Deshabhimani

ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിൽ: അടുത്ത നീക്കമെന്ത്? വധശിക്ഷയോ ജീവപര്യന്തമോ?

Christa Pike
വെബ് ഡെസ്ക്

Published on Oct 06, 2026, 05:43 PM | 2 min read

വാഷിങ്ടൺ: വധശിക്ഷ നടപ്പിലാക്കുന്നതിൽ ഉണ്ടായ പിഴവിനെ തുടർന്ന്, ആശുപത്രിയിലായ തടവുകാരി ക്രിസ്റ്റ പൈക്ക് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു. അമേരിക്കയിലെ ടെന്നസിയിലെ ജയിലിൽ വധശിക്ഷ നടപ്പിലാക്കാൻ വിഷമരുന്നായ പെന്റോബാർബിറ്റലിന്റെ രണ്ട് ഡോസുകൾ നൽകിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ശരീരത്തിൽ പ്രവേശിച്ച മരുന്നിന്റെ അംശം നീക്കംചെയ്യാനും ജീവൻ രക്ഷിക്കാനും ഡോക്ടർമാർ ശ്രമിക്കുന്നുണ്ടെങ്കിലും, അവർ ബോധം വീണ്ടെടുത്തിട്ടില്ല.


അറ്റോർണി ടി സ്കോട്ട് ജോൺസിന്റെ അഭിപ്രായത്തിൽ, പൈക്കിന് തലച്ചോറിൽ പ്രവർത്തനശേഷി എത്രത്തോളമുണ്ടെന്ന് വ്യക്തമാകേണ്ടതുണ്ട്. 1986-ലെ അമേരിക്കൻ സുപ്രീം കോടതി വിധി അനുസരിച്ച്, തനിക്ക് നൽകപ്പെടുന്ന ശിക്ഷയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ മാനസിക ശേഷിയില്ലാത്ത ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ നിയമപരമായി കഴിയില്ല.


എട്ടാം ഭേദഗതി പ്രകാരം ഇത് 'ക്രൂരമായ ശിക്ഷയാണോ' എന്നതിലും, പൈക്കിന്റെ മാനസിക ശേഷിയെക്കുറിച്ചും സ്റ്റേറ്റ്-ഫെഡറൽ കോടതികളിൽ വരും ദിവസങ്ങളിൽ ശക്തമായ വാദം നടക്കുമെന്നാണ് സൂചന. നിലവിലെ മരണവാറന്റിന്റെ കാലാവധി കഴിഞ്ഞതിനാൽ, പൈക്ക് ജീവിതത്തിലേക്ക് തിരിച്ചുവന്നാലും നടപടികൾ ആദ്യം മുതൽ ആരംഭിക്കേണ്ടി വരും. ഗവർണർ ഇവരുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


പൈക്കിന്റെ കൈകൾ വീർത്ത് പൊള്ളലേറ്റ നിലയിലാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. വിഷം ഉള്ളിൽ ചെന്ന ശേഷം അടിയന്തര ചികിത്സ നൽകാൻ വൈകിയത് കാരണം പൈക്കിന്റെ തലച്ചോറിന് തകരാർ സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പൈക്കിന് ഇനി വീണ്ടും വധശിക്ഷ നടപ്പാക്കുമോ അതോ ജീവനോടെ തുടരാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.


സംഭവത്തിന് ശേഷം ടെന്നസി ഗവർണർ ബിൽ ലീ ഈ വർഷം അവസാനിക്കുന്നതുവരെ വധശിക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. വധശിക്ഷാ മുറിയിൽ വെച്ച് പൈക്കിന് 'പെന്റോബാർബിറ്റൽ' എന്ന മരുന്ന് കുത്തിവെച്ചു. മരുന്ന് നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും മരണം സംഭവിക്കാതിരുന്നതോടെ, വധശിക്ഷ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരാവുകയും തുടർന്ന് ആംബുലൻസിൽ പൈക്കിനെ ജയിലിന് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


വധശിക്ഷയ്ക്കുവേണ്ടി ഉപയോഗിച്ച പെന്റോബാർബിറ്റൽ മരുന്നിന്റെ വീര്യം കുറഞ്ഞുപോയതാകാം സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൈക്കിന്റെ അഭിഭാഷകർ ആരോപിച്ചിരുന്നു. രക്തത്തിൽ വേണ്ടത്ര അളവിൽ മരുന്ന് എത്താതിരുന്നതാകാം ഹൃദയസ്തംഭനം ഉണ്ടാകാതിരിക്കാൻ കാരണമെന്ന് എമോറി സർവകലാശാലയിലെ വിദഗ്ദ്ധനായ ഡോ. ജോയൽ സിവോട്ട് വ്യക്തമാക്കി.


1996-ൽ കോളീൻ സ്ലെമ്മർ (19) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിനാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചിരുന്നത്. യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് വധശിക്ഷാ നടപടികൾ ആരംഭിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ, ഇതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ടെന്നസി ഗവർണർ ബിൽ ലീ ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് ഈ വർഷം നടക്കേണ്ട മറ്റ് വധശിക്ഷകളും ഗവർണർ നിർത്തിവെച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home