'പുള്ളിമാന്റെ പുള്ളി തേച്ചാൽ പോകുമോ?'; ഒഡീഷയിലെ സംഘപരിവാർ ആ​ക്രമണത്തിനെതിരെ മന്ത്രി റിയാസ്

RIYAS
വെബ് ഡെസ്ക്

Published on Aug 08, 2025, 03:51 PM | 1 min read

തിരുവനന്തപുരം: ഛത്തീസ്‌ഗഡിന്‌ പിന്നാലെ ഒഡീഷയിലെ ജലേശ്വറിൽ വൈദികർക്കും കന്യാസ്‌ത്രീകൾക്കുമെതിരെ ബജ്‌റംഗ്‌ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പുള്ളിമാന്റെ പുള്ളി തേച്ചാൽ പോകുമോ എന്നും ബിജെപി എന്താണെന്ന് അറിയുന്നവർക്ക് ഇതൊരു അത്ഭുതമേയല്ല. കേരളത്തിൽ കേക്ക് മുറിക്കുകയും, കേരളത്തിന് പുറത്ത് മറ്റെന്തെങ്കിലും മുറിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.


മിഷണറിമാരെ ആർഎസ്എസ് ആഭ്യന്തര ശത്രുകളായാണ് കാണുന്നത്. ഗ്രഹാം സ്റ്റെയ്ൻസ് ഇന്നും ഒരു ഓർമയായി നമ്മുടെ മുൻപിൽ നിൽക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല ഇത്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയത്തിനേൽക്കുന്ന പോറലാണെന്നും മന്ത്രി പറഞ്ഞു.


ഒഡീഷയിൽ 70ഓളം വരുന്ന ബജ്‌റംഗ്‌ദൾ പ്രവർത്തകരാണ്‌ മതപരിവർത്തനം ആരോപിച്ച്‌ വൈദികരെയും കന്യാസ്‌ത്രീകളയും കയ്യേറ്റം ചെയ്തത്‌. ആക്രമിക്കപ്പെട്ട അഞ്ചു പേരിൽ രണ്ട് വൈദികർ മലയാളികൾ ആണ്. ജലേശ്വറിലെ ഗംഗാധർ ഗ്രാമത്തിൽ ബുധനാഴ്‌ച വൈകിട്ടോടെയാണ്‌ സംഭവം. സ്ഥലത്തെ മരിച്ചുപോയ രണ്ട് ഇടവകക്കാരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കുർബാന അർപ്പിക്കുന്നതിനായി എത്തിയ സംഘമാണ്‌ ആക്രമിക്കപ്പെട്ടതെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു. ലിജോ നിരപ്പേൽ, വി ജോജോ എന്നീ വൈദികരാണ്‌ ആക്രമിക്കപ്പെട്ടവർ. ആഗസ്‌ത്‌ ആറിന്‌ വൈകിട്ട്‌ ആറ്‌ മണിക്ക്‌ ആരംഭിച്ച കുർബാന രാത്രി ഒൻപത്‌ മണിയോടെ അവസാനിച്ചിരുന്നു. ഇതിന്‌ ശേഷം സംഘം മടങ്ങിപ്പോകുമ്പോഴാണ്‌ കയ്യേറ്റമുണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Home