print edition തടഞ്ഞത് പൊതിച്ചോറ്; തകർത്തത് ആരോഗ്യമേഖലയെ: ഉത്തരംമുട്ടിയതോടെ കള്ളക്കണക്കുമായി മന്ത്രി

തിരുവനന്തപുരം: പൊതിച്ചോറ് വിതരണം തടയാൻ നോക്കിയതിലും പകർച്ചവ്യാധി വ്യാപനം തടനാനാകാത്തതിലും നുണയാവർത്തിച്ച് മന്ത്രി കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതായതോടെയാണ് ഫെയ്‌സ്‌ബുക്കിൽ കള്ളക്കണക്കുമായിറങ്ങിയത്.
പത്തു വർഷം കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ നട്ടെല്ലൊടിഞ്ഞുവെന്നും യുഡിഎഫ് വന്നശേഷം ചിട്ടയായ പ്രവർത്തനം നടത്തിയെന്നുമാണ് അവകാശവാദം. ഇത് സ്ഥാപിക്കാൻ അഞ്ചുവർഷത്തിൽ സംസ്ഥാനത്ത് 1,500 പേർ എലിപ്പനി ബാധിച്ച് മരിച്ചെന്ന കള്ളവും നിരത്തി. എന്നാൽ, ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച യഥാർഥ കണക്കിൽ 825 മരണമെന്നാണുള്ളത്.
കഴിഞ്ഞ രണ്ടു മാസം കഴിഞ്ഞ വർഷത്തേക്കാൾ എലിപ്പനി, ഡെങ്കിപ്പനി മരണനിരക്ക് കുറച്ചുവെന്നാണ് അടുത്ത വാദം. 2025 മെയ് 18 മുതൽ ജൂലൈ 20 വരെയുള്ള രണ്ടുമാസം 6.17 ശതമാനം ആയിരുന്നു എലിപ്പനിയുടെ മരണനിരക്ക്. ഇൗ വർഷം ഇതേ കാലയളവിൽ 7.1 ശതമാനമായി ഉയർന്നു. ഡെങ്കിപ്പനിയിൽ 500 ലധികം രോഗികളുടെ വർധനയുണ്ടായി.
മുൻ സർക്കാർ മഴക്കാല ശുചീകരണം നടത്തിയില്ലെന്നും ആരോപണമുണ്ട്. മെയ് മാസമാണ് സംസ്ഥാനത്ത് മഴക്കാല പൂർവശുചീകരണം. മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലംവന്ന് 18ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയെന്ന സത്യം മന്ത്രി മറച്ചുവച്ചു. പ്രതിരോധത്തിന് ഉന്നതതല സമിതി രൂപീകരിച്ചെന്ന് അവകാശപ്പെടുമ്പോഴും നിർദേശങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല.
ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ലെന്ന് പലതവണ ഭീഷണിയുയർത്തിയ മന്ത്രി വിമർശങ്ങൾക്ക് പിന്നാലെ അതിലും യുടേണടിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്ഥലം കൈയേറ്റത്തെയാണ് എതിർത്തതെന്നാണ് പോസ്റ്റിലെ വിശദീകരണം.










0 comments