വയനാട് ടൗൺഷിപ്പ്
കെ രാജനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന അമ്മ; വയനാട്ടില്‍ നിന്നും ലോകം മുഴുവന്‍ കണ്ട കാരുണ്യത്തിന്‍റെ ഒരു ചിത്രം

Wayanad Township
സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയാണ് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പ്. പെരുമഴയത്തും മലവെള്ളപ്പാച്ചിലിലും ഒരു നാടൊന്നാകെ ഒലിച്ചുപോയതിന് മുന്നിൽ കേരളം ഒന്നാകെ പകച്ചുനിന്നു. ഇനിയെന്ത് എന്ന ചോദ്യം അങ്ങോളമിങ്ങോളമുയർന്നു. മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഇന്നിതാ ഒരു നാടിനെത്തന്നെ തിരികെ നൽകിയിരിക്കുകയാണ് ഇടതുസർക്കാർ.
വയനാട് ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടന വേളയില്‍ സോഷ്യല്‍മീഡിയയിലൂടെ ലോകം മുഴുവന്‍ കണ്ട ഒരു ചിത്രമുണ്ട്. മന്ത്രി കെ രാജനെ ചേർത്തുപിടിച്ച് കരയുന്ന പത്ത് വയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ ചിത്രം. നൊന്തുപെറ്റ മകളെയും കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടവും കുത്തൊഴുക്കിൽ ഒലിച്ചുപോയി എല്ലാം നഷ്ടമായ ഒരു അമ്മ. അവർ മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് നിർത്താതെ നിലവിളിച്ചപ്പോൾ, മന്ത്രിയുടെ കണ്ണും നിറഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവർക്ക്, മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ് അവർക്കൊപ്പം ഉണർന്നിരുന്ന സർക്കാർ ആ വാക്ക് നിറവേറ്റിയ ഈ ദിവസം അവരോടൊപ്പം ആശ്വാസത്താൽ കണ്ണ് നിറഞ്ഞത് നിരവധിയാളുകൾക്കായിരുന്നു. കല്ലിടുക മാത്രമല്ല, കല്ലിനുമേൽ കല്ലുവച്ച്, അതിനുമേൽ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും ചേർത്തുവച്ചാണ് സർക്കാർ ഓരോ വീടുകളും നിർമിച്ചത്. മനുഷ്യരുടെ ആശയും അഭിലാഷവും വീണുപോകാതെ, സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നം കെട്ടിയുയർത്തിയപ്പോൾ ചൂരൽമലക്കാർക്കും മുണ്ടക്കൈക്കാർക്കും തിരികെ ലഭിച്ചത് അവരുടെ സ്വന്തം നാടിനെ തന്നെയാണ്.
ഒരൊറ്റ രാത്രിയിൽ ജീവിതം മുഴുവൻ തലകീഴായി മറിക്കപ്പെട്ടവരായിരുന്നു ഈ നാട്ടുകാർ. ഉറ്റവരും ഉടയവരുമെല്ലാം നഷ്ടമായവരായിരുന്നു അവർ. ഇനി എന്ത് എന്നും എങ്ങനെ എന്നും ആശങ്കപ്പെട്ടിരുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ഈ ദിവസം. കേരളത്തിൽ ചരിത്രത്തില്‍, അല്ല രാജ്യത്തിന്റെ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ദിവസംകൂടിയായിരുന്നു ഇന്ന്.
നയാപൈസ കേന്ദ്രം കൊടുക്കാതെ കേരളത്തെ അവഗണിച്ചപ്പോഴും അതെല്ലാം മറികടന്ന് ഇടത് സർക്കാർ പടുത്തുയർത്തിയത് കേവലം നാല് ചുവരുകളായിരുന്നില്ല, ജീവിതമേ അവസനിച്ചു എന്ന് കരുതിയവർക്കുള്ള പുതിയ ജീവിതത്തിലേക്കുള്ള സ്വപ്നങ്ങൾ കൂടിയായിരുന്നു. വാഗ്ദാനങ്ങളോ പൊള്ളയായ വാക്കുകളോ ഒന്നുമില്ല, പകരമുള്ളത് ഒരൊറ്റ ഉറപ്പാണ് ഏത് പ്രതിസന്ധിയിലും ഇടത് സർക്കാർ ചേർത്തുപിടിക്കുമെന്ന ഉറപ്പ്.









0 comments