ജനകീയ പ്രശ്നമൊന്നും ഉയർത്താൻ ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിൽ സ്ഥിര താമസമാക്കിയത്; എം ബി രാജേഷ്

തിരുവനന്തപുരം: സർക്കാരിനെതിരെ കാതലായ ഒരു വിഷയവും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷം എന്ന നിലയിൽ ഒരു ജനകീയ പ്രശ്നവും ഉയർത്താൻ അവർക്കില്ല. അതുക്കൊണ്ടാണ് രണ്ട് സമ്മേളനങ്ങളിലായി ഇതുപോലൊരു ബാനറുമായി നടുത്തളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പാപ്പരത്തത്തെയാണ് ഇത് കാണിക്കുന്നത്.
സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആഴക്കിണറ്റിലേക്ക് വലിച്ചെറിയുമെന്നും, നിരായുധരായ കൂട്ടമായിട്ടായിരിക്കും ഈ സഭ കഴിയുമ്പോൾ പ്രതിപക്ഷം പുറത്തേക്ക് പോകേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെതിരെ അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ ധൈര്യമില്ലാത്തത് പ്രതിപക്ഷത്തിന് സ്വന്തം നിലപാടുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്.
ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത് കോൺഗ്രസിനെ വിലയ്ക്കെടുക്കാം എന്ന ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് നേരിട്ട് അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് അവർക്കറിയാം. അതുകൊണ്ട് യുഡിഎഫിനെ സഹായിച്ച് കോൺഗ്രസുകാരെ വിജയിപ്പിക്കുകയും, പിന്നീട് കർണാടക, ഗോവ, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര,ബിഹാർ എന്നിവിടങ്ങളിലേതു പോലെ അവരെ ബിജെപിയിലേക്ക് പാളയത്തിൽ എത്തിച്ച് ഭരണം കൈക്കലാക്കാനുമാണ് നീക്കം നടക്കുന്നത്. ഈ ഒത്തുകളിക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.









0 comments