print edition മുണ്ടക്കെെ -ചൂരൽമല ദുരന്തം; കേന്ദ്രമേ ക്ഷമിക്കില്ല; മാപ്പില്ലാത്ത ക്രൂരത


സ്വന്തം ലേഖകൻ
Published on Mar 01, 2026, 12:15 AM | 2 min read
ന്യൂഡൽഹി
: ഉരുൾപൊട്ടലിൽ സർവവും നഷ്ടമായവരെ പൂർണമായി കൈവിട്ട് കേന്ദ്രസർക്കാർ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏതെങ്കിലും പ്രകൃതിക്ഷോഭമുണ്ടായാൽ സഹായം വാരിവിതറുന്ന മോദി സർക്കാർ വയനാടിനെ പാടെ അവഗണിച്ചു. ദുരന്തത്തെത്തുടർന്ന് 2221.1 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേവലം 260.56 കോടി മാത്രമാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. തുക ചെലവഴിക്കുന്നതിൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടും മുഖംതിരിച്ചു.
ദുരന്തപ്രദേശത്ത് പ്രധാനമന്ത്രിയും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയും എത്തിയെങ്കിലുംഫോട്ടോഷൂട്ടിലും റീൽസിലും ഒതുങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും പലതവണ സഹായഭ്യർഥനയുമായി കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഉരുളെടുത്ത മനുഷ്യരുടെ കണ്ണീരുകാണാൻ കേന്ദ്രം തയ്യാറായില്ല. പാർലമെന്റിനകത്തും പുറത്തും കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർ ഇൗ ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും വിദ്വേഷത്തിന്റെ കണ്ണിൽമാത്രം കേരളത്തെ കാണുന്ന മോദിസർക്കാരിന് മുണ്ടക്കൈ ഒരു വിഷയമേ അല്ലാതായി.
സർവവും നഷ്ടമായി എങ്ങനെ മുന്നോട്ടുപോകുമെന്നാലോചിച്ച് തരിച്ചുനിന്ന മനുഷ്യരുടെ വായ്‌പ എഴുതിത്തള്ളണമെന്നും ആവശ്യമുയർന്നു. എന്നാൽ വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുന്ന കേന്ദ്രം വഴങ്ങിയില്ല. . കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയിട്ടും ഫലമുണ്ടായില്ല.
നേട്ടത്തിന്റെ ക്രെഡിറ്റടിക്കാൻ തട്ടിപ്പ് ടീം
കോഴിക്കോട്
ഉരുൾപൊട്ടലിൽ സർവവും നഷ്ടമായ ജനതയെ ചേർത്തുപിടിച്ച സംസ്ഥാന സർക്കാർ അത്യാധുനിക രീതിയിലുള്ള ടൗൺഷിപ്പൊരുക്കുന്പോൾ പദ്ധതിയ്ക്ക് തുരങ്കം വച്ചവരും നേട്ടത്തിന്റെ പങ്കുപറ്റാനുള്ള തിരക്കിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ആക്രോശിച്ചവരും നിർമാണം തടസപ്പെടുത്താൻ നോക്കിയവരുമാണ് പദ്ധതി യാഥാർഥ്യമാകുന്പോൾ ക്രെഡിറ്റ് അവകാശപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ഒഴുകിയപ്പോൾ അതിന് തടയിടാനായിരുന്നു കോൺഗ്രസ് ശ്രമം. സിഎംഡിആർഫിലേക്ക് പണം നൽകിയ മുതിർന്ന എംഎൽഎയെ നേതൃത്വം തിരുത്തി.
കോൺഗ്രസിന് പണം സ്വരൂപിക്കാൻ അതിന്റേതായ ഫോറമുണ്ടെന്നും അതിലേക്ക് പണം നൽകണമെന്നുമായിരുന്നു അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരന്റെ നിർദേശം. സിഎംഡിആർഎഫിലേക്ക് പണം നൽകിയത് ഏഴ് കോൺഗ്രസ് എംഎൽഎമാർ മാത്രം.
വയനാട് എംപി പ്രിയങ്കാഗാന്ധിയും മുൻ എംപി രാഹുൽഗാന്ധിയുമടക്കം ഒരു രൂപപോലും നൽകിയില്ല. യൂത്ത് കോൺഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ദുരിതാശ്വാസ നിധിയിലേക്ക് വീടുണ്ടാക്കാനും കാര്യങ്ങൾക്കുമായി യൂത്ത്‌കോൺഗ്രസ് എന്ന നിലയിൽ പണം കൊടുത്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
എൻജിഒ അസോസിയേഷൻ, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നിവയെല്ലാം വിട്ടുനിന്നു. സിഎംഡിആർഎഫ് സുതാര്യമല്ലന്ന് പ്രചരിപ്പിച്ച് സഹായമനസുള്ളവരെ തടയാനും ശ്രമമുണ്ടായി.
എംപി ഫണ്ടിൽനിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പണം നീക്കിവച്ചത് ഒരു കോൺഗ്രസ് എംപിമാത്രം. രാഹുലും പ്രിയങ്കയുമില്ല. ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം എവിടെയെന്ന ചോദ്യത്തിനും കോൺഗ്രസിന് ഉത്തരമില്ല. വിമർശനം കടുത്തപ്പോൾ, വാസയോഗ്യമല്ലാത്ത മൂന്നരയേക്കർ കാട്ടാനത്തോട്ടം വാങ്ങിയതൊഴിച്ചാൽ ഒരടി മുന്നോട്ടുപോയില്ല. സർക്കാർ ടൗൺഷിപ്പിനൊപ്പം കോൺഗ്രസിന്റെ വീടും ഒരുങ്ങുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രഖ്യാപനവും ജലരേഖയായി.










0 comments