Deshabhimani

ഇന്നറിയാം സിബിഎല്‍ ചാമ്പ്യനെ; അഷ്ടമുടിക്കായലില്‍ കലാശപ്പോരാട്ടം

aroma champions boat league
avatar
സ്വന്തം ലേഖകൻ

Published on Nov 21, 2026, 09:13 AM | 2 min read

കൊല്ലം : ​സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന്റെ ആവേശകരമായ കലാശപ്പോരാട്ടം ശനിയാഴ്ച കൊല്ലം അഷ്ടമുടിക്കായലില്‍ നടക്കും. മന്ത്രി പി സി വിഷ്ണുനാഥ് ഫൈനല്‍ മത്സരങ്ങള്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ബിന്ദുകൃഷ്ണ അധ്യക്ഷയാകും.


2019-ല്‍ ആരംഭിച്ച സിബിഎല്ലിൽ ആദ്യമായാണ് ഫൈനല്‍ മത്സരഫലം ചാമ്പ്യന്‍പട്ടം നിര്‍ണയിക്കുന്നത്. മുന്പത്തെ അഞ്ച് സീസണുകളിലും ഫൈനല്‍ പോരാട്ടത്തിനുമുന്പ്‌ പോയിന്റ്‌ നിലയിൽ ബഹുദൂരം മുന്നിലെത്തിയ ചുണ്ടൻ ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയിരുന്നു. എന്നാല്‍, ഇത്തവണ 10 മത്സരം പിന്നിടുമ്പോഴും കിരീടപ്പോരാട്ടം പ്രവചനാതീതമായി തുടരുകയാണ്. അഷ്ടമുടിക്കായലിലെ ഓളപ്പരപ്പില്‍ അവസാന തുഴയെറിയുമ്പോള്‍ മാത്രമേ ആറാം സീസണിലെ ജേതാക്കള്‍ ആരെന്നറിയൂ.

​

പുർത്തിയായത്‌ 10 മത്സരം


നിലവില്‍ 10 മത്സരം പൂര്‍ത്തിയായപ്പോള്‍ 91 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടം ചുണ്ടന്‍ ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടന്‍ രണ്ടാം സ്ഥാനത്തും 83 പോയിന്റുമായി യുബിസി കൈനകരി എഫ്സി തുഴയുന്ന വീയപുരം ചുണ്ടന്‍ മൂന്നാം സ്ഥാനത്തുമാണ്.

​

വിജയത്തിന്‌ മൈക്രോ സെക്കന്‍ഡുകൾ


ആദ്യ മത്സരം മുതല്‍ പത്താം വേദിയായ കായംകുളം വരെ മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിജയികളെ നിശ്ചയിച്ച ആവേശകരമായ ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് ആറാം സീസണ്‍ സാക്ഷ്യം വഹിച്ചത്. കരുവാറ്റയില്‍ നടന്ന ഉദ്ഘാടന മത്സരത്തിലും കല്ലടയിലെ രണ്ടാം പോരാട്ടത്തിലും അവസാന ലാപ്പിലെ അവിശ്വസനീയ കുതിപ്പിലൂടെ അരോമ ചുണ്ടന്‍ ജേതാക്കളായപ്പോള്‍ പാണ്ടനാട് മിത്രമഠം നെട്ടായത്തില്‍ 180 മൈക്രോ സെക്കന്‍ഡുകള്‍ക്കും കൊച്ചി മറൈന്‍ ഡ്രൈവില്‍ കേവലം എട്ട് മൈക്രോ സെക്കന്‍ഡുകള്‍ക്കും അരോമയെയും വീയപുരത്തെയും പിന്തള്ളി മേല്‍പ്പാടം ചുണ്ടന്‍ വിജയകിരീടമണിഞ്ഞു.


കോട്ടപ്പുറത്തും പിറവത്തും വിജയക്കുതിപ്പ് തുടര്‍ന്ന മേല്‍പ്പാടത്തിനെ താഴത്തങ്ങാടിയില്‍ അവസാന നൂറു മീറ്ററിലെ തുഴവേഗത്തിലൂടെ അരോമ ചുണ്ടന്‍ മറികടന്നു. തുടര്‍ന്ന് പുളിങ്കുന്നില്‍ ഫൈനല്‍ ലാപ്പ് വരെ മൂന്നാം സ്ഥാനത്തായിരുന്ന അരോമ ദശാംശം 530 മില്ലിസെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വീയപുരത്തെയും മേല്‍പ്പാടത്തെയും അട്ടിമറിച്ച് ഒന്നാമതെത്തിയത് സീസണിലെ ഏറ്റവും ആവേശകരമായ മുഹൂര്‍ത്തങ്ങളിലൊന്നായി മാറി. എന്നാല്‍, ഒന്പതാം വേദിയായ കൈനകരിയിലും പത്താം വേദിയായ കായംകുളത്തും അവസാന 200 മീറ്ററിലെ തകര്‍പ്പന്‍ തുഴച്ചിലിലൂടെ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ നേടി വീയപുരം ചുണ്ടന്‍ കിരീടപ്പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്തിയതോടെയാണ് ഫൈനല്‍ മത്സരം നിര്‍ണായകമായത്.

​

ചാമ്പ്യനെ കാത്ത്‌ 25 ലക്ഷം


ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബ്ബിന് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബ്ബിന് 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ഇതിനുപുറമെ ഓരോ മത്സരവേദികളിലെയും വിജയികള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്നുലക്ഷം, ഒരു ലക്ഷം രൂപ വീതവും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ബോണസായി നാലുലക്ഷം രൂപ വീതവും ടൂറിസം വകുപ്പ് നല്‍കുന്നുണ്ട്. സിബിഎല്‍ ഫൈനലിനോടനുബന്ധിച്ച് ഇരുട്ടുകുത്തി, തെക്കനോടി, വെപ്പ് തുടങ്ങിയ പ്രാദേശിക ചെറുവള്ളങ്ങളുടെ ആവേശകരമായ മത്സരങ്ങളും അഷ്ടമുടിക്കായലില്‍ അരങ്ങേറും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home