ad
Deshabhimani

സെമിനാറിൽ വരാൻ പാടില്ലെന്ന് പറഞ്ഞ് കത്തയച്ചവരാണ് കോൺ​ഗ്രസ്; പ്രതിപക്ഷധർമം പോലും നിറവേറ്റുന്നില്ല: എം വി ​ഗോവിന്ദൻ

mv govindan press meet.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 11:38 AM | 1 min read

പാലക്കാട്: ഒരു വികസനപ്രവർത്തനവും അം​ഗീകരിക്കില്ല എന്ന് പറഞ്ഞ ലോകത്തിലെ ഒരേയൊരു പ്രതിപക്ഷം കേരളത്തിലേതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാ​ഗമായി പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


​ഗാന്ധിയൻ ദർശനം ഫലപ്രദമായി നടപ്പാക്കിയത് സിപിഐ എം നേതൃത്വത്തിലുള്ള കേരളമാണെന്ന് പറഞ്ഞതിന് മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ മണിശങ്കർ അയ്യരെ ആക്ഷേപിക്കുകയാണ് യുഡിഎഫ്. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തെ പഠിച്ച് ലോകത്തിന് മുന്നിൽ എല്ലാക്കാലവും അവതരിപ്പിക്കുന്ന പ്രധാനവ്യക്തിയാണ് മണിശങ്കർ അയ്യർ. വിഷൻ 2031ലെ ഏറ്റവും ശ്രദ്ധേയമായ അവതരണം അദ്ദേഹത്തിന്റേതായിരുന്നു. കേരളത്തിന്റെ വികസനപാത ലോകത്തിന് മാതൃകയാണെന്ന് നോബൽ സമ്മാന ജേതാവ് അമർത്യസെൻ അഭിപ്രായപ്പെട്ടു. സെമിനാറിനെതിരെ വലിയ പ്രചാരണമാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതൃത്വം നടത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചവർക്ക് വരരുതെന്ന് ആവശ്യപ്പെട്ട് കത്ത് അയക്കുകയും ചെയ്തു.


പ്രതിപക്ഷത്തിന്റെ ധർമംപോലും നിറവേറ്റാൻ യുഡിഎഫിന് സാധിക്കുന്നില്ല. എൽഡിഎഫിനെതിരെ കള്ളത്തരം പ്രചരിപ്പിക്കുന്ന യുഡിഎഫ് നേതാക്കൾ കേരളത്തിന്റെ വികസനം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല. ശമ്പളം മുടങ്ങും, ട്രഷറി പൂട്ടാൻ പോകുന്നു എന്നൊക്കെ പത്ത് വർഷമായി പ്രചരിപ്പിച്ചു. ഇതൊന്നും സംഭവിച്ചില്ല. ഇന്ത്യയിൽ ഏത് സംസ്ഥാനത്തെക്കാളും പശ്ചാത്തലസൗകര്യവികസനം കിഫ്ബിയിലൂടെ കേരളം നടത്തി. കേരളത്തിന് അവകാശപ്പെട്ട പണം തരാത്ത കേന്ദ്രസർക്കാരിനെതിരെ യുഡിഎഫ് ഒരുവാക്കും പറയുന്നില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


പലകാരണങ്ങളാൽ പാർടിയുമായി വിട്ടുനിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടുപോകാനണ് ശ്രമിക്കുന്നത്. പൊതുവായവേദികളിൽ പലരെയും സഹകരിപ്പിക്കാറുണ്ട്. അതിൽ പാർടി മെമ്പർഷിപ്പ് നോക്കിയിട്ടാകണമെന്നില്ല. അങ്ങനെയുള്ള ചിലർ പിന്നീട് പിണങ്ങാറമുണ്ട്. അവരുടെ പിണക്കം ഒഴിവാക്കാൻ ശ്രമിക്കും. പക്ഷേ, പിണങ്ങിയേ പോകൂ എന്ന് അവർ തീരുമാനിച്ചാൽ മറ്റൊന്നും ചെയ്യാനാകില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home