മെഡിസെപ് തുടരും ; വിദഗ്‌ധസമിതി റിപ്പോർട്ട് ഉടൻ

ഒ വി സുരേഷ്
Published on May 15, 2025, 02:54 AM | 1 min read
തിരുവനന്തപുരം
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടത്തിപ്പിനെക്കുറിച്ച് പഠിക്കാൻ ധനവകുപ്പ് നിശ്ചയിച്ച വിദഗ്‌ധസമിതി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. നിലവിലുള്ള പദ്ധതി ജൂൺ 30ന് കാലാവധിയാവുകയാണ്. രാജ്യത്താദ്യമായി സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസാണ് മെഡിസെപ്. മൂന്നു വർഷം പൂർത്തിയായശേഷവും തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപ് നടത്തുന്നത്. മൂന്നുവർഷ കാലയളവിൽ 2022 ജൂലൈ ഒന്നിനാണ് പദ്ധതി തുടങ്ങിയത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂൺ 30ന് അവസാനിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും ആകർഷമായ പാക്കേജാണെങ്കിലും ചില അപാകതകൾ ജീവനക്കാർ ചുണ്ടിക്കാണിച്ചിരുന്നു. അതിനാലാണ് പദ്ധതി തുടരുകയാണെങ്കിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിക്കാൻ ആറംഗ വിദഗ്‌ധസമിതിയെ നിശ്ചയിച്ചിരുന്നത്. നിലവിൽ 500 രൂപയാണ് മാസം പ്രീമിയം. മൂന്നു ലക്ഷമായിരുന്നു കവറേജ്.
പദ്ധതി തുടരുന്നതിനെക്കുറിച്ച് സർക്കാർ ജീവനക്കാരുടെ സംഘടനകളുമായും ചർച്ച നടത്തിയിരുന്നു. തുടരണമെന്നും ആനുകൂല്യങ്ങളിൽ വർധനവുണ്ടാകണമെന്നും കൂടുതൽ ആശുപത്രികളിൽ ചികിത്സാസൗകര്യം വേണമെന്നതുമായിരുന്നു പ്രധാന ആവശ്യം. ആനുകൂല്യങ്ങൾ കൂട്ടുമ്പോൾ പ്രീമിയം ഉയർത്തേണ്ടിവരുമെന്ന വാദം ഉയർന്നു. ഉയർന്ന പ്രീമിയം അടക്കുന്നവർക്ക് കൂടുതൽ കവറേജെന്ന നിർദേശവും ഉയർന്നു. നിർദേശങ്ങളും ആവശ്യങ്ങളും പഠിക്കാനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള ശുപാർശ സമർപ്പിക്കുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്. റിപ്പോർട്ട് അന്തിമമാക്കുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.










0 comments