ad
Deshabhimani

print edition കേരളത്തിൽ മൾട്ടി സ്‌റ്റേറ്റ്‌ സഹ. സംഘങ്ങൾ പെരുകുന്നു

multi-state cooperative societies
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Aug 19, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‌ നിയന്ത്രണമില്ലാത്ത മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളുടെ (എംഎസ്‌സിഎസ്‌) എണ്ണം കേരളത്തിൽ പെരുകുന്നു. 2025 വരെ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തവയുടെ എണ്ണം 96 ആയിരുന്നെങ്കിൽ ഇ‍ൗ വർഷം അത്‌ 102 ആയി. കൂടുതൽ എംഎസ്‌സിഎസുകൾ കേരളത്തിൽ രജിസ്‌റ്റർ ചെയ്യാൻ ശ്രമിക്കുകയാണ്‌. കൂടാതെ തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ ആസ്ഥാനമായുള്ള നിരവധി സൊസൈറ്റികളുടെ ശാഖകളും കേരളത്തിൽ സജീവമാണ്‌.


കേരളത്തിലെ ഗ്രാമീണമേഖലയുടെ നട്ടെല്ലായ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ നീക്കം ശക്തമാക്കിയതിനുപിന്നാലെയാണ്‌ എംഎസ്‌സിഎസുകളുടെ വരവ്‌ വർധിച്ചത്‌. ഇത്തരം സ്ഥാപനങ്ങളുടെയും വ്യാജനിക്ഷേപ കമ്പനികളുടെയും വളർച്ച സഹകാരികളിൽ ആശങ്ക വർധിപ്പിക്കുകയാണ്‌. 2021നും 2025നും ഇടയിൽ ഫണ്ട് ദുരുപയോഗം, തിരിച്ചടവിലെ വീഴ്‌ച തുടങ്ങിയ ക്രമക്കേടുകളെ തുടർന്ന്‌ വിവിധ സംസ്ഥാനങ്ങളിലായി 56 എംഎസ്‌സിഎസുകൾ പൂട്ടിപ്പോയി. രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, കർണാടകം, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഒഡിഷ, ദാദ്ര നാഗർ ഹവേലി തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവയാണ്‌ പൂട്ടിയത്‌. ഇന്ത്യയിലെ 790 എംഎസ്‌സിഎസുകൾക്ക്‌ കേന്ദ്ര സഹകരണ രജിസ്‌ട്രാർ നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. ലാഭവിഹിതത്തിൽനിന്ന്‌ കേന്ദ്ര സർക്കാരിന്‌ നൽകേണ്ട ഫണ്ട്‌ അടച്ചില്ലെന്നതിനാലാണ്‌ നടപടി. കേരളത്തിലും നിരവധി ബഹുസംസ്ഥാന സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്. കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘം 450 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനെത്തുടർന്ന്‌ ഉന്നത ഉദ്യോഗസ്ഥരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കോഴിക്കോട്ടുള്ള മൂന്ന്‌ സംഘങ്ങൾക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്‌.


റിസർവ്‌ ബാങ്കിന്റെ അംഗീകാരത്തോടെയാണ്‌ ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്‌ എന്നതാണ്‌ നിക്ഷേപകരുടെ വിശ്വാസത്തിന്‌ കാരണം. 14.5 ശതമാനംവരെ പലിശയും മാസങ്ങൾക്കുള്ളിൽ നിക്ഷേപം ഇരട്ടിയാക്കുമെന്നുമുള്ള വാഗ്‌ദാനവുംകേട്ട്‌ മയങ്ങി പലരും കൈവശമുള്ളത്‌ കൊടുക്കും. സംഘങ്ങൾ പ‍ൂട്ടിപ്പോയാൽ റിസർവ്‌ ബാങ്കിനോ സംസ്ഥാന സർക്കാരുകൾക്കോ ഉത്തരവാദിത്വമുണ്ടാകില്ല. നിക്ഷേപകർ സ്വന്തംനിലയിൽ പണം തിരിച്ചുപിടിക്കാനുള്ള നടപടികളിൽ ഏർപ്പെടേണ്ടിവരും എന്നതാണ്‌ അപകടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home