"കാലുപിടിച്ചും മാപ്പുപറഞ്ഞും കയറിക്കൂടി, ഇപ്പോൾ വിഷം തുപ്പുന്നു", നവാസ് വിഷയത്തിൽ ഫാത്തിമ തഹ്‍ലിയക്കെതിരെ എംഎസ്എഫ്

പി കെ നവാസ്, ഫാത്തിമ തഹ്‍ലിയ
തിരുവനന്തപുരം: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ ഗുരുതര ആരോപണവുമായി എംഎസ്എഫ് നേതാക്കൾ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റും താനൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പി കെ നവാസിനെതിരെ ലൈംഗികാധിക്ഷേപ പരാതി നൽകിയതിലും വിഷയം വീണ്ടും ചർച്ചയാക്കിയതിലുമാണ് ഫാത്തിമക്കെതിരെ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഫാത്തിമ തഹ്‍ലിയയും മുസ്ലിം യൂത്ത് ലീഗ് നേതാവായ മുഫീദ തസ്നിയയും നവാസിന്റെ പച്ചമാംസം കൊത്തിവലിക്കുകയാണെന്ന് എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ് പറഞ്ഞു.
സംസാരിക്കാൻ താൽപര്യമില്ലെങ്കിലും വിഷയത്തിൽനിന്ന് താൻ പിന്നോട്ട് പോയിട്ടില്ലെന്ന് ഫാത്തിമ കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് നവാസ് അനുകൂലികളായ എംഎസ്എഫ് നേതാക്കളെ ചൊടിപ്പിച്ചത്. നവാസ് മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടറോട് നവാസിന്റെ വിഷയം ഉള്ളതാണെങ്കിലും പാർടിയുടെ ഉള്ളിൽ തീരുമാനമാക്കിയതാണെന്ന് മുഫീദ അവകാശപ്പെടുകയും ചെയ്തു. നവാസിന്റെ വിഷയം ഉള്ളത് തന്നെയാണെന്ന് മുഫീദ സമ്മതിക്കുന്ന വാട്ട്സാപ്പ് ചാറ്റ് വഹാബ് പുറത്തുവിട്ടു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നവാസിനെതിരെ വീണ്ടും നീക്കം നടത്തിയതിന് പിന്നിൽ മറ്റ് മാനദണ്ഡങ്ങളുണ്ടെന്നാണ് എംഎസ്എഫ് നേതാക്കളുടെ ആരോപണം. നവാസിനെതിരെ പരാതി നൽകിയ ശേഷം മുസ്ലിംലീഗ് നേതാക്കളുടെ കാലുപിടിച്ചും മാപ്പുപറഞ്ഞും പാർടിയിൽ കയറിക്കൂടുകയായിരുന്നു ഫാത്തിമ ഉൾപ്പെടെയുള്ള ഹരിത നേതാക്കളെന്ന് വഹാബ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും നവാസിനെതിരെ വീണ്ടും പത്തിവിടർത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടിന്റെ പാരമ്യമാണ്. വിഷയം അവസാനിപ്പിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ വാക്കിനെ പരസ്യമായി വെല്ലുവിളിക്കൽ കൂടിയാണ് ഫാത്തിമ ചെയ്തത്. സ്ഥാനമാനങ്ങൾക്കും മാധ്യമ കവറേജിനും സോഷ്യൽമീഡിയ ലൈക്കിനും വേണ്ടി സ്വന്തം സഹപ്രവർത്തകനെ പിന്നിൽ നിന്ന് കുത്തുന്ന ഈ നികൃഷ്ട മനസ്സ് മാരകമായൊരു മനോരോഗമാണ്. കാലം ഇതിന് മറുപടി നൽകുമെന്നും വഹാബ് പോസ്റ്റിൽ പറയുന്നു.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാൻ ശ്രമിക്കുകയുമാണെന്നായിരുന്നു നവാസിനെതിരെ ഫാത്തിമ ഉൾപ്പെടെയുള്ള നേതാക്കൾ പരാതിപ്പെട്ടത്. വാർത്താസമ്മേളനങ്ങൾ ഉൾപ്പെടെ വിളിച്ച് വനിതാ നേതാക്കൾ നവാസിനെതിരെ ഗുരുതര ആരോപണമാണ് അന്ന് ഉന്നയിച്ചത്. പിന്നീട് വനിതാ കമീഷന് പരാതി നൽകുകയും നവാസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. സംഭവം വലിയ ചർച്ചയായതോടെ ലീഗ് നേതാക്കൾ ഇടപെട്ട് ചർച്ച നടത്തി ഒത്തുതീർപ്പിലെത്തുകയായിരുന്നു.










0 comments