ad
Deshabhimani

ആർ നല്ലകണ്ണിന്റെ വിയോ​ഗം നികത്താനാകാത്ത നഷ്ടം: എം വി ഗോവിന്ദൻ

rnk mvg.
വെബ് ഡെസ്ക്

Published on Feb 25, 2026, 07:40 PM | 1 min read

തിരുവനന്തപുരം: തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ നല്ലകണ്ണിന്റെ വേർപാട് രാജ്യത്തിനാകെ നികത്താനാകാത്ത വിടവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ‘നീതിബോധം’ എന്നറിയപ്പെട്ടിരുന്ന ആർ എൻ കെ, സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും സാധാരണക്കാരുടെ അവകാശങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


നെല്ലായി ഗൂഡാലോചന കേസിൽ അറസ്റ്റിലായി പൊലീസിന്റെ ക്രൂര മർദനങ്ങൾക്ക് ഇരയായിട്ടും തളരാത്ത പോരാളിയായിരുന്നു അദ്ദേഹം. വാർദ്ധക്യത്തിലും സമരവീര്യം കൈവിടാത്ത അദ്ദേഹം തന്റെ 85-ാം വയസ്സിലാണ് താമിരഭരണി നദിയിലെ മണൽക്കൊള്ള തടയാൻ കോടതിയിൽ പോരാടി നിരോധനം നേടിയെടുത്തത്. നിശ്ചയദാർഢ്യത്തോടെയുള്ള ആ രാഷ്ട്രീയ ജീവിതം പുതുതലമുറയ്ക്ക് എന്നും പാഠപുസ്തകമാണ്. 'പെരിയാർ തമിഴ്നാടിന്റെ ഒരു കണ്ണെങ്കിൽ നല്ല കണ്ണ് മറുകണ്ണ്‌' എന്ന കരുണാനിധിയുടെ വിശേഷണം അദ്ദേഹത്തിന് ലഭിച്ച ജനകീയ അംഗീകാരത്തിന്റെ തെളിവായിരുന്നു.


സ്വന്തമായുള്ളതെല്ലാം പാർട്ടിക്ക് നൽകി, പ്രതിമാസ അലവൻസ് മാത്രം ഉപയോഗിച്ച് ലളിതജീവിതം നയിച്ച നല്ലകണ്ണ് യൗവനകാലത്തിന്റെ ഭൂരിഭാഗവും ജയിലിലും ഒളിവിലുമാണ് ചെലവഴിച്ചത്. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെ അദ്ദേഹം എക്കാലവും ഉച്ചത്തിൽ ശബ്ദമുയർത്തി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കാകെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും സഖാക്കളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പം ചേരുന്നതായും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home