'ദേവൂട്ടി ഹാപ്പിയാണ്, ഒരു പാലം ഒരു ജനതയുടെ ജീവിതത്തെ തന്നെ മാറ്റുകയാണ്; മന്ത്രി റിയാസ്

ദേവൂട്ടി (ഇടത്) പെരുമ്പളം പാലം (നടുവില്‍), മന്ത്രി പി എ മുഹമ്മദ് റിയാസ് (വലത്)
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കലാകാരനുമായ പെരുമ്പളം ശരത്ത് കുറിച്ച ദേവൂട്ടിയുടെ സന്തോഷം ശ്രദ്ധയില്‍പ്പെട്ടതായും അത് തന്‍റെ മനസ് നിറച്ചുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലം ഉദ്ഘാടനം കഴിഞ്ഞ ശേഷവും പെരുമ്പളത്ത് നിന്നും വരുന്ന വാർത്തകൾ സന്തോഷം തരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സ്കൂൾ ബസിൻ്റെ സമയത്ത് ബോട്ട് കിട്ടണം, ബോട്ടിൽ സമയത്ത് എത്തണമെങ്കിൽ അതിരാവിലെ എഴുന്നേൽക്കണം, ഉറക്കം പോലും മാറാതെ പാതി ഭക്ഷണവും കഴിച്ച് ബോട്ട് ജെട്ടിയിലേക്ക് ഓടിപ്പോകുന്ന ദേവൂട്ടിയുടെ കഥ പെരുമ്പളം ദ്വീപിലെ എല്ലാ വിദ്യാർഥികൾക്കും അവരുടേതായ രീതിയിൽ പറയാനുണ്ടാകും. കുട്ടികൾക്ക് ബോട്ട് കിട്ടിയില്ലെങ്കിലോ, ബസ് മിസ്സായാലോ അവരെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ പിന്നെയും കഷ്ടപ്പെടണം. വൈകി സ്കൂളിലെത്തുകയെന്നത് ദേവൂട്ടിയെപ്പോലെ എല്ലാ കുട്ടികൾക്കും വലിയ പ്രയാസവുമായിരിക്കും.
വീട്ടിൽ നിന്ന് ബോട്ട് കയറി വീണ്ടും ബസ് കയറി സ്കൂളിൽ എത്താൻ 1 മണിക്കൂർ എടുത്ത സ്ഥാനത്ത് ഇപ്പോൾ 10 മിനിറ്റ് കൊണ്ട് ദേവൂട്ടിയും കൂട്ടുകാരും സ്കൂളിലെത്തുന്നു. രാവിലെ ആവശ്യത്തിന് ഉറങ്ങി, സമാധാനത്തോടെ ഭക്ഷണം കഴിച്ച് സ്കൂളിലെത്താൻ ഇന്ന് സാധിക്കുന്നു. ഒരു പാലം ഒരു ജനതയുടെ ജീവിതത്തെതന്നെ മാറ്റുകയാണെന്ന് മന്ത്രി കുറിച്ചു. ദേവൂട്ടിയും കൂട്ടുകാരും, പെരുമ്പളം ദ്വീപ് നിവാസികളും ഇപ്പോൾ ഹാപ്പിയാണെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.
കായലിനു നടുവിൽ ഒറ്റപ്പെട്ടുപോയ പെരുമ്പളം ദ്വീപിലെ താമസക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് മാര്‍ച്ച് ഏഴിന് പൂവണിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തു കായലിനു കുറുകെ നിർമിച്ച ഏറ്റവും നീളമേറിയ പാലം എന്ന വിശേഷണം കൂടി പെരുമ്പളം പാലത്തിനുണ്ട്.
1.155 കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം വഴി അരൂക്കൂറ്റി പഞ്ചായത്തിൽ നിന്നു പെരുമ്പളം ദ്വീപിലെത്താം. കിഫ്ബി പദ്ധതിയിൽ 100 കോടി രൂപ ചെലവിലാണു പാലത്തിന്‍റെ നിർമാണം. ദ്വീപിനെ പൂത്തോട്ട വഴി തൃപ്പൂണിത്തുറ–വൈക്കം സംസ്ഥാന പാതയുമായി ബന്ധിപ്പിക്കലാണു പാലത്തിന്റെ രണ്ടാംഘട്ട നിർമാണം.










0 comments