ഗവ. പ്ലീഡറായി ബിജെപി അഭിഭാഷകൻ: നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിശദീകരിക്കണം- മുഹമ്മദ് റിയാസ്

കോഴിക്കോട്: ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന ഗവ. പ്ലീഡർമാരുടെ പട്ടികയിൽ ബിജെപിയുടെയും എബിവിപിയുടെയും മുൻ പ്രവർത്തകനായ അഭിഭാഷകനെ ഉൾപ്പെടുത്തിയ നടപടി അതീവ ഗൗരവമുള്ളതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു.
ജൂലൈ എട്ടിനാണിത് സംബന്ധിച്ച ഉത്തരവിറക്കിയത്. സീനിയർ പ്ലീഡർമാരും സ്പെഷ്യൽ പ്ലീഡർമാരും ഉൾപ്പെടെ 31 പേരെയാണ് ഹൈക്കോടതിയിൽ നിയമിച്ചത്. ഈ പട്ടികയിൽ മുൻ എബിവിപി നേതാവും നിലവിൽ ബിജെപിയുടെ സജീവ പ്രവർത്തകനുമായ അഭിഭാഷകനുമുണ്ട്. ആർഎസ്എസ് പ്രവർത്തകരുമായി ബന്ധപ്പെട്ട കേസുകളിലും ഹാജരാകുന്ന അഭിഭാഷകരുടെ പട്ടികയിൽ ഉൾപ്പെട്ടയാൾ പ്ലീഡർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടത് ആശങ്കാജനകമാണ്.
സർക്കാർ പ്ലീഡർമാരുടെ നിയമനം നിയമവകുപ്പാണ് നടത്തുന്നത്. മുഖ്യമന്ത്രിയാണ് നിയമവകുപ്പ് കൈകാര്യംചെയ്യുന്നത്. അതിനാൽ ഇത്തരമൊരു നിയമനം എങ്ങനെ സംഭവിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തൃശൂർ ലോ കോളേജിൽ എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്നുവെന്ന് അറിയപ്പെടുന്ന വ്യക്തിയെ സർക്കാർ പ്ലീഡർമാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടയായ സാഹചര്യത്തെം വിശദീകരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
ഇക്കഴിഞ്ഞ ദിവസം സംഘപരിവാർ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചതുൾപ്പെടെ ചർച്ചയായതിനിടയിലാണ് ഈ നിയമനവും പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടു ഇക്കാര്യത്തിൽ കോൺഗ്രസിന്റെയും എഐസിസിയുടെയും സർക്കാരിന്റെയും ഔദ്യോഗിക നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. പല വിഷയങ്ങളിലും തെറ്റായ തീരുമാനങ്ങൾ എടുത്തശേഷം തിരുത്തേണ്ട സാഹചര്യം സർക്കാർ ആവർത്തിക്കുകയാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.










0 comments