'നാടിന്റെ മഹത്തായ മാതൃക'; അജിതയുടെ വീട്ടിലെത്തി മന്ത്രി റിയാസ്

അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് പുതിയപാലം വെളിയഞ്ചേരി സ്വദേശി കെ അജിതയുടെ വീട്ടിൽ മന്ത്രി മുഹമ്മദ് റിയാസ് എത്തിയപ്പോൾ
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മഹത്തായ മാതൃക തീർത്ത കോഴിക്കോട് പുതിയപാലം വെളിയഞ്ചേരി സ്വദേശി കെ അജിതയുടെ വീട്ടിലെത്തി മന്ത്രി മുഹമ്മദ് റിയാസ് കുടുംബാംഗങ്ങളെ കണ്ടു. അജിതയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബാംഗങ്ങൾ വലിയ മാതൃകയാണ് തീർത്തതെന്ന് അദ്ദേഹം പറഞ്ഞു. ആറ് ജീവിതങ്ങൾക്കാണ് അജിത ജീവനായത്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി നേരിട്ട് ബന്ധമുള്ള സ്ഥലമാണ് വെളിയഞ്ചേരി. നമ്മെ വിട്ടുപിരിഞ്ഞ അജിതയുടെ വീട് ഉൾപ്പെടെ ഈ പ്രദേശത്തെ നിരവധി പേരുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ട്. അജിതയുടെ വിയോഗത്തിൽ നാടിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ അജിത (46)യുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്.
ഹൃദയസ്തംഭനത്തെ തുടർന്ന് സെപ്തംബർ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒക്ടോബർ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അജിതയുടെ ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. പി രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി.സാരംഗി (TWSI കോഴിക്കോട്), പി ശരത് എന്നിവരാണ് മക്കൾ. മരുമകൻ മിഥുൻ (ഇന്ത്യൻ ആർമി).









0 comments