തുറമുഖ നഗരത്തിൽ ഒരുങ്ങുന്നു, സമുദ്രചരിത്രത്തിന്റെ കൂറ്റൻ ചിത്രപരമ്പര

കൊച്ചി നാവിക ആസ്ഥാനത്തിന്റെ ചുറ്റുമതിലിൽ ഒരുക്കുന്ന ചുമർചിത്രങ്ങൾ
എം എസ് അശോകൻ
Published on May 08, 2026, 08:44 AM | 1 min read
കൊച്ചി: സിന്ധുനദീതട സംസ്‌കാര കാലത്തോളം പഴക്കമുള്ള ഇന്ത്യൻ സമുദ്രചരിത്രത്തിന്റെ ചുവർച്ചിത്ര പരമ്പര തുറമുഖ നഗരത്തിലെ നാവികസേനാ ആസ്ഥാനത്ത് ഒരുങ്ങുന്നു. കൊച്ചി നാവിക ആസ്ഥാനത്തിന്റെ ചുറ്റുമതിലിൽ ഉഡാൻ ഗേറ്റ് മുതൽ വേന്പനാട് ഗേറ്റ് വരെ ഒന്നരക്കിലോമീറ്ററോളം 250 കൂറ്റൻ പാനലുകളിലായാണ് ചിത്രചരിത്രമെഴുത്ത്. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനുദ്ദേശിക്കുന്ന ചിത്രപരന്പരയിലെ ഇരുപതോളം ഫ്രെയിമുകൾ ഇതിനകം തയ്യാറായി.
പുരാതന മെസോപ്പൊട്ടേമിയയുമായുണ്ടായിരുന്ന സമുദ്രവ്യാപാര ചരിത്രംമുതലുള്ള ചിത്രചരിത്രമാണ് ആലേഖനംചെയ്യുന്നത്. ജലയാനങ്ങളുമായി ബന്ധപ്പെട്ട് വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലുമുള്ള പരാമർശങ്ങളും ഫ്രെയിമുകളിൽ ഉൾപ്പെടുന്നു. മൗര്യ, ഗുപ്‌ത സാമ്രാജ്യ കാലത്തും ചേര, ചോള, പാണ്ഡ്യ ഭരണകാലങ്ങളിലും സമുദ്രമാർഗം ലോകരാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾക്ക് ചിത്രമെഴുത്ത് മിഴിവ് പകരുന്നു. അറബി, ചീന വ്യാപാര ചരിത്രത്തിലൂടെ തെളിയുന്നു മുസിരിസ്. ആധുനിക ഇന്ത്യയുടെ നിർമിതിയിൽ സമുദ്രപാതകൾ വഹിച്ച പങ്കും സമുദ്രശക്തിയിൽ രാജ്യം ആർജിച്ച വലുപ്പവും ചിത്രപരന്പര വെളിപ്പെടുത്തും.
പത്തടി ഉയരവും 15 അടി വീതിയുമാണ് ഓരോ ഫ്രെയിമിനും. പായലും പൂപ്പലും പിടിക്കാത്തവിധം ചുവരൊരുക്കി ഏഷ്യൻ പെയ്‌ന്റ് അൾട്ടിമ നിറങ്ങളിലാണ് രചന. ചിത്രങ്ങൾക്ക് കീഴിൽ അതേക്കുറിച്ചുള്ള വിവരണവുമുണ്ടാകും. ആസ്വാദകർക്ക് നടന്നുകാണാൻ നടപ്പാതയും വെളിച്ചസംവിധാനവും ഒരുക്കും. തേവര ജങ്ഷനിൽനിന്ന് വിക്രാന്ത് പാലം കടന്ന് തോപ്പുംപടി ഭാഗത്തേക്ക് റോഡ് മാർഗം യാത്രചെയ്യുന്നവർക്കും വ്യക്തമായി കാണാവുന്ന വലുപ്പവും മിഴിവും ഫ്രെയിമുകളുടെ പ്രത്യേകതയാണ്. റിട്ട. വൈസ് അഡ്‌മിറൽ പ്രേംസുതൻ ചെയർമാനും ആർക്കിടെക്‌ട് എസ് ഗോപകുമാർ പ്രസിഡന്റുമായ സമിതിക്കാണ് പദ്ധതിയുടെ മേൽനോട്ടം. ചിത്രകാരൻ ഷാജഹാൻ യെസ് ആണ് ഗ്രാഫിക് ചിത്രങ്ങൾ തയ്യറാക്കുന്നത്. ചുവർ ചിത്രകാരന്മാരായ സി എൻ ജോഷി, ഷീബ ജോഷി, എ ടി പുഷ്‌പൻ, രതീഷ് താടിക്കാരൻ, ജോബിൽ, ജി ഗോപകുമാർ എന്നിവരാണ് ഗ്രാഫിക് ചിത്രങ്ങൾ ചുവരിൽ പകർത്തുന്നത്.
ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ്, റീജണൽ സ്‌പോർട്‌സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്വകാര്യ ഏജൻസികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സാന്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടരക്കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ ക്യുറേറ്റർ കൂടിയായ ചിത്രകാരൻ സിറിൾ പി ജേക്കബ് പറഞ്ഞു.









0 comments