ജനുവരി പത്തായിട്ടും വീടില്ല; ഉത്തരമില്ലാതെ കോൺഗ്രസ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീട് നിർമാണത്തിൽ വ്യക്തത വരുത്തുമെന്ന് ടി സിദ്ദിഖ് പറഞ്ഞ തിയതി ഇന്ന് അവസാനിച്ചിട്ടും മറുപടിയില്ലാതെ എംഎൽഎയും നേതൃത്വവും. വീട് നിർമിക്കുന്ന കാര്യത്തിൽ ജനുവരി 10ന് വ്യക്തത വരുത്തുമെന്നാണ് കഴിഞ്ഞ ഡിസംബർ 30ന് സിദ്ദിഖ് അറിയിച്ചിരുന്നത്. ആദ്യം പത്തിന് തുടങ്ങുമെന്നു പറഞ്ഞത് പിന്നീട് പത്തിന് വ്യക്തത വരുത്തുമെന്നാക്കി തിരുത്തിയിരുന്നു. എന്നാൽ തിയതി അവസാനിച്ചിട്ടും വീടിനെപ്പറ്റി ഒരക്ഷരം പോലും എംഎൽഎ മിണ്ടുന്നില്ല. കെപിസിസി നേതൃക്യാമ്പിലും ചോദ്യത്തിന് ഉത്തരമില്ല. എംഎൽഎ മുമ്പ് തിയതി പ്രഖ്യാപിച്ചപ്പോൾ ‘വീട് നിർമാണത്തിന് കട്ട് ഓഫ് ഡേറ്റില്ല’–എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം. നേതാക്കൾ തന്നെ പല അഭിപ്രായം പറയുന്നതിനാൽ എന്ത് പറയണമെന്ന സംശയത്തിലാണ് അണികളും. ഒടുവിൽ ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്ക് രംഗത്തെത്തി. 14ന് ആദ്യഘട്ട പ്രവൃത്തി ആരംഭിക്കുമെന്ന് കൽപ്പറ്റയിൽ വാർത്താസമ്മേളനം വിളിച്ച് അറിയിച്ചു.
കോൺഗ്രസ് സ്ഥാപിതദിനമായിരുന്ന ഡിസംബർ 28ന് വീട് നിർമാണം തുടങ്ങുമെന്നായിരുന്നു തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ടി സിദ്ദിഖിന്റെ പ്രഖ്യാപനം. നിർമാണം പോയിട്ട് ഏറ്റെടുക്കുന്ന ഭൂമി ഏതാണെന്നുപോലും പറഞ്ഞില്ല. ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് വഞ്ചിച്ചത് തിരിച്ചടിയാകുമെന്ന് കണ്ടാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം 28ന് നിർമാണം തുടങ്ങുമെന്ന നുണ തട്ടിവിട്ടത്. 28ന് ശേഷം സാമ്യഹ്യ മാധ്യമങ്ങളിലുൾപ്പെടെ പരിഹാസം ശക്തമായപ്പോൾ കെപിസിസി നേതൃക്യാമ്പിൽ തീരുമാനമുണ്ടാകമെന്നായി നേതാക്കളുടെ വീശദീകരണം. ക്യാമ്പിൽ ദുരന്തബാധിതരെന്ന വാക്കുപോലും നേതാക്കൾ ഉച്ചരിച്ചില്ല. ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ച് ധൂർത്തടിച്ചിട്ടും പുനരധിവാസം ചർച്ചയായില്ല. ക്യാമ്പിനൊടുവിലെ വാർത്താ സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വാർത്താ സമ്മേളനംതന്നെ അവസാനിപ്പിച്ച് എഴുന്നേറ്റുപോയി.
28ന്റെ നിർമാണ പ്രഖ്യാപനം പാളിയപ്പോൾ തിയതി സിദ്ദിഖ് ജനുവരി പത്താക്കി. പിന്നീട് വീണ്ടും തിരുത്തി ജനുവരി 10ന് വ്യക്തത വരുത്തുമെന്നായി. ‘സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറി. കോണ്ടൂർ മാപ്പിങ് പൂർത്തിയാകുന്നു. ഡിസൈനിങ്ങിന് ടീമിനെ തെരഞ്ഞെടുത്തു’ ഇതെല്ലാമായിരുന്നു ഡിസംബർ 10ന് സിദ്ദിഖിന്റെ വീരവാദം. ഇങ്ങനെ ഒരുനടപടിയും ഉണ്ടായതായി കെപിസിസി പ്രസിഡന്റിനോ, വർക്കിങ് പ്രസിഡന്റുമാർക്കോ പറയാനുണ്ടായില്ല. ദുരന്തബാധിതരോടും നാടിനോടും എംഎൽഎ പച്ചക്കള്ളം പറയുകയായിരുന്നു. സ്വന്തം മണ്ഡലത്തിൽ ദുരന്തം നേരിട്ടവരെയാണ് എംഎൽഎ നുണ പറഞ്ഞ് വഞ്ചിക്കുന്നത്.
ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും ജനങ്ങളിൽനിന്ന് കോടികൾ പിരിച്ചതാണ്. നൂറ് വീടാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 30 വീട് യൂത്ത് കോൺഗ്രസും. രാഹുൽഗാന്ധിയും നൂറ് വീട് പ്രഖ്യാപിച്ചു. പിന്നീട് രാഹുലിന്റെയും കോൺഗ്രസിന്റെയും വീട് ഒന്നാണെന്നായി വാദം. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പണപ്പിരിവ് വെവ്വേറെയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സമാഹരണത്തിനെതിരെ പ്രവർത്തിച്ചാണ് പണം പിരിച്ചത്. എന്നാൽ വീട് നിർമിക്കുന്നത് എവിടെയാണെന്നു പോലും ഇതുവരെ വ്യക്തമായിട്ടില്ല.










0 comments