ഫെയർനെസ് ക്രീമിൽ ഉയർന്ന അളവിൽ മെർക്കുറി: 17കാരിക്ക് ഗുരുതര വൃക്കരോഗം, പരസ്യം ചെയ്തത് ഇന്‍ഫ്ലുവന്‍സേഴ്സ്

പ്രതീകാത്മകചിത്രം
മലപ്പുറം : മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് പരാതി. അരീക്കോട് സ്വദേശിയായ 17കാരി നിലവിൽ അരീക്കോട് ആസ്റ്റർ മിംസ് മദർ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിന്റെ ചികിത്സയിലാണെന്നും ആരോഗ്യനില മെച്ചപ്പെടുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ശരീരത്തിൽ നീരും കടുത്ത അസ്വസ്ഥതകളുമായാണ് 17കാരിയെ ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനകളിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തിൽ ഉയർന്നതായി കണ്ടെത്തി. മെർക്കുറി ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്താൻ നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. എസ് ഗൗരി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യവർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീം കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചു. ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാം വീഡിയോ വഴിയാണ് ഫെയർനെസ് ക്രീമിനെ കുറിച്ച് അറിഞ്ഞതെന്നും ക്രീം ഉപയോഗിച്ചതിലൂടെ രോഗം ബാധിച്ചതിൽ നിയമനടപടികളുമായി മുന്നോട്ട്‌പോവുമെന്നും പെൺകുട്ടി പറഞ്ഞു.
ഒരു വർഷമായി താൻ ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയവ അനുഭവപ്പെട്ടിരുന്നു. പിന്നീട് മുഖത്തും ശരീരത്തും നീരും ഓർമക്കുറവും മറ്റ് ശാരീരിക അവശതകളും നേരിട്ടതായി പെൺകുട്ടി പറഞ്ഞു. ഇൻഫ്ലുവൻസേഴ്സ് വ്യാപകമായി ഈ ക്രീം പ്രമോട്ട് ചെയ്തിരുന്നതായി പെൺകുട്ടി പറയുന്നു. തുടര്‍ന്നാണ് പെൺകുട്ടി ക്രീം വാങ്ങിയത്. ആദ്യം ഉപയോഗിച്ചപ്പോള്‍ നല്ലതാണെന്ന് തോന്നിയതിനെത്തുടര്‍ന്ന് പിന്നീടും വാങ്ങിയതായി പെൺകുട്ടി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ മൂന്ന് ക്രീം വാങ്ങി. പിന്നീടാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.








0 comments