ad
Deshabhimani

മുഖ്യമന്ത്രിത്തർക്കത്തിലെ ഘടകകക്ഷികളുടെ ഇടപെടൽ

print edition കുറുമുന്നണിയുണ്ടാക്കി ലീഗ്‌ സമ്മർദം

muslim league.jpg
വെബ് ഡെസ്ക്

Published on May 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കത്തിൽ മുസ്ലിംലീഗ്‌ ഇടപെട്ടത്‌ യുഡിഎഫിൽ കുറുമുന്നണിയുണ്ടാക്കി. എംഎൽഎമാരുടെ അഭിപ്രായം തേടാനെത്തിയ ഹൈക്കമാൻഡ്‌ പ്രതിനിധികളെ ഘടകകക്ഷി നേതാക്കൾ സന്ദർശിച്ച്‌ നേതാവ്‌ ആരെന്നതിൽ അഭിപ്രായം പറഞ്ഞത്‌ അങ്ങനെയാണ്‌. മുസ്ലിംലീഗിന്റെ ഇടപെടലിൽ എഐസിസിക്ക്‌ അതൃപ്‌തിയുണ്ട്‌. ദേശീയതലത്തിൽ ഇത്‌ കോൺഗ്രസിനെ ബാധിക്കുമെന്നാണ്‌ ആശങ്ക.


മുഖ്യമന്ത്രിത്തർക്കത്തിൽ സമ്മർദംചെലുത്തി എരിതീയിൽ എണ്ണയൊഴിക്കുകയാണ്‌ മുസ്ലിംലീഗ്‌. അതിനാലാണ്‌ മാത്യു കുഴൽനാടൻ ലീഗിനെ പരസ്യമായി വിമർശിച്ചത്‌. വിഷയം കോൺഗ്രസിലും അഭിപ്രായവ്യത്യാസത്തിനിടയാക്കി. ലീഗ്‌ ഇടപെടലിനെ രാജ്‌മോഹൻ ഉണ്ണിത്താൻ അനുകൂലിച്ചു. സർക്കാർ രൂപീകരിക്കുംമുമ്പ്‌ യുഡിഎഫിൽ കുറുമുന്നണിയുണ്ടാക്കുന്നത്‌ നല്ല ലക്ഷണമല്ലെന്ന അഭിപ്രായം കോൺഗ്രസിലുണ്ട്‌. കോൺഗ്രസ്‌ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾ ഇടപെടുന്ന പതിവില്ല. അതു തെറ്റിച്ചാണ്‌ ഇത്തവണ തുടക്കംമുതലുള്ള ലീഗിന്റെ സമ്മർദം.


വി ഡി സതീശനുവേണ്ടി ലീഗ്‌ നേതാക്കൾ പരസ്യമായി നിലകൊണ്ടു. ചെന്നിത്തലയെ അനുകൂലിച്ചിരുന്ന ലീഗിന്റെ ചുവടുമാറ്റം നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമുതലായിരുന്നു. ഹൈക്കമാൻഡ്‌ പ്രതിനിധികളുമായുള്ള കുടിക്കാഴ്‌ച നേരത്തെ നിശ്‌ചയിച്ചതായിരുന്നില്ല. മറ്റു ഘടകക്ഷികളുമായി ധാരണയുണ്ടാക്കി പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ ഇതിനായി ഇടപെടൽ നടത്തിയത്‌. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്‌ മുൻഷിയെ വിളിച്ച്‌ കുഞ്ഞാലിക്കുട്ടി ഇ‍ൗ ആവശ്യം ഉന്നയിക്കുകയായിരുന്നു. നിരീക്ഷകരെ സന്ദർശിച്ച ഘടകകക്ഷി നേതാക്കൾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാനാണ്‌ ആവശ്യപ്പെട്ടത്‌. മുഖ്യമന്ത്രിയിൽ തുടങ്ങി, നാളെ മന്ത്രിമാരുടെ എണ്ണവും വകുപ്പും നിശ്‌ചയിക്കുന്നതിലും കുറുമുന്നണിയുടെ സമ്മർദമുണ്ടാകും. വിദ്യാഭ്യാസം ലീഗിന്‌ നൽകാതിരിക്കാൻ കോൺഗ്രസിനുള്ളിൽ ആവശ്യമുയർന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home