Deshabhimani

print edition വരുതിയിലാക്കാൻ 
മുരളീധരൻ

muraleedaran.png
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 2 min read

തിരുവനന്തപുരം: ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുംവിധം മന്ത്രി കെ മുരളീധരന്റെയും ഓഫീസിന്റെയും ഇടപെടലിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൽ അമർഷം. ബോര്‍ഡ് അറിയാതെ ശബരിമലയിൽ മന്ത്രിക്കായി പ്രത്യേക ഗാർഡിനെ നിയമിച്ചു. നടതുറക്കുന്പോൾ സന്നിധാനത്തെ മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക്‌ സ്ട്രോങ്‌ റൂം ഗാർഡായി ഉല്ലാസ് കൃഷ്‌ണൻ, വാച്ചറായി അജിത് എന്നിവരെയാണ്‌ സ്‌പെഷൽ ഡ്യൂട്ടിക്ക്‌ നിയോഗിച്ചത്‌.


ഗാര്‍ഡിനെ നിയമിക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ മന്ത്രിയുടെ ഓഫീസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമീഷണറാണ്‌ നിയമനം നടത്തിയത്‌. ആദ്യമായാണ് സന്നിധാനത്ത് മന്ത്രിക്ക് മാത്രമായി ഗാര്‍ഡിനെ നിയമിക്കുന്നത്.


നിയമന അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നും ദേവസ്വം കമീഷണർക്ക് അറിയാമായിരിക്കും എന്നുമാണ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്‌. ബോർഡിന്റെ തീരുമാനങ്ങളോടും വിയോജിച്ചും തിരുത്തൽ ആവശ്യപ്പെട്ടും എട്ടുതവണയാണ്‌ മുരളീധരൻ കത്തയച്ചത്‌. രാജിവയ്‌ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും 2027 നവംബർ വരെയാണ് കാലാവധിയെന്നും അത് കൃത്യമായി പൂർത്തിയാക്കിയേ മടങ്ങൂവെന്നും ജയകുമാർ മാധ്യമങ്ങളോട്‌ പറഞ്ഞു.


യുഡിഎഫ് സർക്കാർ അധികാരമേറ്റതുമുതൽ ബോർഡിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി ഓഫീസ് അനാവശ്യമായി ഇടപെടുന്നുവെന്ന് ആക്ഷേപമുണ്ട്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും അഭിപ്രായ വ്യത്യാസമുണ്ടായി. ബോർഡിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്താനാണ്‌ മന്ത്രി ശ്രമിക്കുന്നത്‌.



ഡെന്റൽ ഹൈജീൻ ഓഫീസർ തസ്‌തിക 
തുലാസിൽ


ദന്താരോഗ്യ സംരക്ഷണത്തിനുവേണ്ടി ഫീൽഡ് തല ബോധവൽക്കരണത്തിന് ഡെന്റൽ ഹൈജീൻ ഓഫീസർമാരെ നിയോഗിക്കാനുള്ള മുൻ എൽഡിഎഫ്‌ സർക്കാർ തീരുമാനം തള്ളി ആരോഗ്യ വകുപ്പ്‌. ഡെന്റൽ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസർമാരായി പുനർനാമകരണം ചെയ്ത് സ്കൂളുകൾ, അങ്കണവാടികൾ, ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ ഫീൽഡ് തല ബോധവൽക്കരണത്തിന് നിയോഗിക്കാനായിരുന്നു എൽഡിഎഫ്‌ സർക്കാർ തീരുമാനം.


അതിനുമുന്പ്‌ സ്‌കൂൾ കുട്ടികളിലെ ദന്താരോഗ്യ പ്രശ്‌നങ്ങൾ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എംഎൽഎസ്‌പി) നഴ്‌സുമാരായിരുന്നു കൈകാര്യം ചെയ്തിരുന്നത്‌. ഇതാണ്‌ ഡെന്റൽ ഹൈജീനിസ്റ്റുകൾക്ക്‌ നൽകിയത്‌. 2026 ഫെബ്രുവരി 17ന്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടുടെ അധ്യക്ഷതയിൽ എല്ലാ സർവീസ് സംഘടനകളെയും പങ്കെടുപ്പിച്ച്‌ പദ്ധതി നടപ്പാക്കാനായി യോഗം ചേർന്നിരുന്നു.ഫെബ്രുവരി 26ന്‌ പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടർ സർക്കാരിന്‌ റിപ്പോർട്ടും നൽകി. മാർച്ച്‌ 16ന്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ വിഷയത്തിൽ അന്തിമ നടപടി കൈക്കൊള്ളാനായില്ല. അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ തുടർനടപടി കൈക്കൊള്ളാതെ റിപ്പോർട്ട്‌ തള്ളുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home