ad
Deshabhimani

print edition സീറ്റ് മോഹികൾ കൂടുന്നു ; ലീഗിൽ അടി

muslim league
വെബ് ഡെസ്ക്

Published on Mar 05, 2026, 01:15 AM | 1 min read


മലപ്പുറം

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ സീറ്റ് മോഹികളുടെ എണ്ണം കൂടുന്നത് മുസ്ലിംലീഗ്‌ നേതൃത്വത്തിന് തലവേദനയാകുന്നു. മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് തേടി കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെ സ്ഥാനാര്‍ഥി നിര്‍ണയവും അനിശ്ചിതത്വത്തിലായി.


യുവാക്കളും വനിതകളും സീറ്റിനായി രംഗത്തുണ്ട്‌. അധിക സീറ്റ്‌ വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ്‌ അംഗീകരിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

മൂന്ന് ടേം വ്യവസ്ഥയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും ഇളവ് നല്‍കാന്‍ ലീഗ്‌ നേരത്തെ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട്, ഏറനാട്‌ എംഎൽഎമാരായ എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കുമെന്ന സൂചന വന്നതോടെ മറ്റുള്ളവരും അവകാശവാദം ഉന്നയിക്കുന്നുണ്ട്‌. കെ പി എ മജീദ്, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, എന്‍ എ നെല്ലിക്കുന്ന് എന്നിവരാണ്‌ മൂന്ന് ടേം പൂര്‍ത്തിയാക്കിയത്‌. ഇതിൽ മഞ്ഞളാംകുഴി അലിക്ക്‌ മാത്രമാണ്‌ സാധ്യത. അതേസമയം, മങ്കട മോഹിച്ച്‌ യൂത്ത്‌ലീഗ്‌ നേതാക്കൾ രംഗത്തുണ്ട്‌. അലിക്ക്‌ നറുക്ക്‌ വീണാൽ ഇവരുടെ സാധ്യത അടയും. ആറ് സീറ്റാണ്‌ യൂത്ത്‌ ലീഗ്‌ ആവശ്യപ്പെട്ടത്. മൂന്ന്‌ ടേം വ്യവസ്ഥയിൽ ഇളവ്‌ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ യൂത്ത്‌ ലീഗ്‌.


നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്‌ മാത്രമാണ്‌ സീറ്റ്‌ ഉറപ്പിച്ചത്‌. ഒരു സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ്‌ എംഎസ്എഫ്‌. വിജയസാധ്യതയുള്ള രണ്ട്‌ സീറ്റാണ്‌ വനിതാ ലീഗിന്റെ ആവശ്യം.


27 സീറ്റിലാണ് ലീഗ്‌ കഴിഞ്ഞ തവണ മത്സരിച്ചത്. തെക്കന്‍ കേരളത്തില്‍ അധിക സീറ്റുകള്‍ വേണമെന്ന്‌ യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടക്കാനിടയില്ല. അധിക സീറ്റുകൾ ലഭിക്കാതെ സീറ്റ്‌ മോഹികളെ എങ്ങനെ പരിഗണിക്കുമെന്ന ആശങ്കയിലാണ്‌ നേതൃത്വം. മൂന്ന്‌ ടേം വ്യവസ്ഥയിൽ വെള്ളംചേർത്താൽ യുവ പ്രാതിനിധ്യം കുറയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home