ad
Deshabhimani

ദളിത് പ്രസിഡന്റിന് നേരെ അധിക്ഷേപം; ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ ചാണകം തളിച്ച്‌ ലീ​ഗുകാർ

Muslim League Workers Spray Cow Dung.jpg
വെബ് ഡെസ്ക്

Published on Dec 15, 2025, 08:42 PM | 1 min read

പേരാമ്പ്ര: യുഡിഎഫിന്‌ മേധാവിത്വമുള്ള ചങ്ങരോത്ത്‌ പഞ്ചായത്ത്‌ എൽഡിഎഫിന്റെ കൈയിൽ നിന്ന്‌ തിരിച്ചുപിടിച്ചതിന്‌ പിന്നാലെ പഞ്ചായത്ത്‌ ഓഫീസിൽ ചാണകവെള്ളം തളിച്ച്‌ മുസ്ലീംലീ​ഗുകാർ. തെരഞ്ഞെടുപ്പ്‌ ഫലം വന്ന ശനിയാഴ്ച ഉച്ചയ്ക്കാണ്‌ യൂത്ത്‌ ലീഗ്‌ പഞ്ചായത്ത് ട്രഷറർ പി എം ഫൈസലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിൽ ചൂലും ബക്കറ്റിൽ ചാണകവെള്ളവുമായി അഴിഞ്ഞാടിയത്‌.


ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പിൽ പട്ടികജാതിക്കാരനായ സിപിഐ എമ്മിലെ ഉണ്ണി വേങ്ങേരി പഞ്ചായത്ത് പ്രസിഡന്റാവുന്നത്. ആകെയുള്ള19 വാർഡിൽ 10 സീറ്റിൽ എൽഡിഎഫും ഒമ്പത് സീറ്റിൽ യുഡിഎഫുമാണ് അന്ന്‌ ജയിച്ചത്‌. ദളിത്‌ വിഭാഗത്തിലുള്ള വ്യക്തി പഞ്ചായത്ത് പ്രസിഡന്റായതിലുള്ള അമർഷം അഞ്ചുവർഷക്കാലവും യുഡിഎഫിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചാണകവെള്ളം തളിക്കൽ.


യുഡിഎഫ് വിജയിച്ച പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളിലൊന്നും കാണിക്കാത്ത ആഭാസമാണ് യുഡിഎഫ് ചങ്ങരോത്ത് പഞ്ചായത്തിൽ നടത്തിയത്. പട്ടികജാതിക്കാരനോടുള്ള യുഡിഎഫിന്റെ അവഹേളനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.


ശുദ്ധികലശം: കർശന നടപടി വേണം


ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിൽ യുഡിഎഫുകാർ ചാണക വെള്ളം തളിച്ച്, ദളിതനായ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് പഞ്ചായത്ത് ഓഫീസിൽ ചാണക വെള്ളം തളിച്ചത്. ദളിതരോടുള്ള അധിക്ഷേപം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചങ്ങരോത്ത് പഞ്ചായത്തിൽ 2020ൽ അട്ടിമറി വിജയം നേടിയാണ് കഴിഞ്ഞ അഞ്ചു വർഷം എൽഡിഎഫ് ഭരിച്ചത്.


സിപിഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം ഉണ്ണി വേങ്ങേരിയാണ് പ്രസിഡന്റായത്. ഇത്തവണ ഭരണം തിരിച്ചു പിടിച്ചതിൽ മതിമറന്ന യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത്‌ ഓഫീസിൽ കയറി ദളിതനായ പ്രസിഡന്റ്‌ ഇരുന്ന ഇടം ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കുകയായിരുന്നു. സവർണ ഫ്യൂഡൽ ചിന്തയാണ് ഇന്നും യുഡിഎഫിനെ നയിക്കുന്നത്. പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിക്കുന്ന നടപടിയാണ് മുസ്ലീം ലീഗും കോൺഗ്രസും സ്വീകരിച്ചത്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നിലപാട് സ്വീകരിച്ച യുഡിഎഫ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ഇതിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home