഭയിൽ സ്വകാര്യ വത്കരിക്കില്ലെന്ന് പറയുക.


മദ്യനയത്തിലും വി ഡി സതീശന്റെ നിലപാട് സമാനമാണ്. മദ്യനയം ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം ചർച്ചയ്ക്കായി യുഡിഎഫിന് വിട്ടുകൊടുത്തു. ഈ നികുതിയിളവിലൂടെ ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുക. എന്നാൽ വി ഡി സതീശന്റെ മദ്യനയത്തിൽ വി എം സുധീരൻ, കെ സി വേണു​ഗോപാൽ അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. എൽഡിഎഫ് ഭരണത്തിൽ ഇരിക്കുമ്പോൾ തന്നെ ബക്കാഡി ഇൾപ്പടെയുള്ള കമ്പനികൾ നികുതി ഇളവ് ആവശ്യവുമായി എത്തിയിട്ടുണ്ട്. മൂന്ന് വർഷത്തോളം ആ ഫയൽ തീരുമാനമില്ലാതെ കിടന്നു. വീര്യം കുറഞ്ഞ മദ്യം കർഷകരെ കൂടി സഹായിക്കും വിധത്തിൽ കേരളത്തിൽ തന്നെ നിർമിക്കാമെന്ന തീരുമാനത്തിൽ സർക്കാർ എത്തി.


ഇപ്പോൾ മാധ്യമങ്ങളിൽ പറയുന്ന കത്തിൽ എന്താണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം എന്ന് കൃത്യമായി ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ നിർവചനം ചോദിച്ചത് നികുതി കുറയ്ക്കുന്ന നിലപാടിലേയ്ക്ക് പോകുന്നു എന്ന തരത്തിൽ ബന്ധം സ്ഥാപിക്കാനാവുക എന്നും എം വി ​ഗോവിന്ദൻ ചോദിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മൂന്നു വർഷവും അഞ്ച് മാസവും കിട‌ന്ന ഫയൽ വെറും രണ്ട് ദിവസം കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്തെത്തി. ശേഷം വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വലിയ നികുതി ഇളവ് നൽകികൊണ്ട് ബജറ്റിൽ പ്രഖ്യാപനം. അതും 24 ദിവസത്തിന് ശേഷം.


120 ശതമാനത്തിലേയ്ക്ക് നികുതി ഇളവ് എത്തി. ഇതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം 600 കോടിയോളം രൂപയും. യുഡിഎഫിനോടും കോൺ​ഗ്രസ് നേതൃത്വത്തിനോടും ചർച്ച ചെയ്യാതെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കാര്യം ബജറ്റിന്റെ ഭാ​ഗമായി അവതരിപ്പിച്ചത്. ഈ ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. ഈ തീരുമാനത്തിന് പിന്നിൽ വ്യക്തമായ താത്പര്യങ്ങൾ ഉണ്ട്. ഇത് മറച്ചുവെയ്ക്കാനാണ് എൽഡിഎഫ് സർക്കാർ അപരാധം ചെയ്തുവെന്ന തരത്തിൽ കള്ളപ്രചാരവേല കോൺ​ഗ്രസ് നടത്തികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home