അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൽ മിൽമ തകർച്ചയിലേക്ക്; സബ്‌സിഡി കാലിത്തീറ്റ കിട്ടാനില്ല


പി അഭിഷേക്
Published on Oct 05, 2026, 12:30 AM | 1 min read
മലപ്പുറം: മിൽമയുടെ സബ്സിഡി കാലിത്തീറ്റ കിട്ടാതെ പ്രതിസന്ധിയിലായി മലബാറിലെ ക്ഷീരകർഷകർ. മിൽമ മലബാർ മേഖലാ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മലമ്പുഴയിലെ കാലിത്തീറ്റ നിർമാണ പ്ലാന്റിൽ ഉൽപ്പാദനം കുറഞ്ഞതാണ് കാരണം. പ്രതിദിനം 300 ടൺ ശേഷിയുള്ള പ്ലാന്റിൽ നിലവിൽ 150മുതൽ 200 ടൺവരെമാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ക്ഷാമത്തിന് കാരണമെന്നാണ് വിശദീകരണം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മിൽമ മലബാർ യൂണിയനെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാൻ ഇവർ മുന്നൊരുക്കം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.
സ്വകാര്യ കമ്പനികൾക്കുവേണ്ടിയാണ് മിൽമയെ തകർക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. മിൽമയുടെ കാലിത്തീറ്റ ഉൽപ്പാദനം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് ഈ വിപണി കൈയടക്കാനാകും. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഇതിന് ഒത്താശചെയ്യുന്നുവെന്നാണ് ആരോപണം. നേരത്തെ ക്ഷീരസംഘങ്ങൾക്ക് ബുക്ക്ചെയ്ത് നാല് ദിവസത്തിനകം കാലിത്തീറ്റ ലഭിച്ചിരുന്നു. ഇപ്പോൾ എട്ട് ദിവസമായിട്ടും കിട്ടുന്നില്ല.
50 കിലോയുടെ മിൽമ ഗോൾഡ് കാലിത്തീറ്റയ്ക്ക് 1350 രൂപയും മിൽമ വൈപ്രോയ്ക്ക് 1550 രൂപയുമാണ് വില. ഗോൾഡിന് 200 രൂപയും വൈപ്രോയ്ക്ക് 100 രൂപയും സബ്സിഡിയുണ്ട്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 1700ന് മുകളിലാണ് വില. മിൽമയുടെ ഗുണമേന്മയുള്ള കാലിത്തീറ്റ കിട്ടാതായതോടെ ഉയർന്നവില കൊടുത്ത് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കർഷകർ. 2022ന് ശേഷം കാലിത്തീറ്റയുടെ വില മിൽമ വർധിപ്പിച്ചിരുന്നില്ല. എന്നാൽ, നിലവിൽ ക്ഷാമത്തിന്റെ പേരുപറഞ്ഞ് കാലിത്തീറ്റയുടെ വിലവർധിപ്പിക്കുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.









0 comments