print edition ഫോണിൽ മുഴങ്ങിയ അപായ സൈറൺ

വിനീത് കെ കോലാരത്ത്
Published on Jun 11, 2026, 12:01 AM | 2 min read
കഴിഞ്ഞ ദിവസം കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിലുള്ള ലക്ഷക്കണക്കിനാളുകളുടെ മൊബൈൽ ഫോണുകളിൽ ഒരേസമയം ഒരു വലിയ അലാറം ശബ്ദം മുഴങ്ങി. ഫോൺ സൈലന്റ് മോഡിൽ ഇട്ടിരുന്നവർക്കും ലോക്ക്ചെയ്ത് വെച്ചിരുന്നവർക്കും ഒരേ തീവ്രതയിൽ സ്ക്രീനിൽ ഒരു പ്രത്യേക മുന്നറിയിപ്പ് സന്ദേശവും ഒപ്പം നിർത്താതെയുള്ള സൈറൺ ശബ്ദവും ലഭിച്ചു.
പലരും ഫോണുകൾക്ക് എന്തോ തകരാർ സംഭവിച്ചു എന്ന് ഭയപ്പെട്ടു. എന്നാൽ അത് കേന്ദ്ര ടെലികോം വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NDMA) ചേർന്ന് നടത്തിയ ഒരു സാങ്കേതിക പരീക്ഷണമായിരുന്നു. ദുരന്തമുഖങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കാൻ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനമാണിത്.
സചേത് സുരക്ഷാ കവചം
പൂർണ്ണമായും തദ്ദേശീയമായി (Indigenous) വികസിപ്പിച്ചെടുത്ത ഈ സംയോജിത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഔദ്യോഗിക പേര് ‘സചേത്' (SACHET) എന്നാണ്. കേന്ദ്ര സർക്കാരിന്റെ ടെലികോം ഗവേഷണ വികസന കേന്ദ്രമായ സി-ഡോട്ട് (C-DOT -– Centre for Development of Telematics) ആണ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തത്.
എന്താണ് സെൽ ബ്രോഡ്കാസ്റ്റ് ?
ഒരു പ്രത്യേക ഭൂമിശാസ്ത്ര പരിധിയിലുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം റേഡിയോ തരംഗങ്ങൾ വഴി അടിയന്തിര സന്ദേശങ്ങൾ അയക്കുന്ന രീതിയാണിത്. എസ്എംഎസ് അയക്കുമ്പോൾ നെറ്റ്‌വർക്കിൽ തിരക്കുണ്ടായാൽ സന്ദേശങ്ങൾ വൈകാൻ സാധ്യതയുണ്ട്. എന്നാൽ സെൽ ബ്രോഡ്കാസ്റ്റിങിൽ ഒരു മൊബൈൽ ടവറിന്റെ പരിധിയിലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരൊറ്റ സെക്കൻഡിൽ സന്ദേശം എത്തും. ഇതിനായി മൊബൈലിൽ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ദുരന്തസമയങ്ങളിൽ സാധാരണ ടെലിഫോൺ ലൈനുകൾ ജാം ആയാൽ പോലും ഈ സംവിധാനം വഴി സ ജനങ്ങളെ തത്സമയം വിവരമറിയിക്കാനാവും.
നേരിട്ട് ടവറിലേക്ക്
നമ്മുടെ മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നത് അടുത്തുള്ള ടെലികോം ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ചുകൊണ്ടാണ്. സെൽ ബ്രോഡ്കാസ്റ്റിങിൽ ദുരന്ത നിവാരണകൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശം ‘ക്യാപ്' (Commom Alerting Protocol) വഴി പ്രദേശത്തെ മൊബൈൽ ടവറുകളിലേക്ക് (Cell Sites) നേരിട്ട് കൈമാറുന്നു. ഈ ടവറുകൾ തങ്ങളുടെ പരിധിയിലുള്ള എല്ലാ ഫോണുകളിലേക്കും ഒരേസമയം ഈ അടിയന്തിര സന്ദേശം ‘ബ്രോഡ്കാസ്റ്റ്' ചെയ്യും.
ഫോൺ സ്ക്രീനിൽ തെളിയുന്ന സന്ദേശം വായിച്ച് നമ്മൾ ‘OK' ബട്ടൺ അമർത്തുന്നതുവരെ പ്രത്യേക സൈറൺ ശബ്ദം നിലയ്ക്കില്ല. കാരണം അപകടസാധ്യതാപ്രദേശങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വർ--പോലും ഉണർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം എന്ന താണ് ലക്ഷ്യം. ജിഎസ്എം (Global System for Mobile communication) സാങ്കേതികവിദ്യയുടെ പ്രത്യേക പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതിനാൽ എല്ലാ ഫോണുകളിലും ഇത് ഒരേപോലെ പ്രവർത്തിക്കും.
ഭാവി സാധ്യതകൾ
കാലാവസ്ഥാ വ്യതിയാനം വെല്ലുവിളികൾ ഉയർത്തുന്ന കാലത്ത് അപകടമുന്നറിയിപ്പ് മേഖലയിൽ സചേതിന് വലിയപങ്കുണ്ട്.
ഭാവിയിൽ ഈ സംവിധാനത്തെ കൃത്രിമ ഉപഗ്രഹങ്ങളുമായും (Satellites) ഐഎസ്ആർഓയുടെ (ISRO) നാവിക് (NavIC) നാവിഗേഷൻ സംവിധാനവുമായും കാലാവസ്ഥാ റഡാറുകളുമായും നേരിട്ട് ഘടിപ്പിക്കാൻ സാധിക്കും. പശ്ചിമഘട്ട മേഖലയിലോ തീരദേശത്തോ ഉണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ മനുഷ്യസഹായമില്ലാതെ സെൻസറുകൾ തിരിച്ചറിഞ്ഞ് നിമിഷങ്ങൾക്കകം പ്രദേശവാസികളുടെ ഫോണുകളിലേക്ക് ഓട്ടോമാറ്റിക് ആയി അലാറം എത്തും.
ഭാവിയിൽ ഡ്രോൺ അധിഷ്ഠിത രക്ഷാപ്രവർത്തന സംവിധാനങ്ങളുമായും ബന്ധിപ്പിക്കാം. മൊബൈൽ ടവറുകൾ തകരുന്ന സാഹചര്യങ്ങളിൽ താൽക്കാലിക തരംഗങ്ങൾ സൃഷ്ടിക്കുന്ന ‘ഫ്ലയിങ് ടവറുകളായി' ഡ്രോണുകളെ മാറ്റി ഇത്തരം അലർട്ടുകൾ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കാൻ വരുംകാല സാങ്കേതികവിദ്യയ്ക്ക് സാധിക്കും.











0 comments