തൊഴിലുറപ്പിലും കേരളത്തിന്‌ അവഗണന; കേന്ദ്രം ഒരു കോടി 
തൊഴിൽദിനം വെട്ടിക്കുറച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ഒ വി സുരേഷ്‌

Published on Mar 16, 2025, 03:41 AM | 1 min read

തിരുവനന്തപുരം ; ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. 11 കോടി തൊഴിൽദിനങ്ങൾ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. തൊഴിൽദിനം അഞ്ചുകോടിയായാണ്‌ ഈ മാസം ആദ്യവാരംചേർന്ന ദേശീയ തൊഴിലുറപ്പ്‌ എംപവേർഡ്‌ കൗൺസിൽ കുറച്ചത്‌. നിലവിൽ ഇത്‌ ആറുകോടിയായിരുന്നു.

2023–-24ൽ 10കോടി തൊഴിൽദിനങ്ങളാണ്‌ കേരളത്തിനുണ്ടായിരുന്നത്‌. 2024–-25ൽ ഇത്‌ ആറുകോടിയാക്കി. ജില്ലകളിൽനിന്നുള്ള ആവശ്യങ്ങൾ കണക്കിലെടുത്താണ്‌ അടുത്ത സാമ്പത്തിക വർഷം 11 കോടി തൊഴിൽദിനം ആവശ്യപ്പെട്ടത്‌. ദേശീയ കൗൺസിൽ യോഗത്തിൽ സംസ്ഥാന തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫും തൊഴിലുറപ്പ്‌ മിഷൻ ഡയറക്ടർ എ നാസിമുദ്ദീനും പങ്കെടുത്താണ്‌ ആവശ്യമുന്നയിച്ചത്‌. തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന വെട്ടിക്കുറവുകളെ സംബന്ധിച്ച്‌ പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്‌ വന്നത്‌ അടുത്ത ദിവസമാണ്‌.

തൊഴിലുറപ്പ്‌ ഫണ്ട്‌ വിഹിതത്തിൽ 23,446 കോടിരൂപ കേന്ദ്ര കുടിശ്ശികയാണെന്നാണ്‌ റിപ്പോർട്ട്‌. ബജറ്റ്‌ വിഹിതത്തിന്റെ 27.26 ശതമാനം വരുമിത്‌. ഇപ്പോൾ അനുവദിച്ച ഫണ്ട്‌ മുൻവർഷങ്ങളിലെ കുടിശ്ശിക തീർക്കാനാണ്‌ ഉപയോഗിക്കുക. കേരളത്തിന്‌ കഴിഞ്ഞ ഡിസംബറിനുശേഷം കൂലിയോ സാധനസാമഗ്രികളുടെ വിലയോ കിട്ടിയിട്ടില്ല. കൂലിയിനത്തിൽ 695 കോടിയും സാധനസാമഗ്രികളുടെ വിലയായി 260 കോടിയും ലഭിക്കാനുണ്ട്‌. 346 രൂപയാണ്‌ കേരളത്തിലെ തൊഴിലാളികൾക്ക്‌ കൂലിയായി കേന്ദ്രം നിശ്‌ചയിച്ചത്‌. ഹരിയാനയിൽ ഇത്‌ 357 രൂ
പയും. കൂലി വർധിപ്പിക്കണമെന്ന്‌ കേരളം നിരന്തരം ആവശ്യപ്പെടുന്നതാണ്‌.

20,55,855 സജീവമായ കുടുംബങ്ങളാണ്‌ കേരളത്തിൽ തൊഴിലുറപ്പു പദ്ധതിയിലുള്ളത്‌. എന്നാൽ പദ്ധതിയെ തകർക്കുന്ന കേന്ദ്രസമീപനവും കൂലി കൃത്യമായി നൽകാത്തതും തൊഴിലാളികളിൽ അസംതൃപ്‌തി പടർത്തുന്നു.



deshabhimani section

Related News

0 comments
Sort by

Home