ad
Deshabhimani

നവന്യയ്‌ക്ക്‌ അതിജീവനമധുരം: ട‍ൗൺഷിപ്പിൽ ഒന്നാം പിറന്നാൾ ആഘോഷിച്ച്‌ അതിജീവനക്കുരുന്ന്‌

First Birthday at Township.jPG

മുണ്ടക്കൈ ട‍ൗൺഷിപ്പിൽ പ്രജിത– അഭിലാഷ്‌ ദമ്പതികളുടെ മകൾ നവന്യയുടെ പിറന്നാൾ ആഘോഷിച്ചപ്പോൾ

avatar
ആദർശ്‌ ജോസഫ്‌

Published on Mar 08, 2026, 11:51 AM | 1 min read

കൽപ്പറ്റ: അന്ന്‌ അവൾക്ക്‌ അമ്മയുടെ വയറ്റിൽ രണ്ടുമാസം പ്രായം. നാടിന്റെ നെഞ്ചുലച്ച്‌ എത്തിയ ഉരുൾ അമ്മ പ്രജിതയെ കഴുത്തൊളം ചെളിയിൽമുക്കി. മരണത്തെ മുഖാമുഖംകണ്ട പ്രജിതയെ ആരൊക്കെയോ ചേർന്ന്‌ രക്ഷിച്ച്‌ ആശുപത്രിയിലാക്കി. ഗുരുതരപരിക്കേറ്റ്‌ തിരികെ ജീവിതത്തിലേക്ക്‌ എത്തിയത്‌ ഒന്നിലധികം സർജറികൾക്കുശേഷം. എന്നാൽ, അമ്മയുടെ വയറ്റിൽ പോറൽപോലും ഏൽക്കാതെ അവളപ്പോളും സുരക്ഷിതയായിരുന്നു.


ചൂരൽമല സ്‌കൂൾ റോഡിലെ പ്രജിത– അഭിലാഷ്‌ ദമ്പതികളുടെ മകൾ ഉരുളിനെ തോൽപ്പിച്ച അതിജീവിനക്കുരുന്ന്‌ നവന്യയ്‌ക്ക്‌ ശനിയാഴ്‌ച ഒന്നാം പിറന്നാളായിരുന്നു. അതിജീവനത്തിന്റെ ലോകമാതൃകയായ മുണ്ടക്കൈ ട‍ൗൺഷിപ്പിലേക്ക്‌ പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം അവളെത്തി. മുത്തശനും മുത്തശിയും ബന്ധുക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു. ഒന്നാം സോണിലെ ഗ്രീൻസ്‌പേയിസിൽ അമ്മ മുറിച്ച്‌നൽകിയ കേക്ക്‌ നുണഞ്ഞു. നവന്യയ്‌ക്ക്‌ ഇത്‌ അതിജീവനമധുരം.


ദുരന്തത്തിൽ മൂത്തമകൾ എട്ടുവയസുകാരി അഹന്യയെ ദമ്പതികൾക്ക്‌ നഷ്‌ടമായിരുന്നു. ദുരന്തസമയത്ത്‌ അഭിലാഷിന്റെ അച്ഛൻ അപ്പുവും അമ്മ ശോഭനയും പ്രജിതയും മകൾ അഹന്യയുമാണ്‌ വീട്ടിൽ ഉണ്ടായിരുന്നത്‌. ചെളിയിൽ പൂണ്ട്‌ കിടന്ന കുടുംബത്തെ രക്ഷാപ്രവർത്തകർ എത്തിയാണ്‌ ആശുപത്രിയിലാക്കിയത്‌. അരപ്പറ്റ ആറാം നമ്പറിൽ താമസിക്കുന്ന കുടുംബം ഉടൻ ട‍ൗൺഷിപ്പിലേക്ക്‌ താമസം മാറും. അഭിലാഷ്‌ ഗൾഫിലാണ്‌ ജോലി ചെയ്യുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home