നോവൽ–
പ്രണയരാഷ്ട്രം

.അശോകൻ ചരുവിൽ.
Published on Nov 07, 2026, 03:47 PM | 8 min read
ഗൗതമക്കൈമൾ
കഷ്ടപ്പാടുകളുടെ കാലത്താണ് ഗൗതം പിറന്നത്. ഗർഭിണിയായിരിക്കെ ഇടയ്ക്ക് വിഷാദം വന്ന് മേഴ്സിയെ മൂടുമായിരുന്നു. ചില സമയത്ത് താൻ അനാഥയായിരിക്കുന്നു എന്ന് അവൾക്ക് തോന്നി. ഇടയ്ക്ക് കരച്ചിൽ വന്നു. സദാ പരിഭ്രാന്തിയും നിസ്സഹായതയും മാത്രം പ്രകടിപ്പിച്ച കബീറിന്റെ മുഖമാണ് അവളെ കൂടുതൽ അലട്ടിയത്. പക്ഷേ ആ നിസ്സഹായത മാത്രമാണല്ലോ അവൾക്ക് സഹായത്തിനുണ്ടായിരുന്നത്. ചിലനേരത്ത് അവൾക്ക് അയാളോട് കടുത്ത സഹതാപം തോന്നിയിരുന്നു. അവൾ ചോദിച്ചു: “കഷ്ടപ്പാടായി അല്ലേ?” അയാൾ ഒന്നും മറുപടി പറയില്ല. പ്രസവം കഴിഞ്ഞ് ഒരാഴ്ചയോളം ആസ്പത്രിയിൽ കഴിയേണ്ടി വന്നു. നഗരത്തിന്റെ നടുവിൽ തന്നെയാണ് സ്ത്രീകളുടെ ആസ്പത്രി. ആ ദിവസങ്ങളിൽ ഔട്ട് പേഷ്യന്റ് ബ്ലോക്കിലെ കമ്പിയഴികളിട്ട കോറിഡോറിൽ നിലത്ത് ഒരു ഷീറ്റ് വിരിച്ചാണ് കബീർ രാത്രി കിടന്നിരുന്നത്. വേറെയും കുറേപേർ അവിടെ ഉണ്ടായിരുന്നു. രാത്രിസമയത്ത് സ്ത്രീകളുടെ വാർഡിൽ തങ്ങാൻ പുരുഷന്മാർക്ക് അനുവാദമില്ല. അതുകൊണ്ട് ഗർഭിണികളുടെ ഭർത്താക്കന്മാർ അവിടെ ഒത്തുകൂടി. അവരവിടെ ഒരു താൽക്കാലിക കൂട്ടായ്മയായി. രാത്രി മുഴുവൻ കബീർ ഉറങ്ങാതെ ചുമരിൽ ചാരി ഇരിക്കും. മൂളിപ്പറക്കുന്ന കൊതുകുകൾ മാത്രമല്ല; മറ്റു പലവിധ അസ്വസ്ഥതകളും അയാളെ ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് പുറത്ത സ്വരാജ് റൗണ്ടിലെ വെളിച്ചത്തിലേക്ക് നോക്കും. പാഞ്ഞുപോവുന്ന വാഹനങ്ങളുടെ ശബ്ദം കേൾക്കും. താനെങ്ങനെ ഇവിടെ വന്നുപെട്ടു എന്ന് ചിലനേരത്ത് അയാൾ പരിഭ്രമത്തോടെ സംശയിച്ചു. ഏതാണ് ഈ ലോകം? കൊടുങ്ങല്ലൂർ എറിയാട് കിഴക്കുമ്മുറിയിലെ തന്റെ വീടിനെക്കുറിച്ച് അയാൾ ഓർത്തു. മുകൾനിലയിലെ മുറിയിൽ പരന്ത്രീസ് ജനലിനു ചാരെ കടലിൽ നിന്നുള്ള കാറ്റുകൊണ്ട് സിഗരറ്റ് പുകച്ച് പുസ്തകം വായിച്ച് അയാൾ ഇരിക്കുന്നു. അന്നേരത്തെ പകൽമയക്കത്തിൽ കണ്ട ദുസ്വപ്നമാണോ ഇത്? കാപ്പിയും കൊണ്ട് ഉമ്മ കോണി കയറി വരുന്ന ശബ്ദം കേൾക്കുന്നുണ്ടോ? “ഉറക്കം വരുന്നില്ല അല്ലേ മാഷെ?” അരികത്ത് കിടന്ന ആൾ ചോദിച്ചു. രാഘവൻ എന്നാണ് അയാളുടെ പേര്. അയാൾ പറഞ്ഞു: “പെണ്ണുങ്ങക്ക് സുഖായിട്ട് പെറ്റുകെടന്നാൽ മതീലോ? നമ്മ പുരുഷമ്മാരല്ലേ ഈ കഷ്ടപ്പാടൊക്കെ അനുഭവിക്കണ്?” പടിഞ്ഞാറെകോട്ടയിൽ ബാറിനു മുന്നിൽ വണ്ടിപ്പീടിക നടത്തുകയാണ് രാഘവൻ. ചായ, കാപ്പി, ഓംലറ്റ്. അങ്ങനെ പലതുമുണ്ട് വണ്ടിയിൽ.
ചിത്രീകരണം: സുനിൽ അശോകപുരം
“പാലിന്റെ വെല നോക്കുമ്പൊ ചായേമന്ന് ഒന്നും കിട്ടാൻല്യ. ഓംളേറ്റിന്റെ എടവാടിൽ കൊറച്ച് മെച്ചണ്ട്. എരട്ടിക്കെരട്ട്യാ ലാഭം. ഒരമ്പത് ഡബ്ല് പോയാത്തെന്നെ പണിക്കാശ് മുട്ടും. പിന്നെ ബീഡി, സിഗരറ്റ്, മുറുക്കാൻ ഒക്കെ കൂടി ആവുമ്പൊ കൊഴപ്പല്യ. ഒരു ക്ടാവും കൂടി ആയേക്കല്ലേ? അതും പെങ്കുട്ട്യാണ്. അപ്പൊ നമ്മക്കൊരു കരുതൽ വേണ്ടേ? ന്നാ ന്റെ ഭാര്യക്ക് ആ വിചാരല്യ. കിട്ടണ കാശ് മുഴ്വേനും അയിലക്കൂട്ടാൻ വെച്ച് ചോറുണ്ട് തീർക്കണന്നാ വിചാരം. പോർക്കിന്റെ ജന്മാ.” രാഘവൻ പറഞ്ഞു: അയാൾ ചോദിച്ചു: “ഒറക്കം വരാനുള്ള ഒരു മരുന്ന് ന്റെ കയ്യിലിണ്ട്ട്ടാ മാഷെ. എന്നും രണ്ട് കാക്കുപ്പി ചാരായോം കൊണ്ടാണ് ഞാൻ ആസ്പത്രീലിക്ക് വര്വാ. അല്ലാണ്ട് കടിച്ചുകീറാൻ വരണ ഈ കൊതൂന്റെ എടേൽ കെടന്നാൽ ഒറക്കം വരില്ല. ഇന്ന് ഒരെണ്ണേ ഞാൻ കഴിച്ചട്ടുള്ളൂ. മറ്റത് സ്റ്റോക്കുണ്ട്. തരട്ടെ?” “വേണ്ട.” കബീർ പറഞ്ഞു. “ചാരായം ശീലല്യ, അല്ലേ? ശര്യാ. അതിനൊരു കുത്തുണ്ട്. മാത്രല്ല. ഇപ്പ കിട്ടണേന് മണ്ണെണ്ണേരെ ഒരു മണണ്ട്. ന്നാ ഹൈറോഡീപ്പോയി ഒരു പെഗ്ഗു കഴിക്കണങ്ങെ രൂപ ഇരുപത്തഞ്ച് മൊടക്കണ്ടെ?” പുലർച്ചയ്ക്ക് എപ്പോഴോ കബീർ ഉറങ്ങിയിട്ടുണ്ടാവും. കാലത്തെ വെളിച്ചത്തിൽ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് അയാൾ ചുറ്റുമുള്ള ലോകത്തെ ഒരു അപരിചിതനെപ്പോലെ നോക്കും. വാർഡിൽ ചെല്ലുമ്പോൾ മേഴ്സി അയാളുടെ മുഖത്ത് കൈവെച്ച് ചോദിക്കും: “ഇന്നും ഉറങ്ങിയില്ല അല്ലേ?” ആശുപത്രിയിൽ നിന്നു വിട്ട് കുഞ്ഞിനെ കൂട്ടി വാദ്യക്കുടത്തേക്കുള്ള യാത്ര കബീർ എല്ലായ്പോഴും ഓർക്കുന്നു. അയാളൊരു ടാക്സി കാർ വിളിച്ചിരുന്നു. പക്ഷേ വീട്ടിലേക്കുള്ള പാടം നടന്നുതന്നെ കടക്കണം. കുഞ്ഞിനെ അയാൾ ആദ്യം തോളിലിട്ടത് അന്നാണ്. നെഞ്ചിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ജീവന്റെ ആ തളിര് അയാളെ അനുഭൂതിയിലേക്ക് നയിച്ചു. കൊയ്ത്തുകഴിഞ്ഞ സമയമായിരുന്നു അത്. വരമ്പിലെമ്പാടും ചെറുപൂക്കൾ വിരിഞ്ഞു നിന്നിരുന്നു. കണ്ടങ്ങളിൽ പശുക്കൾ മേയുന്നു. ഇളവെയിലിൽ തുമ്പികൾ പറക്കുന്നു. ചെറിയ കാറ്റേറ്റ് ഉറങ്ങുന്ന കുഞ്ഞിന്റെ കവിളിൽ അയാൾ മുഖം ചേർത്തു. അയാൾ മനസ്സിൽ പറഞ്ഞു: ഇപ്പോൾ നടന്നു കടക്കുന്നത് ഒരു ചെറു വയലല്ല; ജീവിതദുഃഖങ്ങളുടെ വലിയ സമുദ്രമാണ്.
കളപ്പുരയിൽ എത്തിയപ്പോൾ എച്ചുവമ്മ വേഗം വന്ന് കുഞ്ഞിനെ വാങ്ങിച്ചു. അവന്റെ നെറ്റിയിൽ ഉമ്മവെച്ച് അവർ പറഞ്ഞു: “ഞാനല്ലേ ഇവനെ ആദ്യം എടുത്തത്? അപ്പൊത്തന്നെ ഇവൻ എന്നെ നോക്കണുണ്ടാർന്നൂട്ടോ. ഒറച്ച നോട്ടല്ല. അല്ലാണ്ട് ഒരു കള്ളനോട്ടം. എന്റെ മടീൽ ഒതുങ്ങി അങ്ങനെ കെടന്നു. വേറെ ആരെങ്കിലും കൈമാറി എടുത്താ അപ്പൊ കരയും.” അവർ കുഞ്ഞിനെ പൂമുഖത്തേക്ക് കൊണ്ടുപോയി. “ദെച്ചൂ, ദേ വന്നു നോക്കൂ. അന്ന് നീ പെറ്റ കുട്ടീനെപ്പോലില്ലേ ഇത്? സ്വർണത്തിന്റെ നെറാർന്നു ഇവൾടെ കുട്ടിക്ക്. ഇപ്പണ്ടെങ്കില് കബീറിന്റത്രയ്ക്ക് പ്രായണ്ടാവും.” ദെച്ചുവമ്മ നോക്കിയില്ല. അവർ മുഖം തിരിക്കാതെ തനിക്ക് പ്രിയപ്പെട്ട വിദൂരതയിൽ തന്നെ ലയിച്ചിരുന്നു. കുഞ്ഞിന്റെ കുളിയും ഭക്ഷണവും പരിചരണവുമെല്ലാം തന്റെ ഉത്തരവാദിത്വമെന്നാണ് എച്ചുവമ്മ തീരുമാനിച്ചത്. സ്വതേ പതുക്കെ നടന്നിരുന്ന അവർ അക്കാലത്ത് ഉത്സാഹത്തോടെ വേഗത്തിൽ സഞ്ചരിച്ചു. അടുക്കളയിൽനിന്ന് പൂമുഖത്തേക്ക്. അവിടെന്ന് കളത്തിലേക്ക്. പിന്നെ കളപ്പുരയിലേക്ക്. പറമ്പിലും ആ സമയത്ത് അവർക്ക് നിരവധി ജോലിയുണ്ടായിരുന്നു. എണ്ണകാച്ചാൻ പൂവാംകുരുന്നില വേണം. പനികൂർക്കയില പറിക്കണം. ബ്രഹ്മിയുണ്ടോ എന്നു നോക്കണം. മൂപ്പെത്തിയ ഒരു കണ്ണൻ കായക്കുല വെട്ടി അവർ തന്നെ അരിഞ്ഞ് കളത്തിലെ വെയിലത്തു വെച്ചു: “ഇത് പൊടിച്ച് കുറുക്കി കൊടുക്കണം.” അവർ പറഞ്ഞു. അവന് ഗൗതം എന്ന് പേരിട്ടപ്പോൾ അവർ പറഞ്ഞു: “ഞങ്ങളിവനെ ഗൗതമൻ എന്നു വിളിക്കില്ല. കുഞ്ഞൂട്ടൻ എന്നാ വിളിക്ക്യാ. ഇന്റെ ഗോവിന്ദമ്മാമന്റെ മോനാർന്നു കുഞ്ഞൂട്ടൻ. ഞങ്ങളൊന്നിച്ചാ കളിച്ചേർന്നത്. എന്നേക്കാളും നാലുവയസ്സിന് എളപ്പണ്ട്. മഴക്കാലത്ത് വെള്ളംകയറി വാദ്യക്കുടം അമ്പലത്തിൽ ആറാട്ടുനടക്കുമ്പൊ ഞങ്ങളവടെ പോയി നീന്തിക്കളിച്ചു. വീട്ടിൽ വന്നപ്പൊ അമ്മാമേടെ കയ്യീന്ന് നന്നായി കിട്ടി രണ്ടാൾക്കും.” “ഗോയ്ന്നമ്മാമനാർന്നു അവസാനത്തെ അംശം അധികാരി. ആള് പൊറത്തെറങ്ങി നടന്നാൽ ദേശം വെറയ്ക്കും. അത്രക്കുണ്ട് ഉശിര്. ഒരു ആറ് ആറര അടി പൊക്കം. അങ്ങോരടെ കാലത്ത് വെളിച്ചാവുമ്പഴക്കും ഈ മിറ്റത്ത് നെറച്ചും ആൾക്കാരാണ്. ആവലാതിക്കാര്. തമ്മിൽ വഴക്കിട്ടോരടെ വഴക്ക് തീർത്ത് സത്യം ചെയ്യിച്ചിട്ടേ വിട്ടേർന്നുള്ളു. ആ മൊഖത്ത് നോക്കി കള്ളംപറയാൻ ഒരാൾക്കും പറ്റില്ല. അത്രയ്ക്ക് ക്ഷത്രിയ രക്തപ്രകാശാണ് ആ മുഖത്ത്.” “ഈ ഗോയ്ന്നമ്മാനാണ് ഒരു കൊല്ലം തെക്കുംഭാഗത്തിന്റെ കുതിരവേല ഒറ്റയ്ക്ക് നടത്തീത്. കരക്കാർ തമ്മിൽ വഴക്കായിട്ട് വേല മൊടങ്ങുന്നായപ്പൊ ഏറ്റെടുത്തതാണ്. എന്താ ചെലവുന്നറിയ്യോ? കുതിരക്കാർ തന്നെ നൂറാളുണ്ടാവും. അന്ന് ഏഴുദിവസം ഇവടെ വീട്ടിൽ വെച്ച് അന്നദാനണ്ടാർന്നു. ഉച്ചയക്ക് സാമ്പാറും മാമ്പഴക്കൂട്ടാനും പിന്നെ വേറെ ഏഴുതരം കറികളും കൂട്ടി ഊണ്. രാത്രീൽ പുഴുക്കും കഞ്ഞീം. പുഴുക്കിന് കൊണ്ടന്ന ഒണക്കപ്പയറിന്റേം മുതിരേടേം ചാക്ക് കളപ്പുര നെറഞ്ഞു കവിഞ്ഞൂന്ന് പറഞ്ഞാ മതീലോ. അന്ന് ചെറോലിപ്പാടത്തെ കണ്ടങ്ങളും പുന്നാംപറമ്പിലെ തോട്ടോം മച്ചാട് സീതാരാമൻ സ്വാമീടെ പണയത്തിലായി.” പിന്നീട് എച്ചുവമ്മയുടെ വർത്തമാനമെല്ലാം ഗൗതമിനോടായി മാറി. ഒരു വയസ്സുതികയാത്ത കുട്ടിയാണെന്നോർക്കാതെ ഗോവിന്ദമ്മാന്റെ വീരാപദാനങ്ങൾ അവനോടു പറയും. ഉച്ചത്തിലാണ് അവർ സംസാരിക്കുക. നാടുമുഴുവൻ അതു കേൾക്കും. പാട്ടും കഥകളും ശബ്ദങ്ങളും നിറഞ്ഞ അക്കാലത്തെ ദിവസങ്ങൾ മേഴ്സി ഓർമിച്ചു. അവന്റെ പൊട്ടിച്ചിരികൾ. ചോദ്യങ്ങൾ. എച്ചുവമ്മയുടെ ഉത്തരങ്ങൾ. “കുളക്കരെ മൂളണ കോക്കാനെ ഇവിടെക്ക് വന്നാ പറ്റൂലാ, പിടിച്ചിട്ട് ഞെരിച്ചിട്ട് പപ്പും പൂടേം പറിച്ചിട്ട് ഉപ്പും മുളകും പുരട്ടീട്ട് ചട്ടീലിട്ട് വറുത്തിട്ട് കടിച്ചിട്ട് മുറിച്ചിട്ട് കറുമുറെ കറുമുറെ തിന്നും ഞാൻ.” ഒരിക്കൽ സ്കൂൾ വിട്ടുവരുന്ന സമയത്ത് കണ്ട കാഴ്ച മേഴ്സിയെ വിസ്മയിപ്പിച്ചു. വിദൂരതയിലേക്കു നോക്കി തിണ്ണയിലിരിക്കുന്ന ദെച്ചുവമ്മയുടെ ഇത്തിരിയുള്ള മുടിക്കെട്ടിൽ ഗൗതം ഒരു മയിൽപ്പീലി തിരുകിവെക്കുകയാണ്. അവരുടെ ഇരുചെവികളിലും ഇതിനകം ചെമ്പരത്തിപ്പൂക്കൾ വെച്ചിട്ടുണ്ട്. ഒരു മുല്ലമാല കഴുത്തിലണിയിച്ചിരിക്കുന്നു. അവൻ ചെറിയ ശബ്ദത്തിൽ പാടുന്നുമുണ്ട്. “അമ്പാടിക്കണ്ണാ ഒറങ്ങ് ആലിലക്കണ്ണാ ഒറങ്ങ്.” അകത്തു നിന്നും എച്ചുവമ്മ വന്ന് പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു: “അമ്പാടിക്കണ്ണനാത്രെ! അമ്പാടിക്കണ്ണൻ. കണ്ണനെ ഒറക്ക്വാണ്.’’ എച്ചുവമ്മയാണ് ഗൗതമിനെ അക്ഷരങ്ങൾ പഠിപ്പിച്ചത്. അവർ ഇംഗ്ലീഷ് പറഞ്ഞും എഴുതിയും പഠിപ്പിക്കുന്നത് കണ്ട് മേഴ്സി അതിശയിച്ചു.
ചിത്രീകരണം: സുനിൽ അശോകപുരം
അവർക്ക് കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കാനും വശമുണ്ടായിരുന്നു. റൈമുകൾ അവർ ചൊല്ലിപ്പഠിപ്പിച്ചു: ടിങ്കിൾ ടിങ്കിളും, റെയിൻ റെയിനും. ‘വൺസ് അപ്പോൺ എ ടൈം, ദെയർ ലിവ്ഡ് എ ക്രോ…’ മൈസൂരിൽ നിന്നുള്ള പടയോട്ടത്തിന്റെ കാലംമുതൽ മേനാശ്ശേരി മഠം അധികാരിവീടിന്റെ ചരിത്രം ഉണ്ടെന്ന് പറയുന്നു. 1774–ൽ കൊച്ചിരാജാവ് പാലക്കാട് ചെന്ന് സുൽത്താന് കീഴടങ്ങിയ സമയത്ത് മേനാശ്ശേരിയിലെ അന്നത്തെ അധികാരി കൂടെയുണ്ടായിരുന്നു. രാരിച്ചൻ കൈമൾ എന്നാണ് അദ്ദേഹത്തിന്റെ പേർ. കപ്പം നൽകി ആശ്രിതരാജ്യമായി കഴിയാനുള്ള കരാർപത്രം എഴുതിയുണ്ടാക്കിയത് ഈ കൈമളാണത്രെ. കണ്ണുനീർ വാർത്തുകൊണ്ടാണ് അദ്ദേഹം അതെഴുതിയത്. പക്ഷേ രാജാവിന് ഒരു കൂസലുണ്ടായിരുന്നില്ല. അദ്ദേഹം കൈമളോട് പറഞ്ഞു: “ഡോ, രാരിച്ചൻ. ഇവടെ കൽപ്പാത്തീൽ ഒരയ്യർ വിശേഷപ്പെട്ട ഒരു മധുരസേവ ഉണ്ടാക്കണുണ്ടെന്ന് കേട്ടട്ടുണ്ട്. വായിൽ വെച്ചാൽ അലിയുന്നാണ് പറയണ്. താൻ പോയി അതൊരെടങ്ങഴി വാങ്ങിക്കൊണ്ടു വരണം. ഇന്നത്തെ ശാപ്പാട് അത്രങ്ങട് ശര്യായില്ല.” ശരിക്കു പറഞ്ഞാൽ എച്ചുവമ്മ മേനാശ്ശേരി കുടുംബത്തെയല്ല. അവരുടെ അച്ഛന്റെ വീടാണിത്. അക്കാലത്ത് അമ്മയുടെ വഴിയാണല്ലോ പ്രമാണം. അത് തെല്ല് പടിഞ്ഞാറ് നെല്ലുവായ് എന്ന സ്ഥലത്താണ്. തുരുത്തിശ്ശേരി മഠം എന്നു പറയും. എച്ചുവമ്മ ജനിച്ചതും അഞ്ചുവയസ്സുവരെ ബാല്യം ചെലവഴിച്ചതും മലേഷ്യയിലെ കോലാലംപൂരിലാണ്. പട്ടണത്തിലെ കംപുംഗ് ബാരു എന്ന സ്ഥലത്ത് ബ്രിട്ടീഷുകാർ നേരിട്ടു നടത്തിയിരുന്ന പ്രസിദ്ധമായ സെയിന്റ് ആൻസ് മെഡിക്കൽ ഹാൾ എന്ന ആശുപത്രിയിലാണ് അവർ ജനിച്ചത്. ഇംഗ്ലീഷുകാർക്ക് മാത്രമേ ആ ആശുപത്രിയിലേക്ക് അക്കാലത്ത് പ്രവേശനം ഉണ്ടായിരുന്നുള്ളു. എച്ചുവമ്മയുടെ അച്ഛൻ മേനാശ്ശേരി പരമേശ്വരക്കൈമൾ വെള്ളക്കാരുമായി അടുത്തിടപഴകിയിരുന്ന ഉദ്യോഗസ്ഥനായതുകൊണ്ട് മാത്രം ആ ചികിത്സാസൗകര്യം ലഭിച്ചു. “ആസ്പത്രിന്നൊന്നും പറഞ്ഞാപ്പോരാ. അതൊരു സ്വർഗലോകാർന്നുത്രെ! ഒക്കേത്തിനും യന്ത്രങ്ങളാ. മരിച്ചോരെ ജീവിപ്പിക്കണ യന്ത്രം വരേണ്ട്. യൂറോപ്പിലെ വെള്ളക്കാർ വിചാരിച്ചാ എന്തു കാര്യാ നടക്കാത്തത്?” എച്ചുവമ്മ തന്റെ കേട്ടറിവുകൾ പറയും. എച്ചുവമ്മ ജനിച്ചകാലത്ത് ലോകമെങ്ങും യുദ്ധമായിരുന്നു. യുദ്ധം കോലാലംപൂരിലേക്കും എത്തുമെന്നായപ്പോൾ പരമേശ്വരക്കൈമൾ ഭാര്യ കുഞ്ഞിക്കുട്ടിയേയും കുഞ്ഞിനേയും നാട്ടിലേക്കയച്ചു. സഹായിയായി തന്റെ പേഴ്സണൽ ശിപായി കരുമാത്രക്കാരൻ ഒരു കുട്ടികൃഷ്ണമേനോനെയാണ് അയച്ചത്. സംഭവിച്ചതെന്തെന്നാൽ നീണ്ടകാലത്തെ കപ്പൽയാത്രയിൽ കുഞ്ഞിക്കുട്ടിയും കുട്ടികൃഷ്ണമേനോനും തമ്മിൽ പ്രണയത്തിലായി. നാട്ടിലെത്തി അവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങി. പിന്നീട് രണ്ടുവർഷങ്ങൾക്ക് ശേഷമാണ് പരമേശ്വരക്കൈമൾ നാട്ടിലേക്ക് വരുന്നത്. അപ്പോഴേക്കും കുട്ടികൃഷ്ണമേനോന് കുഞ്ഞിക്കുട്ടിയമ്മയിൽ ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. തന്റെ മാന്യതയും മര്യാദയും പുലർത്തിക്കൊണ്ട് പരമേശ്വരക്കൈമൾ നെല്ലുവായിൽ ചെന്ന് ഭാര്യയെ കണ്ടു. വീണ്ടും ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ആൺകുഞ്ഞിനെ മകനായി വളർത്താമെന്നും അറിയിച്ചു. പക്ഷേ അവർ സന്നദ്ധയായില്ല. കൈമൾ തന്റെ മകളെ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. “രാജകുമാരീടന്ത്യാണ് എന്റച്ഛൻ എന്നെ പിന്നെ വളർത്തീത്. എന്നെ സംസ്കൃതം പഠിപ്പിക്കാൻ എടക്കരത്തുന്ന് ഒരു വാര്യരെ വീട്ടിൽ വരുത്തീർന്നു. പാട്ടും കൈകൊട്ടിക്കളിം പഠിപ്പിക്കാൻ ആനപ്പാറേന്ന് ഒരു എളോർമ്മേം വന്നേർന്നു. ഇംഗ്ലീഷ് പറഞ്ഞു തന്നേർന്നത് തൊപ്പിവെച്ച ഒരു നാട്ടുസായ്പാണ്. പാപ്പാളീന്ന് പറയും. പറഞ്ഞട്ടെന്താ? പഠിപ്പിക്കണത് വല്ലതും എന്റ തലേൽ കേറണ്ടേ? “അന്ന് ദെച്ചു ഇവടെണ്ട്. അവൾടച്ഛൻ ഇത്തിക്കാട്ട് മനക്കലെ ഒരു നമ്പൂര്യാ. ന്ന്വച്ചാൽ ഒരിക്കെ വന്നുപോയി. ഒരു കുട്ടിണ്ടായി. അത്രെന്നെ.
ആൾ പിന്നെ വരലൊന്നുല്യ. തിരുമാന്ധാംകുന്നിൽ മേൽശാന്ത്യായിട്ടുണ്ടാർന്നൂന്ന് കേട്ടട്ടുണ്ട്. ആൾക്കിതൊന്നും ഓർമീണ്ടാവെന്നില്യ. ഇവൾടെ അമ്മ എന്റെ ഭഗീരഥിയമ്മായി പാവം. അതിനൂണ്ടാർന്നു ചെറിയൊരു നൊസ്സ്. ഇതൂട്ട് എപ്പഴും മൗനാണ്. “എന്റെ അച്ഛൻ പിന്നേം കോലാലംപൂരിലിക്ക് പോയല്ലോ. അപ്പഴയക്കും യുദ്ധം മുറുകി. അച്ഛനെപ്പറ്റി ഒരു വിവരോല്യ. കത്തും പണോം വരാണ്ടായി. കാര്യങ്ങളൊക്കെ പിന്നേം അവതാളത്തിലായി. പാട്ടംവരവ് നെലച്ചേർന്നു. ഇരിക്കണ പറമ്പിൽ കടക്കാർ വന്നു മേഞ്ഞു. വേറെ വരുമാനൊന്നൂല്യല്ലോ. ആരുക്കും പണീടുത്ത് ശീലല്യ. അതിനുമേൽക്ക് യുദ്ധത്തിന്റെ ക്ഷാമം. പട്ടിണികെടന്ന ദിവസങ്ങളുണ്ട്. പട്ടിണീടെ കൂടെപ്പെറപ്പാണല്ലോ കന്നംകടി. അതുണ്ടായി. ഇവൾ ദെച്ചു ആരു പറഞ്ഞാലും കേക്കില്ല. പാടത്തിനക്കരെ കരുവാന്റെ വീട്ടിൽ പോയി ചോറ് ചോദിച്ചുമേടിച്ച് ഉണ്ണും. തിരിച്ചുവരുമ്പൊ അമ്മാമേടെവക തല്ല്. നെലോളി. ഒരൂസം ഇവൾ പൊറപ്പെട്ട് പോയി. “എവിടെക്കാന്ന് ആരുക്കാ നിശ്ശം? പതിമൂന്ന് വയസ്സാണ്. ചെലർ വന്നു പറഞ്ഞു. പൂരപ്പറമ്പിൽ കണ്ടൂന്ന്. തീവണ്ടിയാപ്പീസിൽ കെടക്കണു. ഓവുപാലത്തിന്റടീൽ ഒരു മാപ്ലച്ചെക്കന്റെ കൂടെ കണ്ടൂന്ന് പറഞ്ഞു. വടക്കേച്ചെറേരെ മേക്കരെ ബീഡി വലിച്ച് നടക്കണു. എട്ടുമാസം കഴിഞ്ഞപ്പൊ വയറും വീർപ്പിച്ചിട്ടാണ് കേറി വരണത്. ഒരു വീർത്ത വയറു മാത്രം നടന്നു വര്വാന്നാ തോന്ന്വാ. പിന്ന്യൊക്കെ എല്ലും തോലും. മുഷിഞ്ഞ് നാറി കീറിയ കുറേ തുണികൾ മേത്ത് അരങ്ങു പോലെ ഞാത്തി ഇട്ടട്ടുണ്ട്. “ഇനിക്കറിഞ്ഞൂടാട്ടോ പിന്നെന്തൊക്ക്യാണ്ടായേന്ന്. ഇവൾ പെറ്റതും കുട്ടി മരിച്ചതും. പേറ്റുമുറീന്ന് ഒരു തുണിപ്പൊതി പൊറത്തിക്ക് എടുത്തു കൊടുത്തിട്ട് അമ്മാമൻ മൊളയമ്മാരോട് പറഞ്ഞു: “കൊണ്ടോയി എവടെങ്കിലും കുഴിച്ചിട്വാ. താഴ്ത്തി കുഴിച്ചിടണം. നായ മാന്തരുത്.” പിന്നെ യുദ്ധം കഴിഞ്ഞ് പരമേശ്വരക്കൈമൾ വന്ന ശേഷമാണ് വീടിന്റെയും കുടിയിരിപ്പിന്റെയും കടംതീർത്തത്. കൈവിട്ട വസ്തു തിരിച്ച് തീറെടുക്കേണ്ടി വന്നു. ആ വരവിലാണ് അദ്ദേഹം വാദ്യക്കുടം നടക്കൽ ഇന്നു കാണുന്ന വലിയ കൽവിളക്ക് പണിയിച്ച് നൽകിയത്. “അവടെ ചെന്ന് നോക്ക്യാൽ കാണാം അതുമ്മൽ കൊത്തി എഴുതീട്ടുണ്ട്. മേനാശ്ശേരി മഠം ഇച്ചിരിയമ്മ പരമേശ്വരക്കൈമൾ വകാന്ന്. അക്കൊല്ലത്തെ ശിവരാത്രി കഴിഞ്ഞ് പിറ്റേന്ന് മടങ്ങീതാണ് അച്ഛൻ. കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് മുത്തം തന്നട്ടാണ് അന്ന് പടികടന്നത്. ഞാൻ ആശ്ചര്യപ്പെട്ടു. അങ്ങനെ ഒരു പതിവില്ലല്ലോ. ആളൊരു ഗൗരവക്കാരനല്ലേ? അന്ന് എന്നോട് ചോയ്ച്ചു: “നെനക്ക് നെല്ലുവായിലു പോയി നിന്റെ അമ്മേടടുത്ത് നിക്കാൻ ആഗ്രഹണ്ടോ? ഞാൻ കൊണ്ടാക്കാം.” ഞാൻ പറഞ്ഞു: വേണ്ട. ഇനിക്കിവടെ മേനാശ്ശേരില് തന്നെ നിന്നാ മതി.” “ആർക്കറിയാനാവും മനുഷ്യമനസ്സിലെ വിചാരങ്ങൾ? ഒന്നും നമ്മൾടെ വരുതീലല്ലല്ലോ. എല്ലാം നിശ്ചയിക്കപ്പെട്ടിരിക്കല്ലേ? അതിലപ്പറം മനുഷ്യർക്ക് പൂവ്വാൻ പറ്റില്ലല്ലോ. അച്ഛന്റെ അവസാനത്തെ യാത്രയാണ് അതെന്ന് തീരുമാനിക്കപ്പെട്ടിരുന്നു. കപ്പലിൽ വെച്ച് ആത്മഹത്യ ചെയ്തുന്നാണ് പറയണ്. ശരീരം കടലിൽ കെട്ടിത്താഴ്ത്തി. അതാത്രെ രീതി. ഒരു കൊല്ലം കഴിഞ്ഞിട്ടാ പെട്ടീം സാമാനങ്ങളും ഇവിടെ എത്തിയത്.” ഗൗതം ജനിച്ചശേഷം വാദ്യക്കുടത്തെ ജീവിതാന്തരീക്ഷം പാടെ മാറി. മേഴ്സിക്കും കബീറിനും ചെറിയമുറിയിലെ തടവ് വിട്ട് പുറത്തിറങ്ങാമെന്നായി. കളപ്പുരയിൽ മുറിക്ക് പുറത്ത് തുറസ്സായ സ്ഥലങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഉപയോഗിക്കാൻ അനുവാദം ലഭിച്ചു. കബീർ അവിടെ മേശയും കസേരയും മറ്റ് മരസാമാനങ്ങളും വാങ്ങിയിട്ടു. എച്ചുവമ്മയോട് അനുവാദം വാങ്ങിച്ച് കളപ്പുരമുറിക്ക് ഒരു ജനൽപണിതു.
ചിത്രീകരണം: സുനിൽ അശോകപുരം മേൽക്കൂരയിലെ പൊട്ടിയ ഓടുകൾ മാറ്റി. വാദ്യക്കുടത്തെ പാനപ്പറയുടെ സമയത്ത് ചുമരുകൾ വെള്ളവലിച്ചു.
പറയെടുപ്പിന്റെ സമയത്താണ് ആ പ്രദേശത്ത് ഒരാളനക്കം ഉണ്ടാകുന്നത്. ഗൗതം നടന്നുതുടങ്ങിയ കൊല്ലം അവനാണ് വീട്ടിലെ പറ നിറയ്ക്കുന്നതെന്ന് എച്ചുവമ്മ പ്രഖ്യാപിച്ചു. ആശുപത്രിയിൽ മേഴ്സി പ്രസവിച്ചു കിടക്കുമ്പോൾ നേർന്ന വഴിപാടാണത്രെ.
“അതുവേണോ എച്ച്വമ്മേ? നാട്ടുകാർ വന്ന് എന്തെങ്കിലും പ്രശ്നണ്ടാക്ക്യാലോ?”
കബീർ ചോദിച്ചു.
ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റെയും മകൻ ഭഗവതിക്ക് പറ നിറയ്യ്ക്കുന്നത് പുറത്തറിഞ്ഞാൽ ആളുകൾക്കിടയിൽ അസ്വാസ്ഥ്യം ഉണ്ടാകുമോ എന്ന് അയാൾ ശരിക്കും ഭയന്നു. പൊള്ളുന്ന വിഷയമാണ്. പല വാർത്തകളും കേൾക്കുന്നുണ്ടല്ലോ. അവിശ്വാസിയും യുക്തിവാദിയുമൊക്കെ ആണെങ്കിലും താൻ മൂലം മതക്കുഴപ്പം ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു.
പക്ഷേ എച്ചുവമ്മ ഒരിഞ്ചും വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“ഭഗവതിക്ക് കൊടുത്ത വാക്ക് ഇനിക്ക് ലംഘിക്കാൻ പറ്റില്ല. ഞാൻ വഴിപാട് നേർന്നപ്പഴാ ടീച്ചർക്ക് രക്തംപോക്ക് നിന്നത്. അതെനിക്ക് നല്ല നിശ്ചയണ്ട്. ദേവി കോപിച്ചാലുണ്ടല്ലോ. കുടുമ്മം കൊളംതോണ്ടും. കൊടുങ്ങല്ലൂർ ഭഗവതിക്കിണ്ടാവില്ല ഇത്രയ്ക്കും ഊറ്റം. ഏതാൾക്കാരാ കൊഴപ്പണ്ടാക്കാൻ വര്വാന്ന് ഇനിക്കൊന്ന് അറിയണല്ലോ. നാട്ടുകാർ നോക്കാനും നടത്താനും ഇല്ലാണ്ടായപ്പഴാണ് മേനാശ്ശേരിക്കൈമൾ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഞങ്ങടെ കുടുംബം എല്ലാം നഷ്ടപ്പെട്ട് കുത്തുപാള എടുത്തത് അമ്പലത്തിലിക്ക് കുതിരവേല നടത്തീട്ടാ. അന്ന് നാട്ടുകാർക്ക് വെളമ്പിക്കൊടുത്ത മുതിരപ്പുഴുക്കിന്റെ ഒരംശം കിട്ട്യേർന്നെങ്കിൽ വെശപ്പ് മാറി കെടന്നൊറങ്ങാർന്നൂന്ന് ഞാൻ ആശിച്ചട്ടുണ്ട്, അറിയോ? പിന്നെ ഈ വീട്ടിലെ കാര്യം. ഇവടെ ഇപ്പൊ ഞാൻ പറയുന്നതാ ന്യായം. കുഞ്ഞൂട്ടൻ തന്നെ പറ നെറയക്കും.”
ഗൗതം എന്ന കുഞ്ഞുട്ടൻ കുളിച്ച് ചന്ദനം തൊട്ട് ചെറിയൊരു കസവുമുണ്ടുടുത്ത് കാത്തുനിന്നു. പക്ഷേ തുള്ളിവന്ന വെളിച്ചപ്പാടിനെ കണ്ടപ്പോൾ ആൾ വാവിട്ടു കരഞ്ഞു. എച്ചുവമ്മ എടുത്ത് സമാധാനിപ്പിച്ചു:
“സാരല്യ. ഒന്നും ചെയ്യില്ലാട്ടോ? നമ്മുടെ ദേവ്യല്ലേ? അമ്മ. മുത്തശ്ശിമാരടെ അമ്മ്യാണ് ഇത്. കുട്ടീനെ കാണാൻ വന്നേക്കണതാണ്.”
പറ നിറച്ചശേഷം ദേവസ്വം കണക്കപ്പിള്ള റെസീറ്റ് ബുക്ക് നിവർത്തി ചോദിച്ചു:
“കുട്ടീടെ പേരു പറയൂ.”
എച്ചുവമ്മ പറഞ്ഞു:
“മേനാശ്ശേരി ഗൗതമക്കൈമള്.”
അയാൾ പറഞ്ഞു കൊണ്ടെഴുതി. പണം വാങ്ങിച്ചു.
ആ വീട്ടുപേരു തന്നെയാണ് അവനെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയത്:
ഗൗതം മേഴ്സി കബീർ മേനാശ്ശേരി .
(തുടരും)







0 comments