മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; തമിഴ്‌നാട്ടിലേക്ക് ജലമൊഴുക്കും

മുല്ലപ്പെരിയാർ
ഇടുക്കി: തമിഴ്നാട്ടിലെ ജലസേചനത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായി സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുന്നത്.
സാധാരണ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടർ ഉയർത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് താമസിച്ചത്. കൂടാതെ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനും തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധി ആയിരുന്ന ടി കെ ശിവരാജൻ തമിഴ്നാട് സർക്കാറിന്റെ വിദഗ്‌ധ അംഗമായി. തമിഴ്നാട്ടിലെ അണക്കെട്ടുക്കളുടെ സുരക്ഷാപരിശോധന സമിതിയിലെ വിദഗ്‌ധ അംഗമായാണ് നിയമനം.
കേന്ദ്ര ജലകമ്മീഷൻ മുൻ ചീഫ് എഞ്ചിനിയറായിരുന്ന ശിവരാജനെ കഴിഞ്ഞ ജൂണിൽ കേരളത്തിന്റെ സമ്മതമില്ലാതെ കേന്ദ്ര സർക്കാർ വിദഗ്‌ധ സമിതിയിൽ നിന്ന് മാറ്റുകയായിരുന്നു. ഒഡീഷ മുൻ സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് ദാസിനെ പകരം നിയമിച്ചു. മുല്ലപെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാടുകളും മറ്റും വിശദമായി അറിയുന്ന ശിവരാജൻ തമിഴ്‌നാട് സമിതിയിൽ അംഗമാകുന്നത് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടിയായേക്കും.









0 comments