വെനിസ്വേലയെ തകർത്തെറിഞ്ഞ് ഇരട്ട ഭൂചലനം: മരണസംഖ്യ 960 ആയി, അരലക്ഷത്തോളം പേരെ കാണാതായി

image courtesy : afp
കാരക്കാസ്: വെനിസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണം 960 കടന്നു. ദുരന്തത്തിൽ പരിക്കേറ്റ് മൂവായിരത്തിലധികം ആളുകളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ അര ലക്ഷത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. തകർന്നുവീണ നൂറുകണക്കിന് കെട്ടിടങ്ങൾക്കിടയിൽ ഇനിയും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബുധനാഴ്ച രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ഭൂകമ്പം കടുത്ത നാശം വിതച്ച പല പ്രദേശങ്ങളിലേക്കും അടിയന്തര രക്ഷാസേനയ്ക്ക് ഇനിയും പൂർണ്ണമായി എത്തിച്ചേരാൻ സാധിച്ചിട്ടില്ല. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെങ്കിലും, ദുർഘടമായ സാഹചര്യങ്ങൾ കാരണം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.
കരീബിയൻ തീരമേഖല കേന്ദ്രീകരിച്ച് ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം വെനിസ്വേലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിദമായ ഒന്നാണ്.
മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ ഭൂകമ്പം തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. നഗരങ്ങളിലെ നിരവധി ബഹുനില കെട്ടിടങ്ങൾ നിമിഷനേരം കൊണ്ടാണ് തകർന്നടിഞ്ഞത്. രാജ്യത്തെ ആശയവിനിമയ-ഗതാഗത സംവിധാനങ്ങളും പലയിടത്തും പൂർണ്ണമായി തകർന്നു. ദുരന്തബാധിത മേഖലകളിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
യുഎന്നിന്റെ കണക്കനുസരിച്ച് 67 ലക്ഷംപേരെ ഭൂചലനം നേരിട്ടോ അല്ലാതെയോ ബാധിച്ചു. വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതോടെയേ യഥാർഥ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാകു.ദുരന്തമുഖത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. സ്പെയിൻ, എൽ സാൽവദോർ, മെക്സിക്കോ, ചിലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, തുർക്കി, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. നിലവിയെ സാഹചര്യം അതീവ ഗുരുതരമാണെന്ന് യുഎൻ വ്യക്തമാക്കി.
തലസ്ഥാനമായ കരാക്കസിലെ പ്രധാന വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ മറ്റ് ആഭ്യന്തര വിമാനത്താവളങ്ങൾ വഴിയാണ് സഹായങ്ങൾ എത്തിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക വെനസ്വേലയ്ക്കുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. 150 മില്യൺ ഡോളർ അടിയന്തര ധനസഹായം അനുവദിച്ചു. മെക്സിക്കോയും എൽ സാൽവദോറും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വെനസ്വേലയ്ക്ക് കൈമാറി. താൽകാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ, സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, കൊളംബിയൻ നിയുക്ത പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്‌പ്രിയല്ല, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയ ലോകനേതാക്കളും ചൈനീസ് വിദേശമന്ത്രാലയവും വെനസ്വേലയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സഹായവുമായി ഇന്ത്യൻ സംഘം
വെനസ്വേലയിലേക്ക് സഹായഹസ്‌തവുമായി ഇന്ത്യയുടെ ‘ഓപറേഷൻ അമിസ്‌താദ്’ സംഘം പുറപ്പെട്ടു. വ്യോമസേനയുടെ രണ്ട് സി 17 വിമാനങ്ങളിലാണ് മെഡിക്കൽ സംഘവും 35 ടൺ അവശ്യസാധങ്ങളുമായി സംഘം പുറപ്പെട്ടതെന്ന് വിദേശമന്ത്രി എസ് ജയ്‌ശങ്കർ അറിയിച്ചു. ഒമ്പത് മെഡിക്കൽ ഓഫീസർമാരും അറുപത് പാരാമെഡിക്കൽ പ്രവർത്തകരുമടങ്ങുന്ന സൈനി മെഡിക്കൽ സംഘമാണിത്.









0 comments