'ദ കേരള സ്റ്റോറി 2' സംഘപരിവാർ ഫാക്ടറിയുടെ ഉൽപ്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിദ്വേഷം പടർത്താനും കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാനും ലക്ഷ്യമിട്ടുള്ള 'ദ കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ.
നുണകൾ മാത്രം ഉൽപ്പാദിപ്പിക്കുന്ന സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉൽപ്പന്നമാണ് ഈ സിനിമയെന്നും മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചിത്രത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ല.
അന്വേഷണ ഏജൻസികളും കോടതികളും പലവട്ടം തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' പോലുള്ള വ്യാജ ആരോപണങ്ങൾ വീണ്ടും എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണ്. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലുള്ളതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 'ദ കേരള സ്റ്റോറി'യുടെ ഒന്നാം ഭാഗത്തിന് ദേശീയ പുരസ്കാരം നൽകിയതിനെയും സജി ചെറിയാൻ ശക്തമായി വിമർശിച്ചിരുന്നു.
സിനിമയുടെ മൂല്യത്തിനല്ല, മറിച്ച് സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതിനാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.










0 comments