കേരളത്തെ ആക്ഷേപിക്കാൻ അനുവദിക്കില്ല; 'കേരള സ്റ്റോറി 2' വർഗീയ ചേരിതിരിവിനുള്ള നീക്കമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിക്കാനും ഇതര സംസ്ഥാനങ്ങളിൽ വസിക്കുന്നവർക്കിടയിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള ആസൂത്രിത നീക്കമാണ് 'കേരള സ്റ്റോറി 2' എന്ന് മന്ത്രി വി ശിവൻകുട്ടി.
സിനിമയുടെ ട്രെയിലർ വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ അത് അനുവദിച്ചു നൽകില്ലെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് മലയാളം 'ലീഡേഴ്സ് മോണിങ്ങിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അങ്ങേയറ്റം അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിന്റെ യഥാർത്ഥ മുഖം കാണിക്കാൻ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ധൈര്യമില്ല.
കഴിഞ്ഞ പത്ത് വർഷമായി ഒരു വർഗീയ സംഘർഷം പോലും ഉണ്ടാകാത്ത സമാധാനപൂർണ്ണമായ നാടാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു.
ഇത്തവണ കോവളമടക്കം ജില്ലയിലെ എല്ലാ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുക്കും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാൻ ഇടതുമുന്നണിയിൽ മികച്ച സ്ഥാനാർത്ഥികളുണ്ട്. മറ്റ് മുന്നണികളെപ്പോലെ സ്ഥാനാർത്ഥിക്കായി ലേലം വിളിക്കേണ്ട ഗതികേട് എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഈ വിഷയത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല. ഹൈക്കോടതി വിധിക്ക് പിന്നാലെ എൻഎസ്എസ് മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്.
എൻഎസ്എസിനു ലഭിച്ച വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ക്രൈസ്തവ സഭാ മാനേജ്‌മെന്റുകൾ വിഷയത്തിൽ കോടതിയെ സമീപിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.










0 comments