ad
Deshabhimani

ഗൃഹനാഥന്റെ അഴുകിയ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കമെന്ന് പൊലീസ്

dead body
വെബ് ഡെസ്ക്

Published on Jul 27, 2026, 11:08 AM | 1 min read

കൊല്ലങ്കോട്: പാലക്കാട് ഗൃഹനാഥന്റെ അഴുകിയ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നനെ (57) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് ഏകദേശം രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർഥ മരണകാരണം കണ്ടെത്താൻ കഴിയുള്ളൂ.


ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കിടപ്പുമുറിയിലെ കട്ടിലിൽ അഴുകിയ നിലയിൽ പൊന്നന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ച് ഒരു ബന്ധു വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.


ഈ സമയത്തും മുറിയിലെ ഫാൻ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.വീടിന്റെ മുൻവാതിൽ എപ്പോഴും അടച്ചിടുന്ന പ്രകൃതക്കാരനായിരുന്നു പൊന്നൻ. പ്രധാനമായും പിൻവാതിലിലൂടെയായിരുന്നു പോക്കുവരവുകൾ. ഇടയ്ക്ക് വീടുപൂട്ടി പെൺമക്കളുടെ അടുത്തേക്ക് പോകാറുള്ളതിനാൽ പൊന്നനെ ദിവസങ്ങളോളം പുറത്തുകാണാത്തത് നാട്ടുകാരും കാര്യമാക്കിയിരുന്നില്ല.


എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും, വാമലയോട് ചേർന്ന പ്രദേശമായതിനാൽ കാട്ടുപന്നിയോ മറ്റോ ചത്തുകിടക്കുന്നതാകാമെന്നാണ് സമീപവാസികൾ കരുതിയത്. അസുഖത്തെ തുടർന്ന് പൊന്നന്റെ ഭാര്യ വസന്ത അടുത്തിടെ മരണപ്പെട്ടിരുന്നു.


മൂത്തമകൾ അശ്വതി ഭർതൃഗൃഹമായ പെരുവെമ്പിലാണ്. ഇളയമകൾ അപർണ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home