ചൂട് കൂടി: പാലുൽപ്പാദനം കുറഞ്ഞു


സി ജെ ഹരികുമാർ
Published on Mar 26, 2025, 09:33 AM | 2 min read
പത്തനംതിട്ട : കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയിൽ പാലുൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ്. 2024 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് രണ്ട് ലക്ഷത്തോളം ലിറ്ററിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കർഷകരുടെ എണ്ണത്തിലുണ്ടായ കുറവും പാലിന് ഉയർന്ന വില ലഭിക്കുന്നതിനാൽ സഹകരണ സൊസൈറ്റികളെ ഒഴിവാക്കി പുറത്ത് കൊടുക്കുന്നതുമാണ് പാൽ കുറയാൻ കാരണം. സാധാരണ വേനൽക്കാലത്തുണ്ടാകുന്ന കുറവിനേക്കാൾ കൂടുതൽ വ്യതിയാനം ഉണ്ടായിട്ടില്ലെന്നും കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും ക്ഷീര വികസനവകുപ്പ് നൽകുന്നുണ്ടെന്നും അസിസ്‌റ്റന്റ് ഡയറക്ടർ പറഞ്ഞു.
സാധാരണ ചൂട് കാലമായി വകുപ്പ് കണക്കാക്കുന്നത് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളാണ്. ഇത്തവണ ഫെബ്രുവരി മാസം മുതൽ ചൂട് കൂടുതലായിരുന്നു. അതിനാൽ നേരത്തെ തന്നെ വകുപ്പ് കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 2024 ഫെബ്രുവരി മാസം 12,23,403 ലിറ്റർ പാലാണ് സംഘങ്ങൾ മുഖേന അളന്നത്. ഈ വർഷം ഫെബ്രുവരി മാസം ഇത് 10,32,498 ലിറ്ററായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കർഷകരുടെ എണ്ണത്തിലും കുറവുണ്ടായതും പാലിന്റെ അളവിൽ കുറവിന് കാരണമായി. നിലവിൽ പ്രതിദിനം 36,874 ലിറ്ററാണ് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്നത്.
ചൂട് കൂടിയതോടെ യൂണിറ്റ് തലത്തിൽ സംഘം സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗങ്ങൾ മുഖേന കർഷകർക്ക് വേണ്ട നിർദേശങ്ങൾ വകുപ്പ് നൽകുന്നുണ്ട്. കൂടാതെ മെയ്, ജൂൺ മാസങ്ങളായി കർഷക സമ്പർക്ക പരിപാടികളും നടത്തും. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുകയാണെങ്കിലും ജില്ലയിൽ ഇതുവരെ പശുക്കൾക്ക് പ്രത്യേക അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത പശുക്കൾ ചത്താൽ കണ്ടിജൻസി ഫണ്ടിൽനിന്ന് ക്ഷീരവികസന വകുപ്പ് സഹായം നൽകുന്നുണ്ട്. 15,000 രൂപ വരെ ഇത്തരത്തിൽ സഹായം ലഭിക്കാം.
ചൂട് കുറയ്‌ക്കാൻ പലയടവുകൾ
തൊഴുത്തിന്റെ വശങ്ങളിൽ വാൾ ഫാൻ സ്ഥാപിക്കാം. കാറ്റ് കടന്നുവരുന്ന ഭാഗത്ത് വായുസഞ്ചാരത്തിന് തടസ്സം വരാത്ത രീതിയിൽ ചണച്ചാക്കോ, പഴയ കമ്പിളി പുതപ്പോ നനച്ച് തൂക്കിയിടാം. എക്സോസ്റ്റ് ഫാൻ, തുള്ളി നന/ സ്‌പ്രിങ്ക്‌ളർ എന്നിവ ഉപയോഗിച്ച് മേൽക്കൂര നനക്കുക, മേൽക്കൂരയിലേക്ക് പച്ചക്കറി പന്തൽ പടർത്തുക, മേൽക്കൂരമേൽ നനച്ച ചാക്കിടുക തുടങ്ങിയവ തൊഴുത്തിനുള്ളിലെ ചൂട് കുറക്കാൻ സഹായമാണ്. വായുസഞ്ചാരം പരമാവധി വർധിപ്പിക്കാൻ മേൽക്കൂര ഉയർത്തുക, ചുമരുകളുടെ ഉയരം കുറയ്ക്കുക എന്നിവ ചെയ്യണം.
കന്നുകാലികൾക്ക് 24 മണിക്കൂറും ശുദ്ധജലം നൽകണം
രാവിലെ 10 മുതൽ മൂന്നുവരെ വെയിൽ ഏൽക്കുന്ന തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക
ടാർപോളിന് കീഴിൽ പശുക്കളെ കെട്ടിയിടാതിരിക്കുക
അത്യുൽപ്പാദന ശേഷിയുള്ളതും കിതയ്‌ക്കുന്നതുമായ പശുക്കൾക്ക് മിസ്റ്റ് സ്പ്രേ ചെയ്യാനുള്ള സംവിധാനം ഒരുക്കുക
ശരീരത്തിൽ തുണിയോ ചണച്ചാക്കോ നനച്ച് തുടയ്‌ക്കുക
ലവണങ്ങളുടെ കുറവ് പരിഹരിക്കാൻ ധാതുലവണമിശ്രിതങ്ങളും വൈറ്റമിൻ -എയുടെ കുറവ് പരിഹരിക്കാൻ മീനെണ്ണയും നൽകാം
പച്ചപ്പുല്ലിന് പകരം വാഴയില, തെങ്ങോല ചീകിയത്, ചക്കമടൽ, പൈനാപ്പിളിന്റെ തണ്ട് മുതലായവ നൽകണം
പരുഷാഹാരങ്ങൾ ചൂട് കുറവുള്ള രാവിലെയോ രാത്രിയിലോ മാത്രം
കാലിത്തീറ്റ, പിണ്ണാക്ക് പോലുള്ള സാന്ദ്രതാഹാരങ്ങൾ പകൽസമയത്ത് നൽകുക
കർഷകരെ ആകർഷിക്കാൻ പദ്ധതി
ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാനും കൂടുതലാളുകളെ ആകർഷിക്കാനും ബാങ്ക് ഇന്ററെസ്‌റ്റ് സബ്‌വേർഷൻ സ്‌കീം സഹായിക്കുന്നുണ്ട്. ലോണെടുത്ത് കന്നുകാലികളെ വളർത്തുന്നവർ പലിശയും മുതലും കൃത്യമായടച്ചാൽ പലിശത്തുക സബ്‌സിഡിയായി നൽകുന്നതാണ് പദ്ധതി. മൂന്നുലക്ഷം രൂപ വരെ ഇത്തരത്തിൽ ലഭിക്കും. പദ്ധതിയനുസരിച്ച് നാലുപേർ ഈ വർഷം രജിസ്‌റ്റർ ചെയ്‌തു. കഴിഞ്ഞ തവണ ഇത് ഒരാളായിരുന്നു.











0 comments