'എന്റെ പേര് ശിവൻകുട്ടി, എങ്ങാനും ഈ വഴി'; സെൻസർ ബോർഡിനെ ട്രോളി മന്ത്രി

'തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള'യുടെ പേരുമാറ്റ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. 'എന്റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!'- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുൾപ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഇതോടെ സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ നിങ്ങൾക്ക് കഴിയില്ലെന്നും ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാൻ കഴിയില്ലായെന്നതിൽ സെൻസർ ബോർഡ് വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു.
ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടയുകയായിരുന്നു.









0 comments