ad
Deshabhimani

കെ-ടെറ്റിനും യുഐഡിക്കും കൂടുതൽ ഇളവുകൾ

k tet sivankutty
വെബ് ഡെസ്ക്

Published on Mar 15, 2026, 10:46 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കെ-ടെറ്റ് യോഗ്യതയിൽ ഇതുവരെ നൽകിയ ഇളവുകൾക്കു പുറമെ കൂടുതൽ ഇളവുകൾ കൂടി ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവീസിൽ തുടരുന്നതും 2025 സെപ്തംബർ 1 ന് മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ- ടെറ്റ് യോഗ്യത 2025 സെപ്തംബർ 1 മുതൽ 2 വർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകും. അതാത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാം.


ഹയർസെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്എസ്എസ്ടി / എച്ച്എസ്എസ്ടി ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കും.


യോഗ്യത സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ 2024 മുതൽ 2026 വരെയുള്ള വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു. ഇത് വർഷത്തിൽ 2 പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.


സ്കൂളുകളിൽ അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായി തസ്തിക നിർണയ മാനദണ്ഡങ്ങളിലും സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചുവെന്ന്‌ മന്ത്രി അറിയിച്ചു. 2026 ആ​ഗസ്ത് 20 വരെ വാലിഡ് യുഐഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെയും കൂടി തസ്തിക നിർണയത്തിന് പരിഗണിക്കാമെന്ന് തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മുമ്പ് നടപ്പ് അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനത്തിൽ പ്രവേശനം നേടിയ എൻറോൾമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ (ഇഐഡി) മാത്രം ലഭ്യമായുള്ളതും 2025 ജൂലൈ 14 വരെ വാലിഡ് യുഐഡി സമർപ്പിച്ചിട്ടുള്ള കുട്ടികളെ തസ്തിക നിർണയത്തിന് പരിഗണിക്കാമെന്നാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ കൂടുതൽ അധ്യാപകരെ സർവീസിൽ നിലനിർത്തുന്നതിനായി അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ചട്ടങ്ങളിൽ ഇളവ് നൽകി അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളിൽ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ ജോലി സംരക്ഷണ ആനുകൂല്യം 2022 മാർച്ച് 31 വരെ ദീർഘിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. 2015 ജൂൺ 1 മുതൽ 2022 മാർച്ച് 31 വരെ നിയമനം ലഭിച്ച അംഗീകൃത അധ്യാപകർക്ക് ഈ തീരുമാനത്തിന്റെ ഗുണഫലം ലഭിക്കും. നിലവിൽ സർവീസിന് പുറത്തുനിൽക്കുന്ന 242 അധ്യാപകർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാനാകും. കൂടാതെ മുപ്പതിനായിരത്തോളം വരുന്ന അധ്യാപകർക്ക് ഈ തീരുമാനം പരോക്ഷമായി ജോലി സുരക്ഷ ഉറപ്പാക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home