വയനാട് വനത്തിൽ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൽപ്പറ്റ: വയനാട് വനത്തിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടെത്തി. വയനാട് മേപ്പാടി വടുവൻചാൽ വനമേഖലയിൽ കാണാതായ താമരശ്ശേരി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ഒടുവിൽ കണ്ടെത്തിയത്. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ചേരമ്പാടി ഉൾക്കാട്ടിലേക്ക് കുട്ടികൾ പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിലാണ് രാത്രിയോടെ ഇവരെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഒരു സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയെയും സഹപാഠിയായ ആൺകുട്ടിയെയും കാണാതാകുന്നത്. രാവിലെ വീട്ടിൽ നിന്നും സ്കൂൾ യൂണിഫോമിൽ ഇറങ്ങിയ വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് ക്ലാസ് ടീച്ചർ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികൾ ഇരുവരും ഒരുമിച്ച് ബൈക്കിൽ പോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു.
ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ വടുവൻചാൽ വനമേഖലയിൽ എത്തിച്ചത്. കുട്ടികൾ തമിഴ്‌നാട് അതിർത്തിയിലെ കാട്ടിലേക്ക് കടന്നെന്ന സൂചന ലഭിച്ചതോടെ നാട്ടുകാരെയും കൂട്ടി പൊലീസ് കാടുകയറുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിലാണ് രാത്രിയോടെ ഇരുവരെയും സുരക്ഷിതരായി കണ്ടെത്താനായത്. കുട്ടികളെ കാട്ടിലെത്തിക്കാൻ സഹായിച്ചതിനാണ് സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.










0 comments