Deshabhimani

മന്ത്രിക്ക് തടിയൂരാനാകില്ല; സാബശിവ റാവുവിന്റേത് ​ഗുരുതര കണ്ടെത്തലുകൾ

MLiju Report Seeram Sambasiva Rao

എം ലിജു (ഇടത്), മുൻ എക്സൈസ് കമീഷണറുടെ റിപ്പോർട്ട് (നടുവിൽ), മുൻ എക്സൈസ് കമീഷണർ സീറാം സാംബശിവ റാവു (വലത്)

വെബ് ഡെസ്ക്

Published on Nov 07, 2026, 03:41 PM | 2 min read

തിരുവനന്തപുരം: എക്സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവു സർപ്പിച്ച റിപ്പോർട്ടിലെ ​ഗുരുതര കണ്ടെത്തലുകൾ യുഡിഎഫ് സർക്കാരിന്റെ കൊള്ളയുടെയും അഴിമതിയുടെയും നേർസാക്ഷ്യം. എക്സൈസ് മന്ത്രിക്കും ഉന്നത ഉദ്യോ​ഗസ്ഥർക്കുമെതിരെ ​ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ബാറുടമകളുമായി മന്ത്രിക്കും ഉദ്യോ​ഗസ്ഥർക്കുമുള്ള അടുത്തബന്ധവും, കൈക്കൂലി ആരോപണവും ബിനാമി ഇടപാടും, പുറത്താക്കപ്പെട്ട സാംബശിവ റാവു ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കാരെ പൂർണമായി സംരക്ഷിക്കുന്ന സർക്കാർ നയത്തിലെ പ്രതിഷേധവും റിപ്പോർട്ടിലുണ്ട്.


കായംകുളം കുറ്റിച്ചിറയിലെ റോമ സെന്റർ ബാറുമായി എക്സൈസ് മന്ത്രി എം ലിജുവിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ കായംകുളത്ത് ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ തനിക്ക് എല്ലാവരെയും അറിയാം എന്ന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് പോകുകയായിരുന്നു മന്ത്രി.


ഈ ബാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ഡെപ്യൂട്ടി കമീഷണർ അജയ് കൈക്കൂലി വാങ്ങാറുണ്ടെന്ന് കണ്ടെത്തിയതായി സാംബശിവ റാവു പറയുന്നു. ഉദ്യോ​ഗസ്ഥർക്ക് എത്ര തുകയാണ് കൈക്കൂലി നൽകിയതെന്ന് ബാറിന്റെ ഉടമയോട് മന്ത്രി തന്നെ ചോദിച്ചാൽ പറയും. ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അൻപതിനായിരം രൂപവരെ അജയ് കൈക്കൂലി വാങ്ങിയിട്ടുണ്ട്. അജയ് കോട്ടയത്ത് ബിനാമി പേർ ബാറുകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജോയിന്റ് എക്സൈസ് കമീഷണർ എസ് വിനോദ് മൂവാറ്റുപുഴ ​ഗം​ഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുന്നു. ​ഗം​ഗാ ബാറിൽനിന്നും അൻപതിനായിരം രൂപ കൈപ്പറ്റി.


കൈക്കൂലി കൊടുക്കുന്ന പണം 'സന്തോഷം' എന്ന പേരിലാണ് രേഖപ്പെടുത്തുന്നത്. പിന്നീട് വിജിലൻസ് അന്വേഷണത്തിൽ ഇത് കണ്ടെത്തിയപ്പോൾ ഈ പരാമർശം മാറ്റി.


അഴിമതിക്കാരെ മാറ്റിനിർത്താൻ പലതവണ ശ്രമിച്ചിട്ടും ഉന്നതതലത്തിലെ സമ്മർദത്തെ തുടർന്ന് അതിന് കഴിഞ്ഞില്ല. എക്സൈസ് കമീഷണറുടെ അനുമതി വാങ്ങിയശേഷം സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട ഫയലിൽ, തന്നെ അറിയിക്കുകപോലും ചെയ്യാതെ 32 തസ്തികകളിൽ നിയമനം നടത്തി. ബന്ധപ്പെട്ട സെക്ഷനിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, സംഘടനാപരമായും മന്ത്രി ഓഫീസ് തലത്തിലും ചർച്ച ചെയ്താണ് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നായിരുന്നു സെക്ഷൻ സൂപ്രണ്ട് രേഖാമൂലം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും അടിയന്തരമായി ചുമതലകളിൽനിന്ന് നീക്കണം. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും സാംബശിവ റാവു ആവശ്യപ്പെടുന്നു.


ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങുന്ന ബാറുടമയുമായി അടുത്ത ബന്ധമുണ്ടായിട്ടും നടപടിയെടുക്കാൻ തയ്യാറാകാതിരുന്നതിന് ലിജു മറുപടി പറയേണ്ടിവരും. മുൻ യുഡിഎഫ് സർക്കാരുകളെപ്പോലെ മദ്യലോബികളുമായി വൻ കോഴയിടപാടിനാണ് ഈ സർക്കാരും തുനിയുന്നതെന്ന് എക്സൈസ് കമീണറുടെ കണ്ടെത്തൽ ശരിവെക്കുകയാണ്.


ബാർ ലൈസൻസ്‌ അനുവദിച്ചതിലെ വിവാദത്തിൽ തടിയൂരാനായി സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് തെറിപ്പിച്ച അതേദിവസമാണ് അദ്ദേഹം ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home