ad
Deshabhimani

print edition മുണ്ടക്കൈ ട‍ൗൺഷിപ്‌ ഉദ്‌ഘാടനം ഇന്ന്‌; ഇതാ അതിജീവന നഗരം

mundakkai township

ഉയിരിന്റെ ഋതു... 21 വർത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകൻ ഋതുദേവും സിന്ധുവും സർക്കാർ നൽകിയ വീടും ടൗൺഷിപ്പും കാണാനെത്തിയപ്പോൾ. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെടുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു സിന്ധു. താമസിച്ച പാടിയും സ്വത്തുമെല്ലാം ഉരുളെടുത്തെങ്കിലും ഉയിര് പോലെ കാത്ത കുഞ്ഞുജീവനുമായി സിന്ധു സ്വപ്‌ന ഭവനത്തിലേക്ക്... ഫോട്ടോ ബിനുരാജ്

avatar
വി ജെ വർഗീസ്‌

Published on Mar 01, 2026, 02:48 AM | 1 min read

കൽപ്പറ്റ: ലോകമേ കാണുക, പുതിയ പുഞ്ചിരിമട്ടത്തിന്റെ ഹൃദയത്തുടിപ്പ്‌. കണ്ണ‍ീർ മുത്തുകൾക്കുമേൽ കേരളം പടുത്തുയർത്തിയ അതിജീവനനഗരം. ഉയിർത്തെഴുന്നേറ്റ്‌ വെള്ളരിമലയുടെ താഴ്‌വാരത്തെ മുണ്ടക്കൈയും ചൂരൽമലയും. ഉരുളൊഴുക്കിൽ ചിതറിയ ജീവിതം ഒത്തുചേർന്ന്‌ വിടരുന്നു. അവിടെ ഇനി സ്‌നേഹവും പുഞ്ചിരികളും പൂക്കും. ഒരുമിച്ച്‌ നെയ്‌ത സ്വപ്‌നങ്ങൾ യാഥാർഥ്യമാകും. കരുത്തിന്റെ, കരുതലിന്റെ ലോകമാതൃകയായി കൽപ്പറ്റയിൽ തലയുയർത്തി നിൽക്കുകയാണ്‌ ട‍ൗൺഷിപ്പ്‌. ഒരു സർക്കാരിന്റെ ‘മനഃസാക്ഷിയിലെ മനുഷ്യത്വം.’


കൽപ്പറ്റയിൽ സർക്കാർ ഒരുക്കിയ ട‍ൗൺഷിപ്പിന്റെ ആദ്യഘട്ടം ഞായർ പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്‌ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്ക്‌ വീട്‌ കൈമാറും. ആയിരം ചതുരശ്രയടിയാണ്‌ വിസ്‌തീർണം. ഏഴ്‌ സെന്റിന്റെ പട്ടയം നൽകും. നിർമാണം തുടങ്ങി 320–ാം ദിനമാണ്‌ ആദ്യഘട്ടം പൂർത്തിയായത്‌.

2024 ജൂലൈ 29ന്‌ രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ്‌ ഒലിച്ചുപോയത്‌. വീണ്ടും ഒരുമിച്ച്‌ ജീവിക്കണം എന്നതായിരുന്നു സർവവും നഷ്‌ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സർക്കാർ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത്‌ നേടി. ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്‌, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ സ്‌പെയ്‌സ്‌... എല്ലാം സജ്ജം.


64.47 ഹെക്‌ടറിൽ 410 വീടാണ്‌ നിർമിക്കുന്നത്‌. 304 വീടിന്റെ വാർപ്പ്‌ പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടും കൈമാറും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, കമ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്‌, ഉരുൾ സ്‌മാരകം, ഓപ്പൺ തിയറ്റർ, മൾട്ടിപർപ്പസ്‌ ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈദ്യുതി സബ്‌സ്റ്റേഷൻ തുടങ്ങിയവയും നിർമിക്കും. ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയുമായുള്ള ഇപിസി (എൻജിനിയറിങ് പ്രൊക്യുയർമെന്റ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ) കരാറിലൂടെ 299 കോടി രൂപയാണ്‌ വിനിയോഗിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home