print edition ഉയിർപ്പിൻമുറ്റത്ത് പിച്ചവച്ച് നവന്യ

ടൗൺഷിപ്പിൽ വീട് ലഭിച്ച പ്രജിത മകൾ നവന്യയോടൊപ്പം ഭർത്താവ് അഭിലാഷിനെ വിഡിയോ കോൾ ചെയ്ത് വീട് കാണിക്കുന്നു
കൽപ്പറ്റ: ഉരുളിൽപ്പൊലിഞ്ഞ മൂത്തമകൾ അഹന്യയുടെ ഓർമകൾ ഉള്ളിലൊതുക്കി ഒരുവയസ്സുകാരി നവന്യയുടെ കുഞ്ഞിക്കൈ പിടിച്ച് പ്രജിത ടൗൺഷിപ്പിലെ വീടിന്റെ പടികയറി. പുന്നപ്പുഴ മരണപ്പുഴയായി ഒഴുകിയ അർധരാത്രി പ്രജിതയുടെ ഉദരത്തിൽ രണ്ട് മാസക്കാരിയായിരുന്നു നവന്യ.
പ്രജിതയെ കഴുത്തോളം മുക്കിയ ഉരുൾ എട്ടുവയസ്സുകാരിയായ മൂത്തമകൾ അഹന്യയുടെ ജീവനെടുത്തു. എന്നാൽ നവന്യ ഒരുപോറൽപോലും ഏൽക്കാതെ രക്ഷപ്പെട്ടു. ദുരന്തത്തെ അതിജീവിച്ച് പിറന്ന കുഞ്ഞ് ഇന്ന് ടൗൺഷിപ്പിലെ വീടിന്റെ മുറ്റത്ത് പിച്ചവച്ചു തുടങ്ങി.
ഗുണഭോക്താക്കൾക്ക് താമസത്തിന് വീട് കൈമാറുന്ന ചടങ്ങിനായാണ് കുടുംബം ടൗൺഷിപ്പിൽ എത്തിയത്. സർക്കാർ ഏജൻസിയായ കിഫ്‌ക്കോണും ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയും നടത്തിയ യോഗത്തിൽ അമ്മ പോയപ്പോൾ മുത്തശ്ശിയുടെ ഒപ്പം അവൾ പുതിയ വീട്ടിൽ കാത്തിരുന്നു.
യോഗം നീണ്ടപ്പോൾ കുസൃതിക്കുടുക്ക പുതിയ വീടിന്റെ നിലത്തിറങ്ങി കളിതുടങ്ങി. വീട് ഏറ്റുവാങ്ങിയ സന്തോഷത്തിൽ പ്രജിതയെത്തിയപ്പോൾ സിറ്റൗട്ടിലേക്ക് പിച്ചവച്ച് നവന്യയാണ് പുതിയ വീട്ടിലേക്ക് കൈപിടിച്ച് സ്വീകരിച്ചത്.
ഒമാനിലുള്ള ഭർത്താവ് അഭിലാഷിനെ പ്രജിത വീഡിയോകോൾ ചെയ്‌ത് വീട് കാണിച്ചപ്പോൾ നവന്യയും കളിചിരിയിലൂടെ അച്ഛനോട് സന്തോഷം പങ്കുവച്ചു.
ചൂരൽമല സ്‌കൂൾ റോഡിലെ വീട്ടിൽ ദുരന്തസമയത്ത് അഭിലാഷിന്റെ അച്ഛൻ അപ്പുവും അമ്മ ശോഭനയുമാണ് ഒപ്പമുണ്ടായിരുന്നത്. ചെളിയിൽ പൂണ്ടുകിടന്ന കുടുംബത്തെ രക്ഷാപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരപരിക്കേറ്റ പ്രജിത ഒന്നിലധികം ശസ്‌ത്രക്രിയകൾക്കുശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. അടുത്ത ദിവസംമുതൽ താമസം ആരംഭിക്കാമെങ്കിലും ഒന്നാംഘട്ടത്തിലെ മുഴുവൻ ഗുണഭോക്താക്കൾക്കുമൊപ്പമാണ് ഗൃഹപ്രവേശം നടത്തുകയെന്ന് കുടുംബം പറഞ്ഞു. തിങ്കൾവരെ 123 വീടാണ് ടൗൺഷിപ്പിൽ താമസത്തിന് കൈമാറിയത്.










0 comments